20 August Tuesday

വീട്ടുപകരണങ്ങൾ വാങ്ങാൻ 1,65,827 വീട്ടിൽ കുടുംബശ്രീ തണൽ ; ഒമ്പതുശതമാനം പലിശ സർക്കാർ നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019


സ്വന്തം ലേഖകൻ
പ്രളയാനന്തര കേരള പുനർനിർമിതിയുടെ ഭാഗമായി 1,65,827 കുടുംബത്തിന‌് കുടുംബശ്രീ 1397.41 കോടി രൂപയുടെ പലിശരഹിത വായ‌്പ ലഭ്യമാക്കി. പ്രളയത്തെ തുടർന്ന‌് ജീവിതവും ജീവനോപാധികളും നഷ്ടമായവർക്കായി ഏർപ്പെടുത്തിയ ഗാർഹിക വായ‌്പാ പദ്ധതിയിലാണ‌് ഇത്രയും കുടുംബത്തിന‌് കുടുംബശ്രീ കൈത്താങ്ങായത‌്.  കുടുംബത്തിന‌് പരമാവധി ഒരു ലക്ഷംരൂപയാണ‌് നൽകുന്നത‌്. വായ‌്പാതുകയ‌്ക്കുള്ള പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന‌് നൽകും. ഒമ്പത‌ുശതമാനമാണ‌് പലിശ.

പ്രളയബാധിത സ്ഥലത്തെ 24,778 അയൽക്കൂട്ടം വഴിയാണ‌് വായ‌്പ ലഭ്യമാക്കിയത‌്. കുടുംബശ്രീ അംഗങ്ങളല്ലാത്തവരെ പദ്ധതിയിൽ ഉൾപ്പെടുത്താൻ 3000 അയൽക്കൂട്ടം രൂപീകരിച്ച‌് 29,000 കുടുംബത്തിന‌് സഹായം നൽകി. തിരിച്ചടവിന‌് ഒമ്പത‌ു മാസം മൊറട്ടോറിയവും അനുവദിച്ചു. ജൂണോടെ തിരിച്ചടവ‌് തുടങ്ങി. എറണാകുളം ജില്ലയിലാണ‌് കൂടുതൽ കുടുംബത്തിന‌് വായ‌്പ ലഭിച്ചത‌്–-49,756.  ആലപ്പുഴയിൽ 40,638 കുടുംബത്തിന‌് സഹായം ലഭിച്ചു. കണ്ണൂരിലാണ‌് കുറവ‌്–-22. 

പ്രളയക്കെടുതി കാരണം വീട്ടുപകരണങ്ങൾ നശിച്ചവർക്ക‌് അവ വാങ്ങാനാണ‌്  വായ‌്പ നൽകുന്നത‌്. ഇതിന‌ു കുടുംബശ്രീയ‌്ക്ക‌്  ചുമതല നൽകി. അർഹരുടെ പട്ടിക താലൂക്ക‌് ഓഫീസുകളിൽനിന്ന‌് ശേഖരിച്ച‌് പരിശോധിച്ചശേഷം അയൽക്കൂട്ടത്തിന്റെ തീരുമാനപ്രകാരമാണ‌് വായ‌്പ ലഭ്യമാക്കിയത‌്. ഇതിന‌് ബാങ്കുകള‌ുടെ കൺസോർഷ്യം രൂപീകരിച്ചിരുന്നു. കൃത്യമായ തിരിച്ചടവ‌് അയൽക്കൂട്ടം ഉറപ്പുവരുത്തുന്നുണ്ട‌്. പലിശത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന‌് കുടുംബശ്രീക്ക‌് കൈമാറി അവ അയൽക്കൂട്ടംവഴി ഗുണഭോക്താക്കൾക്ക‌്  ലഭ്യമാക്കുകയാണ‌്.

  കേരള പുനർനിർമിതിയുടെ ഭാഗമായി 421.45 കോടി രൂപയുടെ ഉപജീവനപദ്ധതിയും ആസൂത്രണ ബോർഡ‌് അംഗീകരിച്ച 75 കോടി രൂപയുടെ രണ്ട‌ു പദ്ധതിയുംകൂടി കുടുംബശ്രീ നടപ്പാക്കുന്നുണ്ട‌്.


പ്രധാന വാർത്തകൾ
 Top