25 August Sunday

വ്യവസായ വകുപ്പിലെ സേവനങ്ങള്‍ ഏകജാലകമാക്കും: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019


കൊച്ചി
വ്യവസായ വകുപ്പിലെ മുഴുവൻ സേവനങ്ങളും ഏകജാലകമാക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. വ്യവസായ, വാണിജ്യ വകുപ്പ് സംഘടിപ്പിച്ച വ്യവസായ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ സംരംഭകർക്ക് സഹായകരമാകുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങൾ ഏകജാലകമാക്കുന്നത്. ഓഫീസുകളിൽ കയറിയിറങ്ങുന്നതു മൂലമുള്ള കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇല്ലാതാകും. ലൈസൻസിന‌് അപേക്ഷ നൽകിയാൽ ഒരു മാസത്തിനുള്ളിൽ നൽകും.  കാലതാമസത്തിന് ബന്ധപ്പെട്ട വകുപ്പുകൾ മറുപടി പറയേണ്ടിവരും. സംരംഭകരുടെ സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരമായി ഒറ്റത്തവണ തീർപ്പാക്കൽ ഏർപ്പെടുത്തും. വ്യവസായങ്ങൾക്ക് പൂർണ സംരക്ഷണം നൽകുകയാണ് സർക്കാർ നയം–- മന്ത്രി പറഞ്ഞു.

ജില്ലയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാകാതെകിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ 122 പരാതികൾ പരിഹരിച്ച് രേഖകൾ കൈമാറി. 17 പരാതികൾ പുതുതായി മന്ത്രിക്ക് നേരിട്ടു നൽകി. ഇതടക്കം 105 പരാതികൾ തുടർ നടപടിക്കായി മാറ്റി. ഇതിൽ 25 പരാതികൾ വ്യവസായം തുടങ്ങുന്ന ഭൂമിയുമായി ബന്ധപ്പെട്ടതാണ്. ഇത‌് രണ്ടു മാസത്തിനുള്ളിൽ തീരുമാനമാക്കുമെന്ന് മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെ ജപ്തി നടപടികളുടെ പേരിലുള്ള ആറു പരാതികളും ലഭിച്ചു. വ്യവസായ ഡയറക്ടർ കെ ബിജു അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top