22 August Thursday
ശബരിമല

വനം വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചെന്ന വാർത്ത വ്യാജം: -മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019


ശബരിമല തീർഥാടകരുടെ ശരണമന്ത്രജപം ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായി വനം വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചെന്ന വാർത്ത വ്യാജമാണെന്ന‌് മന്ത്രി കെ രാജു അറിയിച്ചു. സർക്കാരിനെയും വനം വകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്ത് വർഗീയപ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണോ ഇതിന‌ു പിന്നിലെന്ന് സംശയമുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വനം വകുപ്പ് ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കുകയോ കേന്ദ്ര സർക്കാരിനോ ഏതെങ്കിലും ഏജൻസികൾക്കോ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.   ഇത‌ു സംബന്ധിച്ച് വ്യക്തമായ അന്വേഷണത്തിനുശേഷം വാർത്ത വ്യാജമാണെന്ന് മാധ്യമങ്ങൾക്ക് അറിയിപ്പ് നൽകിയതാണ‌്. എന്നിട്ടും വനം വകുപ്പിന്റേതെന്ന വ്യാജേന ഒരു റിപ്പോർട്ടിന്റെ പകർപ്പു സഹിതം മന്ത്രിയുടെ വാദം തെറ്റെന്ന് ഒരു പത്രം വാർത്ത പ്രസിദ്ധീകരിച്ചു.

പോണ്ടിച്ചേരി സർവകലാശാലയിൽ 2014ൽ ഒരു ഗവേഷക വിദ്യാർഥി “പെരിയാർ ടൈഗർ റിസർവിലെ ഇക്കോ ടൂറിസം’ എന്നപേരിൽ  സമർപ്പിച്ച പ്രബന്ധത്തിൽനിന്ന് അടർത്തിയെടുത്ത പേജാണ് വനം വകുപ്പിന്റെ റിപ്പോർട്ട് എന്ന  വ്യാജേന വാർത്തയ്ക്ക് അനുബന്ധമായി ചേർത്തത്. സമൂഹമാധ്യമങ്ങളിൽ ഈ വാർത്തകളെ കൂട്ടുപിടിച്ച് നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ശക്തമായ നടപടി  സ്വീകരിക്കും–-  മന്ത്രി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top