16 February Saturday

അഭിമന്യു വധം: വർഗീയവാദികളെ താലോലിച്ച‌് കോൺഗ്രസ‌്

പ്രത്യേക ലേഖകൻUpdated: Monday Jul 9, 2018

തിരുവനന്തപുരം

എസ‌്എഫ‌്ഐ‌ നേതാവ‌് അഭിമന്യുവിനെ വർഗീയവാദികൾ നിഷ‌്ഠുരമായി കൊലപ്പെടുത്തിയിട്ടും കോൺഗ്രസ‌് നേതൃത്വം മൗനം പാലിച്ച‌് വർഗീയവാദികളെ താലോലിക്കുന്നു.  സംഭവവുമായി ബന്ധപ്പെട്ട‌് ഇതുവരെ പ്രതികരിച്ചത‌് കോൺഗ്രസ‌് നേതാവ‌് എ കെ ആന്റണിയാണ‌്. ആന്റണിയാകട്ടെ കൊലപാതകികളെ തള്ളിപ്പറയാതെ എസ‌്എഫ‌്ഐക്കാർ അക്രമകാരികളാണെന്നുപറഞ്ഞ‌് അരുംകൊലയെ പരോക്ഷമായി ന്യായീകരിക്കാനാണ‌് ശ്രമിച്ചതും.

കൊല്ലപ്പെട്ടത‌് കോളേജിനകത്തോ പുറത്തോ ഉണ്ടായ  നേരിയ രാഷ്ട്രീയസംഘർഷത്തിന്റെ പേരിൽ പോലുമായിരുന്നില്ല. വർഗീയതയ‌്ക്കെതിരെ എന്ന‌് എഴുതിയെന്ന കുറ്റം ആരോപിച്ചാണ‌്  കൊലക്കത്തിക്കിരയാക്കിയത‌്. മറ്റൊരു വിദ്യാർഥി പ്രവർത്തകൻ മരണത്തെ മല്ലടിച്ച‌് ആശുപത്രിക്കിടക്കയിലാണ‌്. തീവ്രവാദികളുടെ ഈ പൈശാചികതയ‌്ക്കെതിരെ നാടെങ്ങും രോഷവും ദുഃഖവും അണപൊട്ടുകയാണ‌്. എന്നാൽ,  കോൺഗ്രസ‌് നേതാക്കൾ അതൊക്കെ കണ്ടില്ലെന്ന‌് നടിക്കുകയാണ‌്. എറണാകുളം മഹാരാജാസ‌് കോളേജിലെ കെഎസ‌്‌യു പ്രവർത്തകരിൽ ഒരു വിഭാഗം കാണിച്ച സത്യസന്ധതപോലും ഈ വിഷയത്തിൽ നേതാക്കൾ കാണിക്കുന്നില്ല.

ക്യാമ്പസിന്റെ പ്രിയപ്പെട്ട വിദ്യാർഥിപ്രവർത്തകൻ, ഇതര വിദ്യാർഥിസംഘടനാ പ്രവർത്തകരുമായി സൗഹൃദബന്ധം പുലർത്തുന്ന സംഘടനാപ്രവർത്തകൻ തുടങ്ങിയ വിശേഷണങ്ങളാണ‌് അഭിമന്യുവിന‌് മഹാരാജാസിലെ കെഎസ‌്‌യു പ്രവർത്തകർ നൽകിയത‌്. എന്നിട്ടുപോലും ഈ കൊലപാതകത്തെ പേരിനെങ്കിലും അപലപിക്കാൻ കോൺഗ്രസ‌് നേതൃത്വം തയ്യാറായിട്ടില്ല.

എസ‌്ഡിപിഐ ഉൾപ്പെടെയുള്ള മുസ്ലിം തീവ്രവാദസംഘടനകളോട‌് മാത്രമല്ല, ഹിന്ദു വർഗീയവാദികളോടും ഇതേ പ്രീണന നയമാണ‌് കോൺഗ്രസ‌് സ്വീകരിക്കുന്നത‌്. ഹിന്ദു വർഗീയവാദികൾ അക്രമം നടത്തിയാലും അതിനെ പൊതുവൽക്കരിച്ച‌്  സിപിഐ എമ്മിനെയും ഇടതുപക്ഷപ്രസ്ഥാനങ്ങളെയും ആക്ഷേപിക്കാനാണ‌് കോൺഗ്രസ‌് ശ്രമിച്ചുകൊണ്ടിരിക്കുന്നത‌്. അതേ നയമാണ‌് ഇപ്പോൾ എസ‌്ഡിപിഐ നടത്തിയ ഈ കൊലപാതകത്തിലും സ്വീകരിച്ചത‌്.

എസ‌്എഫ‌്ഐ രൂപീകൃതമായശേഷം 33 ഉശിരരായ പ്രവർത്തകരെയും നേതാക്കളെയുമാണ‌് ശത്രുക്കൾ കൊന്നൊടുക്കിയത‌്. ഒരിടത്തുപോലും എസ‌്എഫ‌്ഐക്കാർ ഇതര വിദ്യാർഥിപ്രവർത്തകരെ കൊലപ്പെടുത്തിയില്ല. അതേസമയം, പരുമല പമ്പ കോളേജിൽ മൂന്ന‌് വിദ്യാർഥികൾ ആറ്റിൽ വീണ‌് മരിച്ച സംഭവത്തിൽ എസ‌്എഫ‌്ഐക്കെതിരെ വർഗീയവാദികൾ പ്രചാരണം നടത്തിയപ്പോൾ അതിനെ പിന്തുണച്ച‌് വാതോരാതെ പ്രസംഗിച്ച‌് നടന്നവരാണ‌് കോൺഗ്രസ‌് നേതാക്കൾ. അത‌് തികച്ചും മുങ്ങിമരണമായിരുന്നെന്ന‌് പോസ്റ്റ‌്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഈ ഒറ്റ സംഭവം മാത്രമാണ‌് എസ‌്എഫ‌്ഐ പ്രവർത്തകർക്കെതിരെ ഉന്നയിക്കാനുള്ളത‌്. എന്നിട്ടും ആന്റണി ഉൾപ്പെടെയുള്ളവർ എസ‌്എഫ‌്ഐയെ കുറ്റപ്പെടുത്തുകയും കൊലയാളികളെ ന്യായീകരിക്കുകയും ചെയ്യുന്നു. 

ഇതേ മഹാരാജാസ‌് കോളേജിലാണ‌് വർഷങ്ങൾക്കുമുമ്പ‌് എസ‌്എഫ‌്ഐ നേതാവ‌് സൈമൺ ബ്രിട്ടോയെ കെഎ‌സ‌്‌യു‐ യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ മൃഗീയമായി വെട്ടിയത‌്. ബ്രിട്ടോ അരയ‌്ക്ക‌് താഴെ തളർന്നിട്ടും ഇച്ഛാശക്തികൊണ്ടുമാത്രം ജീവിക്കുന്ന നേതാവാണ‌്‌. കേരളത്തിൽ ഒരിടത്തും എസ‌്എഫ‌്ഐ പ്രവർത്തകരുടെ അക്രമത്തിൽ ഇങ്ങനെ പരിക്കേറ്റ ആരുമില്ല.

കോളേജ‌് ക്യാമ്പസുകൾക്കകത്ത‌് വിദ്യാർഥി പ്രവർത്തകർ തമ്മിലുണ്ടാകുന്ന സ്വാഭാവികമായ ഏറ്റുമുട്ടലുകളിൽ കവിഞ്ഞ‌് ശാരീരികമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ‌്ത‌്  മാരകായുധങ്ങളുമായി എത്തി നടത്തിയ ഒരു കേസിൽ പോലും എസ‌്എഫ‌്ഐ പ്രതിസ്ഥാനത്തില്ല.

പ്രധാന വാർത്തകൾ
 Top