20 November Wednesday

കനത്തമഴയിൽ മുങ്ങി നഗരം

സ്വന്തം ലേഖകർUpdated: Sunday Jun 9, 2019

പൊന്നുരുന്നിയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട്‌

കൊച്ചി
ആദ്യ മഴയിൽത്തന്നെ മെട്രോ നഗരം വെള്ളത്തിൽ മുങ്ങി. കാനകൾ വൃത്തിയാക്കാത്തതും നിലവിലെ കാനകളിലേക്ക് വെള്ളത്തിന്റെ ഒഴുക്ക‌് തടസ്സപ്പെട്ടതുമാണ് വെള്ളക്കെട്ടിനിടയാക്കിയത്. പാലാരിവട്ടം ജനത, മാമംഗലം, ഇടപ്പള്ളി, ദേശാഭിമാനി ജങ്ഷൻ, കലൂർ ജങ‌്ഷൻ, എംജി റോഡ‌്, കെഎസ‌്ആർടി ബസ‌് സ‌്റ്റാൻഡ‌് പരിസരം, സൗത്ത‌് റെയിൽവേ സ‌്റ്റേഷൻ, പുല്ലേപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ടായി.  വാഹനങ്ങൾ ഇഴഞ്ഞ‌ുനീങ്ങിയതോടെ ഗതാഗതക്കുരുക്ക‌് രൂക്ഷമായി. ഇതോടെ അവധി ദിനമായിരുന്നിട്ടും ഗതാഗതക്കുരിക്കിൽപ്പെട്ട‌് ജനം വലഞ്ഞു.

മെട്രോ റെയിലിന്റെ ഭാഗമായി പാലാരിവട്ടംമുതൽ ഇടപ്പള്ളിവരെ കാനകൾ ടൈൽസിട്ട് നിർമിച്ചിരുന്നു. എന്നാൽ, റോഡിൽനിന്നും കാനയിലേക്ക് വെള്ളമൊഴുകുന്നതിനുള്ള ചാൽ ആവശ്യത്തിനില്ല. ഉള്ളത് മാലിന്യങ്ങൾ  മഴക്കാലപൂർവ ശുചീകരണത്തിന് കോർപറേഷൻ വേണ്ട നടപടികളെടുത്തിരുന്നില്ല. പേരണ്ടൂർ കനാൽ ശുചീകരിക്കാത്തതിനെ തുടർന്ന‌് കലൂരിൽ കനത്ത വെള്ളക്കെട്ട‌ുണ്ടായി. കാന കോരിയ ചെളി യഥാസമയം നീക്കം ചെയ‌്തിരുന്നില്ല. ഇതിനെ തുടർന്ന‌് ജേർണലിസ‌്റ്റ‌് കോളനി, എൽഐജി എന്നിവിടങ്ങളിലുള്ള വീടുകളിൽ വെള്ളവും ചെളിയും കയറി.

മരം വീണ‌് ഗതാഗതം തടസ്സപ്പെട്ടു 
കൊച്ചി
കാലവർഷം കനത്തതോടെ നഗരത്തിൽ പലയിടത്തും മരം വീണ‌് ഗതാഗതം തടസ്സപ്പെട്ടു. നോർത്ത‌് പരമാര റോഡിൽ ഞായറാഴ‌്ച രാത്രി 7.20നും സൗത്ത‌് മോണാസ‌്ട്രി റോഡിൽ പകൽ 2.30നും കടവന്ത്ര കുമാരനാശാൻ റോഡിൽ രാത്രി 7.10നുമാണ‌് മരങ്ങൾ കടപുഴകി വീണത‌്. ഗാന്ധിനഗർ, ക്ലബ് റോഡ‌് എന്നിവിടങ്ങളിൽനിന്നുള്ള അഗ‌്നിശമന സേനാംഗങ്ങൾ എത്തി മരം മുറിച്ച‌ുമാറ്റി.

വൈദ്യുതിക്കമ്പികൾ  പൊട്ടിവീണു
തൃപ്പൂണിത്തുറ
കനത്ത കാറ്റിലും മഴയിലും  വൈദ്യുതിക്കമ്പികൾ പൊട്ടി റോഡിൽ വീണു. ഇതുവഴി വന്ന ബൈക്ക‌് യാത്രികരായ ദമ്പതികൾ കണ്ടതിനാൽ അപകടം ഒഴിവായി. ഞായറാഴ‌്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പാലസ് ഓവൽ ഗ്രൗണ്ടിനും അന്ധകാരത്തോടിനുമിടയിലൂടെയുള്ള റോഡിലാണ് കമ്പി പൊട്ടി വഴിയിൽ വീണത്. ഇതുവഴി ബൈക്കിൽ വന്ന സമീപവാസിയായ രാമചന്ദ്രനും ഭാര്യയുമാണ് കമ്പി വഴിയിൽ കിടക്കുന്നത് കണ്ടത്. ഇവർ ഉടൻതന്നെ സിപിഐ എം ഏരിയ സെക്രട്ടറി വാസുദേവനോട് സംഭവം അറിയിക്കുകയായിരുന്നു. വാസുദേവൻ സ്ഥലത്തെത്തി കെഎസ്ഇബി  അധികൃതരെ വിളിച്ചുവരുത്തി ലൈൻ ഓഫാക്കിയതോടെയാണ് അപകടം ഒഴിവായത്. കെഎസ്ഇബി ജീവനക്കാർ പൊട്ടിയ കമ്പികൾ മാറ്റിയിടുകയും ചെയ്തു.

ഇടപ്പള്ളി ടോളിൽ വെള്ളക്കെട്ട‌്
കളമശേരി
കാലവർഷം തുടങ്ങിയതോടെ ദേശീയപാതയിൽ ഇടപ്പള്ളി ടോളിലും പരിസരത്തും വെള്ളക്കെട്ട് രൂക്ഷമായി. ഞായറാഴ്ച വൈകിട്ടോടെ കൂനംതൈമുതൽ ഇടപ്പള്ളി ടോൾവരെ ദേശീയപാതയിൽ എറണാകുളം ഭാഗത്തേക്കുള്ള റോഡിലാണ് വെള്ളക്കെട്ട്. ടോളിലെ ബസ് സ‌്റ്റോപ്പിനുമുന്നിൽ റോഡിന്റെ മധ്യഭാഗംവരെ മുട്ടോളം പൊക്കത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർക്ക് ബസിൽനിന്നിറങ്ങാനും കയറാനും ബുദ്ധിമുട്ടാണ്.

മഴക്കാലത്തിനുമുമ്പായി നഗരസഭ കാനയും റോഡും ശുചീകരിക്കാറുണ്ട‌്. എന്നാൽ, ഇത്തവണ മഴക്കാലപൂർവ ശുചീകരണം ചടങ്ങിലൊതുങ്ങി. കാനയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ ഉണ്ടാക്കിയിട്ടുള്ള ദ്വാരങ്ങൾ പലതും മാലിന്യം നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. ഇടപ്പള്ളി ടോളിൽ പുക്കാട്ടുപടി റോഡിലേക്ക് തിരിയുന്ന കവലയിലും ഒന്നരയടിയിലേറെ പാെക്കത്തിൽ വെള്ളം കെട്ടിക്കിടക്കുന്നു. ഇവിടെ അശാസ്ത്രീയമായ റോഡ്, കാന നിർമാണം കാരണമാണ് വെള്ളക്കെട്ടുണ്ടായത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളം തെറിക്കുന്നുണ്ട‌്.     

       
കുണ്ടന്നൂർ കവല വെള്ളത്തിൽ
മരട്
 നഗരസഭയുടെ പിടിപ്പുകേടുമൂലം മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടത്താത്തതിനാൽ, കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ കുണ്ടന്നൂർ കവല വെള്ളത്തിലായി. കടകളിൽ മുട്ടറ്റം വെള്ളം കയറിയ നിലയിലാണ്. മരട് മാർട്ടിൻപുരം ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. അടിച്ചിത്തോട് ശുചീകരിക്കാതിരുന്നതാണ് കാരണം. ചമ്പക്കര കണ്ണാടിക്കാട് റോഡിന്റെ ചമ്പക്കര ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ നടക്കുന്ന നിർമാണപ്രവർത്തനത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിനിടയാക്കിയത്. 

വൈറ്റില ജങ‌്ഷനിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
വൈറ്റില
മഴയെത്തിയ ദിനം തന്നെ വൈറ്റില പ്രദേശം വെള്ളക്കെട്ടിലായി.  ഇടറോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.ദേശീയപാതയോരത്തെ കാനകൾ മൂടിയതാണ് പ്രദേശത്ത് വെള്ളക്കെട്ടിനു കാരണം. മഴക്കാലത്ത് ദേശീയപാതയിലും സമീപത്തുള്ള വീടുകളിലേയും ഇടറോഡുകളിലേയും വെള്ളം കാനയിലൂടെ ചമ്പക്കര കനാലിലേക്കൊഴുകി പോയിരുന്നതിനാലാണ് ഇവിടെ വെള്ളക്കെട്ട് അനുഭവപ്പെടാതിരുന്നത്.

എന്നാൽ, മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി കാനകൾ മൂടിയശേഷമുണ്ടായ ആദ്യമഴയിൽ തന്നെ ജങ‌്ഷനിലെ റോഡുകൾ, ഇടറോഡുകൾ, വീടുകൾ,
കച്ചവടസ്ഥാപനങ്ങൾ എന്നിവയെല്ലാം വെള്ളക്കെട്ടിലായി. ബാങ്ക് റോഡ്, ഷൈൻ റോഡ്, മാപ്ലാശേരി റോഡ്, ആർഎസ്എസി റോഡ്, തൈക്കൂടം–-പൊന്നുരുന്നി അടിപ്പാതകൾ, വൈറ്റില ശിവ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ട‌്.  ഇടറോഡുകളിൽ പലയിടത്തും കാനയുണ്ടെങ്കിലും പ്രധാന കാനകളുമായി ഇവയെ ബന്ധിപ്പിച്ചിട്ടില്ല. മഴക്കാലപൂർവ ശുചീകരണവും പലയിടത്തും നടത്തിയിട്ടുമില്ല. വലിയ വാഹനങ്ങൾ പൊന്നുരുന്നി അടിപ്പാതയിലൂടെ പോകുന്നതിനാൽ  ഗതാഗതക്കുരുക്ക് രൂക്ഷമായി. കാനകൾ അടഞ്ഞതോടെ പ്രദേശത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകി.

കാറ്റിൽ മരം മുറിഞ്ഞുവീണു
കളമശേരി
ഇടപ്പള്ളി പുക്കാട്ടുപടി റോഡിൽ ഉണിച്ചിറ സെന്റ് ജൂഡ് ചർച്ചിന് സമീപം തണൽമരം മുറിഞ്ഞുവീണു. ഞായറാഴ്ച ഉച്ചയ‌്ക്കുശേഷമുണ്ടായ ശക്തമായ കാറ്റിലാണ് മരം മുറിഞ്ഞുവീണത്. മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി ഗതാഗതതടസ്സമുണ്ടായി. തൃക്കാക്കരയിൽനിന്ന് അഗ്നിശമനസേനയെത്തി മരം മുറിച്ചുനീക്കി.

മട്ടാഞ്ചേരി
ശക്തമായ കാറ്റിൽ മുണ്ടംവേലി പപ്പങ്ങാമുക്കിന് സമീപം മരം കടപുഴകിവീണു. ആളപായവും നാശനഷ്ടവും ഇല്ല. മട്ടാഞ്ചേരി അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി.              


പ്രധാന വാർത്തകൾ
 Top