20 August Tuesday
പിന്നിൽ ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലുമെന്നും ആക്ഷേപം

അടുപ്പക്കാർപോലും രക്ഷയ‌്ക്കില്ല ; ആന്റണിയെ പിന്തുണച്ചത‌് മകൻ മാത്രം

പ്രത്യേക ലേഖകൻUpdated: Sunday Jun 9, 2019

സഖ്യനീക്കം പൊളിച്ച‌് കോൺഗ്രസിനെ പടുകുഴിയിലേക്ക‌് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം ദേശീയനേതൃത്വം എ കെ ആന്റണിക്കുമേൽ ആരോപിക്കുമ്പോൾ  അടുപ്പക്കാർ പോലും രക്ഷയ‌്ക്ക‌് എത്തുന്നില്ല. ആന്റണിയെ പിന്തുണയ‌്ക്കാൻ കെപിസിസി നേതൃത്വം രംഗത്ത‌് വരാത്തത‌് സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലെ ചേരിപ്പോരാണ‌് വ്യക്തമാക്കുന്നത‌്. ആന്റണിക്കെതിരായ നീക്കത്തിനുപിന്നിൽ കോൺഗ്രസ‌് ദേശീയനേതൃത്വത്തിലെ ഒരു വിഭാഗമാണെന്ന നിലപാടിലാണ‌് കേരളത്തിലെ നേതാക്കൾ. ഈ നീക്കത്തിനുപിന്നിൽ ഉമ്മൻചാണ്ടിയും കെ സി വേണുഗോപാലുമാണെന്ന പ്രചാരണവും ശക്തമാണ‌്. ആന്റണിക്കുവേണ്ടി ഉമ്മൻചാണ്ടിയോ കെ സി വേണുഗോപാലോ ഇതുവരെ രംഗത്ത‌് വരാത്തതും അത്തരം പ്രചാരണം സാധൂകരിക്കുന്നതാണ‌്.

ലോക‌്സഭാതെരഞ്ഞെടുപ്പ‌് പ്രചാരണത്തിൽ കേരളത്തിലല്ലാതെ ഒരു സംസ്ഥാനത്തും ആന്റണി രംഗത്തുണ്ടായിരുന്നില്ല. ഒരു സംസ്ഥാനഘടകവും ആന്റണിയെ വിളിച്ചുമില്ല. അതേസമയം  രാഹുലിന്റെയും സോണിയയുടെയും മുഖ്യ ഉപദേശകനായി ആന്റണി നിലയുറപ്പിച്ചു. ഇതാണ‌് ദേശീയനേതാക്കളെ ചൊടിപ്പിച്ചത‌്. കെപിസിസി,എ കെ ആന്റണി,

യുപിയിലെയും ഡൽഹിയിലെയും സഖ്യത്തിനെതിരെ നിലയുറപ്പിച്ചത‌് ആന്റണിയാണ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിന‌് പിന്നിലും ചര‌ട‌് വലിച്ചത‌് ആന്റണി തന്നെയായിരുന്നു. ഉത്തരന്ത്യേയിൽ കോൺഗ്രസിന്റെ തകർച്ചയ‌്ക്ക‌് ഇത‌് മുഖ്യകാരണമായി എന്നാണ‌് ദേശീയനേതാക്കളുടെ ആക്ഷേപം. ആന്റണിയുടെ അമിതമായ അധികാരമോഹമാണ‌് ഇത്രയും വലിയ തിരിച്ചടിക്ക‌് വഴിയൊരുക്കിയതെന്ന വിമർശനമാണ‌് നേതാക്കൾക്കുള്ളത‌്.

കാര്യങ്ങൾ ഇത്രയൊക്കെയായിട്ടും ആന്റണിയെ പ്രതിരോധിക്കാൻ മകൻ അജിത‌് പോൾ ആന്റണി മാത്രമേ രംഗത്ത‌് വന്നുള്ളൂ. ആന്റണിക്കെതിരെ ഇല്ലാക്കഥ പ്രചരിപ്പിച്ച‌് തളർത്താമെന്നത‌് വ്യാമോഹമാണെന്ന മുന്നറിയിപ്പാണ‌് മകൻ അജിത‌് ആന്റണി ഫെയ‌്സ‌് ബുക്ക‌് പോസ‌്റ്റിലൂടെ നൽകിയത‌്. 

മലയാളത്തിലുള്ള ഈ പോസ‌്റ്റ‌് കേരളത്തിലെ ആന്റണി വിമർശകരെ ഉന്നമിട്ടാണ്‌. ഈ പോസ‌്റ്റിനെതിരെ ചോദ്യശരങ്ങളും കമന്റുകളും പ്രവഹിക്കാൻ തുടങ്ങി.

ആന്റണിയെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ‌ുകാർതന്നെ ചേരിതിരിഞ്ഞാണ‌് വിമർശനം. എന്നും നേട്ടം കൊയ‌്തത‌് ആന്റണിയെന്ന‌്
കേരളത്തിലെ ഗ്രൂപ്പുവഴക്കും മറ്റും സൃഷ‌്ടിച്ച പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം നേട്ടം കൊയ‌്തത‌് എ കെ ആന്റണിയാണെന്ന വാദമാണ‌് വിമർശകർ ഉയർത്തുന്നത‌്.  കെ കരുണാകരനെതിരെ ഗ്രൂപ്പ‌് യുദ്ധം നയിച്ച‌് രണ്ടുതവണ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ‌്, കേന്ദ്രമന്ത്രി, രാജ്യസഭാംഗം ഈ പദവിയിലല്ലാതെ ആന്റണിയെ കാണാൻ കഴിയില്ലെന്നാണ‌്  വിമർശകരുടെ വാദം. ഇത്രയും നീണ്ടകാലം അധികാരം ആസ്വദിച്ച മറ്റൊരു നേതാവ‌് കേരളത്തിലെ കോൺഗ്രസിൽ ഇല്ലത്രേ.

മൂന്നുവട്ടം മുഖ്യമന്ത്രി, രണ്ടുതവണ കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ‌്, ദീർഘകാലം രാജ്യസഭാംഗം എന്നീ പദവികൾ  വഹിച്ചിട്ടുള്ള കേരളത്തിലെ ഏക കോൺഗ്രസുകാരൻ ആന്റണിയാണ‌്.  ഇപ്പോഴും രാജ്യസഭാംഗമായി തുടരുന്നു. എല്ലാക്കാലത്തും വ്യക്തിപരമായ നേട്ടം മാത്രമായിരുന്നു ആന്റണിയുടെ ലക്ഷ്യമെന്നും ആക്ഷേപമുണ്ട‌്.


പ്രധാന വാർത്തകൾ
 Top