27 June Thursday
മൂലമറ്റത്ത‌് പുതിയ പവർ ഹൗസ‌്

ലാഭകരമല്ല;- ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഇനി ഇല്ല: മന്ത്രി മണി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019



പാലക്കാട്
മൂലമറ്റം ഭൂഗർഭ വൈദ്യുത നിലയത്തിൽ ഒരു പുതിയ പവർ ഹൗസ‌് കൂടി സ്ഥാപിക്കുമെന്ന‌് വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ(എഐടിയുസി) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച‌ു സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിലുള്ളതിന്റെ  തുല്യശേഷിയുള്ള പവർഹൗസ‌് ആകും  സ്ഥാപിക്കുക. ഇതിന‌് കേന്ദ്ര അനുമതി ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിമുഖേന ഇടുക്കി അണക്കെട്ടിൽനിന്ന‌് വൻകിട സൗരോര്‍ജ ഉൽപ്പാദനപദ്ധതി ആരംഭിക്കുന്നത് വൈകില്ല‌. 1000 മെഗാവാട്ട‌്  വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ‌്  ലക്ഷ്യം. ‘സൗര’ പദ്ധതിക്ക‌് വലിയ പ്രതികരണമാണ‌് ലഭിക്കുന്നത‌്. നിരവധി പേർ രജിസ്റ്റർ ചെയ‌്തു.

ചെറുകിട ജലവൈദ്യുത പദ്ധതികൾ ലാഭകരമല്ലാത്തതിനാൽ പുതിയവ ആരംഭിക്കില്ലെന്നും മന്ത്രി  പറഞ്ഞു. മഹാപ്രളയത്തിൽ നഷ്ടപ്പെട്ട സംസ്ഥാനത്തെ വൈദ്യുതി വിതരണം വെറും പത്തു ദിവസംകൊണ്ട് പൂർവ സ്ഥിതിയിലാക്കിയ വൈദ്യുതി ബോർഡിലെ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

‘കാലാവസ്ഥാവ്യതിയാനവും വൈദ്യുത മേഖലയും' എന്ന വിഷയത്തിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ‌് ബി പ്രദീപ് സംസാരിച്ചു. സിപിഐ ദേശീയ എക്‌സിക്യുട്ടീവ‌് അംഗം കെ ഇ ഇസ്മയിൽ മോഡറേറ്ററായി. ഇലക്ട്രസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ‌് എ നാസറുദ്ദീൻ ചർച്ച നയിച്ചു. കെഇഡബ്ല്യുഎഫ് വർക്കിങ‌് പ്രസിഡന്റ‌് ജെയിംസ് റാഫേൽ സ്വാഗതവും വൈസ് പ്രസിഡന്റ‌് കവിതാ രാജൻ നന്ദിയും പറഞ്ഞു.

പ്രതിനിധിസമ്മേളനം എഐടിയുസി സംസ്ഥാന സെക്രട്ടറി  കെ പി രാജേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. കെഇഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ‌് എ എൻ രാജൻ അധ്യക്ഷനായി. സമ്മേളനം ഞായറാഴ‌്ച സമാപിക്കും.


പ്രധാന വാർത്തകൾ
 Top