15 January Friday

‘പട്ടിണി’യിൽ പണി പാളി ; വ്യാജ ഐപിഎസുകാരൻ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


ഐപിഎസ് ചമഞ്ഞായിരുന്നു നടപ്പെങ്കിലും ‘പട്ടിണി’യായതോടെ വിപിൻ കാർത്തിക്‌ എന്ന തട്ടിപ്പുവീരന്റെ പണിപാളി. പണം തട്ടിപ്പുകേസിൽ അമ്മ അറസ്റ്റിലായശേഷം, നാടുവിട്ട വിപിന് നിത്യവൃത്തിക്ക്  മാർഗങ്ങളില്ലാതായി. പച്ച പ്പട്ടിണി. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ഫോണിൽവിളിച്ചു.  ഇത്‌ പൊലീസിന്‌ പിടിവള്ളിയായി. ഈ അന്വേഷണത്തിലാണ്  പിടികൂടാനായതെന്ന് ഡിഐജി എസ് സുരേന്ദ്രൻ  പറഞ്ഞു.

മൊബൈൽ ഫോണും വ്യാജസിമ്മും സംഘടിപ്പിച്ചിരുന്ന ഇയാൾ, കേരളത്തിലുള്ള പല സുഹൃത്തുക്കളേയും ഫോണിൽ വിളിച്ച് പണം ചോദിച്ചിരുന്നു. ഗുവാഹട്ടിയിലേക്ക് പോകണമെന്നും 25,000 രൂപ വേണമെന്നും ആവശ്യപ്പെട്ട്  വിപിൻ സുഹൃത്തിനെ വിളിച്ച വിവരം പൊലീസ്‌ അറിഞ്ഞു. പൊലീസ്‌ പറഞ്ഞതു പ്രകാരം  സുഹൃത്ത്  പണം നൽകാമെന്നും കോയമ്പത്തൂരിനും പാലക്കാടിനുമിടയിലുള്ള ഒരു കേന്ദ്രത്തിലെത്തണമെന്നും വിപിനോട് പറഞ്ഞു. 

വിപിന്റെ പുതിയ ഫോൺനമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്തുടരുകയും ചെയ്തു. കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട ടാക്സികാറിന്റെ നമ്പർ വിപിൻ സുഹൃത്തിന് കൈമാറിയിരുന്നു. ഇതുപ്രകാരം പൊലീസ്‌ സംഘം കാർ പിന്തുടർന്ന് വളയുകയായിരുന്നു.  പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
 

വ്യാജ ഐപിഎസുകാരൻ കുടുങ്ങി
ഐപിഎസ് ഓഫീസർ ചമഞ്ഞ്  തട്ടിപ്പ് നടത്തിയ തലശേരി സ്വദേശി വിപിൻ കാർത്തികിനെ (29) പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കോയമ്പത്തൂരിൽ നിന്നാണ്‌ പ്രത്യേക അന്വേഷകസംഘം ഇയാളെ പിടികൂടിയത്‌. വിപിൻ കാർത്തികിന്റെ അമ്മ തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽവീട്ടിൽ ശ്യാമള ഒക്ടോബർ 27ന് കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വാടകവീട്ടിൽനിന്ന്  അറസ്റ്റിലായെങ്കിലും വിപിൻ ഓടിരക്ഷപ്പെട്ടു. പിന്നീട്‌ ഡൽഹി, ബംഗളൂരു, കോയമ്പത്തൂർ തുടങ്ങി വിവിധയിടങ്ങളിൽ ഒളിവിലായിരുന്നു.

അമ്മയുമായി ചേർന്നാണ്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌. ഗുരുവായൂർ എസ്‌ബിഐ  ശാഖയിൽനിന്നും മറ്റ്‌ ആറു ബാങ്കുകളിൽനിന്നും വ്യാജരേഖ നൽകി  ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിനാണ് അമ്മയ്ക്കും മകനുമെതിരെ  ഗുരുവായൂർ പൊലീസ് കേസെടുത്തത്. 

വ്യാജരേഖ ഹാജരാക്കി  ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വായ്പയും പണവും സ്വർണവും വാങ്ങി മുങ്ങുകയാണ് പതിവ്. രണ്ടുവർഷമായി  ഗുരുവായൂർ ലിറ്റിൽ ഫ്ളവർ സ്റ്റോപ്പിനടുത്ത്‌ ഫ്ളാറ്റിലാണ് കഴിഞ്ഞിരുന്നത്. ഐപിഎസ്  യൂണിഫോം, ബാറ്റൺ, റിവോൾവർ, നെയിംബോർഡ് എന്നിവ ധരിച്ചെത്തിയാണ്  തട്ടിപ്പ് നടത്തിയിരുന്നത്. ഐടിയിൽ അതിവിദഗ്ധനായ വിപിൻ കാർത്തിക്  വ്യാജസർട്ടിഫിക്കറ്റും സീലുകളും ഉൾപ്പെടെയുള്ള രേഖകൾ സ്വന്തമായി നിർമിച്ചിരുന്നു.  ഐപിഎസുകാരൻ എന്ന നിലയിൽ സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലെ യുവതിയുമായുള്ള വിവാഹവും നിശ്ചയിച്ചിരുന്നു.
 യഥാർഥ ഐപിഎസ് ഉദ്യോഗസ്ഥനേക്കാൾ വിദഗ്ധമായ രീതിയിലാണ്  ഇയാൾ ഇടപാടുകൾ നടത്തിയിരുന്നതെന്ന് ഡിഐജി എസ് സുരേന്ദ്രൻ പറഞ്ഞു.  ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും കോടതി തള്ളി.

വിപിൻ കാർത്തിക്കിനെതിരെ  20 കേസ്‌ നിലവിലുണ്ട്.  മുമ്പ് വിവിധ കേസുകളിലായി മൂന്നുതവണ തിരുവനന്തപുരത്തും  തലശേരിയിലും ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ടു വർഷംകൊണ്ട്  ലക്ഷക്കണക്കിന് രൂപയുടെ വായ്പകളും 28 കാറുകളും വാങ്ങി. ഇതിൽ ഒരുകാർ പൊലീസ് പിടികൂടി. തൃശൂർ സിറ്റിപൊലീസ് കമീഷണർ ജി എച്ച് യതീഷ്ചന്ദ്ര, ഗുരുവായൂർ എസിപി ബിജു ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം നടത്തിയത്‌.

എൻഐടി റാങ്കുകാരന്‌ തട്ടിപ്പിൽ ‘ഐപിഎസ്‌’
വ്യാജ ഐപിഎസുകാരനായി അമ്മയോടൊപ്പം കോടികളുടെ തട്ടിപ്പ് നടത്തിയത് 2008ലെ എൻഐടി എൻട്രൻസ് പരീക്ഷയിൽ 68–-ാം റാങ്ക് നേടിയ മിടുക്കനായ വിദ്യാർഥി. കോഴിക്കോട് എൻഐടിയിൽ രണ്ടുവർഷം വിപിൻ കാർത്തിക്കെന്ന തട്ടിപ്പ്‌ വീരൻ പഠിക്കുകയും ചെയ്‌തു. ക്രിക്കറ്റും കളിയും കൂടിയതോടെ പഠനം തുടരാനായില്ല. തുടർന്ന് ഹോട്ടൽ മാനേജ്മെന്റ് പഠനം. അതിനിടെ കുറച്ചുനാൾ ഇൻഫോപാർക്കിലും ജോലിനോക്കി. അതും മുടങ്ങിയതോടെ അമേരിക്കയിൽ പോകാൻ ശ്രമം. ഇതു പരാജയപ്പെട്ടതോടെയാണ് ഐപിഎസ് ഭ്രമം തലയിൽ കയറിയത്‌.

യഥാർഥ ഐപിഎസ് ഉദ്യോഗസ്ഥനേക്കാൾ അതിസമർഥമായാണ്‌  ഇയാൾ എല്ലാ ഇടപാടുകളും നടത്തിയത്. ഐപിഎസ് സർട്ടിഫിക്കറ്റ്, മറ്റുരേഖകൾ, സീൽ എന്നിവ മറ്റാരുടെയും സഹായമില്ലാതെ വിദഗ്ധമായി ഉണ്ടാക്കി. ഐടി മേഖലയിലെ പ്രാവീണ്യമാണ് ഇതിന് അയാൾക്ക് സഹായകമായത്. ബാങ്ക് സ്റ്റേറ്റ്മെന്റ്‌ അടക്കം എഡിറ്റ്‌ ചെയ്‌ത്‌ തട്ടിപ്പിന്‌ ഉപയോഗിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top