കണ്ണൂർ
ബക്കളം പാർത്ഥ കൺവൻഷൻ സെന്റർ പ്രശ്നത്തിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന ആന്തൂർ നഗരസഭാ സെക്രട്ടറി എം കെ ഗിരീഷിനെ സർവീസിൽ തിരിച്ചെടുത്തു. സസ്പെൻഷൻ പിൻവലിച്ച് കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായി നിയമിച്ചതായി തദ്ദേശഭരണ സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞു.
പാർത്ഥ കൺവൻഷൻ സെന്റർ പാർട്ണർ സാജൻ പാറയിലിന്റെ ആത്മഹത്യയെ തുടർന്നാണ് ഗിരീഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കൺവൻഷൻ സെന്ററിന് യഥാസമയം ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്നാണ് സാജൻ പാറയിൽ ജീവനൊടുക്കിയതെന്നായിരുന്നു വ്യാപക പ്രചാരണം. രണ്ട് ഓവർസിയർമാരെയും സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ കോഴിക്കോട് നഗരസഭാ റീജണൽ ജോയിന്റ് ഡയറക്ടറുടെ അനേഷണത്തിൽ നഗരസഭാ സെക്രട്ടറിയായിരുന്ന എം കെ ഗിരീഷ് കുമാറിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്താത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കി.
കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി പി എൻ അനീഷിനെ മട്ടന്നൂരിലേക്കും ആന്തൂർ നഗരസഭാ സെക്രട്ടറി എം സുരേശനെ ഇരിട്ടിയിലേക്കും ഇരിട്ടി സെക്രട്ടറി അൻസൽ ഐസക്കിനെ ആന്തൂരിലേക്കും മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..