13 December Friday

സൗജന്യ നിയമസഹായം : കേസ്‌ നടത്തിപ്പിൽ അഭിഭാഷകര്‍ക്ക് പരിശീലനം നല്‍കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


കൊച്ചി
സൗജന്യ നിയമസഹായം നൽകാൻ നിയോഗിക്കപ്പെടുന്ന അഭിഭാഷകർക്ക് കേസ് നടത്തിപ്പിൽ പരിശീലനം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രതികൾക്കുവേണ്ടി ആത്മാർഥമായി വാദിക്കാനാണ് നിയമസേവന അതോറിറ്റി പാനലിലുള്ള അഭിഭാഷകരെ നിയോഗിക്കാറുള്ളത്. കേസ് പഠിച്ച് കൈകാര്യം ചെയ്‌താലേ പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനാവൂ. പ്രതിഭാഗം ശരിയായി കേൾക്കാൻ വിചാരണക്കോടതിക്കു കഴിഞ്ഞില്ലെങ്കിൽ നീതിനിർവഹണ സംവിധാനം പരാജയപ്പെടും. സൗജന്യ നിയമസഹായം നൽകുന്ന അഭിഭാഷകരെ കെൽസയും ജുഡീഷ്യൽ അക്കാദമിയും ചേർന്ന് പരിശീലിപ്പിക്കണമെന്ന് ജസ്റ്റിസുമാരായ എ ഹരിപ്രസാദ്, ജസ്റ്റിസ് എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചാണ്‌ വ്യക്തമാക്കിയത്‌. തൊടുപുഴ പാല റോഡിൽ പിഴക്കുപാലം ജങ്ഷനിൽ ആലപ്പുഴ വള്ളിക്കുന്ന് സ്വദേശി മോഹനനെ കൊന്ന കേസിലെ പ്രതിയായ ജോമോന്റെ അപ്പീൽ തീർപ്പാക്കിയ വിധിയിലാണ് നിർദേശം.

ഈ കേസിൽ ജോമോന് കോട്ടയം സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇയാൾ നൽകിയ അപ്പീലിൽ കൊലക്കുറ്റം റദ്ദാക്കിയ ഡിവിഷൻബെഞ്ച് മനഃപ്പൂർവമല്ലാത്ത നരഹത്യയാണെന്ന് കണ്ടെത്തി ശിക്ഷ ഏഴുവർഷമായി കുറച്ചു. ജോമോനെ മോചിപ്പിക്കാനും ഉത്തരവിട്ടു. സൗജന്യ നിയമസഹായം നൽകുന്ന അഭിഭാഷകർ കേസുകൾ ഉചിതമായ രീതിയിൽ പഠിക്കാത്ത സംഭവങ്ങളുണ്ടെന്ന് പബ്ലിക്‌ പ്രോസിക്യൂട്ടർ അലക്സ് എം തോമ്പ്രയും ജോമോനുവേണ്ടി ഹാജരായ അഡ്വ. ബി രഞ്ജിത് മാരാരും ചൂണ്ടിക്കാട്ടി. ഗൗരവ സ്വഭാവമുള്ള കേസുകളിൽ ആത്മാർഥമായും ആത്മസമർപ്പണത്തോടെയും കേസുകൾ നടത്തണമെന്ന്‌ കോടതി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top