30 October Friday

നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു ; ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020

വെഞ്ഞാറമൂട്
കോവിഡ്‌ നിരീക്ഷണത്തിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ റിമാൻഡിൽ. കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാങ്കോട് മതിര പോങ്ങുവിള വീട്ടിൽ പ്രദീപ് കുമാറാണ്‌ (44) റിമാൻഡിലായത്‌. തിങ്കളാഴ്‌ച ഭരതന്നൂരിലെ വാടകവീട്ടിൽനിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമാണ്‌ നടപടി. 

വെള്ളിയാഴ്‌ചയായിരുന്നു സംഭവം. മലപ്പുറത്ത് ഹോം നേഴ്‌സായി ജോലിചെയ്‌തിരുന്ന യുവതി നാട്ടിലെത്തിയശേഷം വെള്ളറടയിലുള്ള ബന്ധുവീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ രോഗമില്ലെന്ന്‌ സ്ഥിരീകരിച്ചു. ജോലി സ്ഥലത്തേക്ക് മടങ്ങാൻ കോവിഡ്‌ ഇല്ലെന്ന സർട്ടിഫിക്കറ്റ്‌ ആവശ്യമായിരുന്നു. ഇതിനായി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറെ സമീപിച്ചു. സർട്ടിഫിക്കറ്റിനായി ഭരതന്നൂരിലെ വീട്ടിലെത്താൻ പ്രദീപ്‌ കുമാർ നിർദേശിച്ചു. വീട്ടിൽ എത്തിയപ്പോഴായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്‌.

കൈകാലുകൾ ബന്ധിച്ച്‌ വായിൽ തുണി തിരുകിക്കയറ്റി പല പ്രാവശ്യം പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന്‌‌ വെള്ളറട പൊലീസിന്‌ മൊഴി നൽകി. സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ പാങ്ങോട് പൊലീസിന്‌ കേസ് കൈമാറി. സിഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിലാണ്‌ കസ്റ്റഡിയിൽ എടുത്തത്‌.

അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന്‌ ഇയാളുടെ പേരിൽ കേസുണ്ട്‌. പ്രദീപ് കുമാർ പ്രദേശത്തെ കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. എൻജിഒ അസോസിയേഷൻ കാറ്റഗറി സംഘടനയായ ഹെൽത്ത്‌ ഇൻസ്‌പെക്ടേഴ്‌സ്‌ അസോസിയേഷന്റെ സജീവ പ്രവർത്തകനാണ്‌. കോവിഡ്‌ രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട്‌ പൊലീസിന്‌ അധിക ചുമതല നൽകിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ്‌ കോടതിയെ സമീപിച്ചത്‌.

പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറിക്ക് വനിതാ കമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ നിർദേശം നൽകി. സംഭവത്തിൽ വനിതാ കമീഷൻ കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top