15 October Tuesday

പ്രചാരണത്തിനില്ലെന്ന്‌ ജോസഫ‌് പക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019


പാലാ
പി ജെ ജോസഫിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച‌് പാലായിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്ന്‌ വിട്ടുനിൽക്കാൻ  ജോസഫ്‌ അനുകൂലികൾ  തീരുമാനിച്ചു. ജോസഫിനെ അപമാനിച്ച തെറിക്കൂട്ടത്തിനൊപ്പം ഇനി പ്രവർത്തിക്കില്ലെന്ന‌് കേരള കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പാലായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസഫിന്റെ അറിവോടെയാണ് പ്രചാരണത്തിൽനിന്ന്‌ വിട്ടുനിൽക്കുന്നത്. പാലായിലെ സാഹചര്യത്തിന‌് അനുസരിച്ച‌് തീരുമാനമെടുക്കാൻ അനുമതി നൽകി. കൺവൻഷനിലെ അവഹേളനത്തിന്‌ പുറമെ മുഖപത്രമായ ‘പ്രതിച്ഛായ’യിലെ ലേഖനത്തിലൂടെയും അപമാനിച്ചു.  കൺവൻഷനിൽ പങ്കെടുത്ത ജോസഫിനെയടക്കം  ചീത്തവിളിച്ചു. പിന്നീട് ഫോണിൽ വിളിച്ച് വധഭീഷണിയും മുഴക്കി. ഭീഷണിപ്പെടുത്തിയ 12 പേർക്കെതിരെ പൊലീസിന് പരാതി നൽകി. ഫോൺ ഭീഷണിയുടെ തെളിവും നൽകിയിട്ടുണ്ട്‌. നിലവിലെ സാഹചര്യം  യുഡിഎഫിനെ ധരിപ്പിച്ചിട്ടുണ്ടെന്നും സജി പറഞ്ഞു.

13 സ്ഥാനാർഥികൾ
ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയപരിധി  അവസാനിച്ചപ്പോൾ മത്സരരംഗത്ത് ശേഷിക്കുന്നത് 13 പേർ. ഔദ്യോഗിക പാർടി സ്ഥാനാർഥികളായി മാണി സി കാപ്പൻ(എൽഡിഎഫ്‌),  ഹരി(ബിജെപി) എന്നിവരും  ജോസ്‌ ടോം (യുഡിഎഫ്‌ സ്വതന്ത്രൻ) അടക്കം 11 സ്വതന്ത്ര സ്ഥാനാർഥികളുമാണുള്ളത്‌.  ജോസ്‌ ടോമിന്‌ കൈതച്ചക്കയാണ്‌ ചിഹ്‌നം.


പ്രധാന വാർത്തകൾ
 Top