15 October Tuesday

ഓപ്പൺ സർവകലാശാല : സർക്കാർ ഓർഡിനൻസ്‌ ഉടൻ

എം വി പ്രദീപ‌്Updated: Sunday Sep 8, 2019


സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കുന്ന ഓപ്പൺ സർവകലാശാല രൂപീകരിച്ച്‌ സർക്കാർ ഓർഡിനൻസ്‌ ഉടൻ.  പ്രവർത്തനങ്ങൾക്ക്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ്‌ തുടക്കമിട്ടു. രണ്ടു മാസത്തിനകം സർവകലാശാല രൂപീകരിക്കും. സർവകലാശാലയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി സർക്കാർ നിയോഗിച്ച സ്‌പെഷ്യൽ ഓഫീസർ ഡോ. ജെ പ്രഭാഷ‌് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ പൂർണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സർവകലാശാല രൂപീകരിക്കുക. ആസ്ഥാനം കൊല്ലം ആയിരിക്കുമെന്ന്‌ തീരുമാനമായി. അടുത്ത അധ്യയനവർഷം പ്രവർത്തനം ആരംഭിക്കും. സംസ്ഥാനത്തെ ഇതര സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ വിഭാഗം പൂർണമായും ഓപ്പൺ സർവകലാശാലയുടെ കീഴിലേക്ക്‌ കൊണ്ടുവരും. 

പ്രായപരിധിയില്ലാതെ ഉന്നതവിദ്യാഭ്യാസം ആർക്കും സാധ്യമാക്കുക എന്നതാണ്‌  സർവകലാശാലയുടെ പ്രധാന ലക്ഷ്യം. പഠനം മുടങ്ങിയവർ, നിശ്‌ചിത കാലത്തിനുശേഷം തുടർപഠനം ആഗ്രഹിക്കുന്നവർ, തൊഴിലിന്‌ യോജിച്ച തുടർപഠനം ആരംഭിക്കുന്നവർ, വിദേശ മലയാളികൾ എന്നിവർക്കെല്ലാം യോജിച്ച കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. വെർച്വൽ ക്ലാസ്‌ റൂമുകളിലാകും പഠനം. ഓരോ വിഷയത്തിലും ലോകത്തിലെ പ്രഗത്ഭർ വെർച്വൽ ക്ലാസ്‌ റൂമുകളിൽ പഠിപ്പിക്കും. കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹ, സന്നദ്ധ സംഘടനകളിലും പരമ്പരാഗത തൊഴിൽ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക്‌ അതത്‌ മേഖലയിൽ ഉന്നതപഠനം ഏതു പ്രായത്തിലും സാധ്യമാക്കാൻ കഴിയും. 

2017ലെ യുജിസി റഗുലേഷൻ അനുസരിച്ച‌് ഇഗ‌്നോ ഒഴികെയുള്ള ഓപ്പൺ സർവകലാശാലകൾക്ക‌് സംസ്ഥാന അടിസ്ഥാനത്തിലേ പ്രവർത്തിക്കാനാകൂ. ഇതിനാൽ കേരളത്തിനു പുറത്ത്‌ പരീക്ഷാ സെന്ററുകൾ ഉണ്ടാകില്ല. ഇതുകൂടി കണക്കിലെടുത്താണ്‌ സർവകലാശാല പൂർണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ആരംഭിക്കാൻ തീരുമാനിച്ചത്‌.


പ്രധാന വാർത്തകൾ
 Top