27 May Wednesday

മോഡിയും അമിത്‌ ഷായും കശ്‌മീർജനതയെ തടവിലാക്കി: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019


പാലക്കാട്‌
പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും ചേർന്ന്‌ കശ്‌മീർജനതയെ തടവിലാക്കിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  സംഘപരിവാറിന്റെ നേതൃത്വത്തിൽ ജമ്മു കശ്‌മീരിൽ വലിയതോതിൽ അന്യവൽക്കരണം നടത്തി. മുസ്ലിംവിഭാഗം എന്തോ പ്രത്യേക അവകാശങ്ങൾ അനുഭവിക്കുന്നുവെന്ന്‌ തോന്നിപ്പിക്കുന്ന തരത്തിൽ അവരെ പാഠം പഠിപ്പിക്കണമെന്ന നിലയിൽ പ്രചാരണം നടത്തുകയാണ്‌. അന്യവൽക്കരണവും വിഭജനവും ഇന്ത്യൻ സമൂഹത്തിലുണ്ടാക്കുകയാണ്‌ അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എം പി കുഞ്ഞിരാമൻമാസ്‌റ്റർ പഠനകേന്ദ്രം സംഘടിപ്പിച്ച ‘ ഭരണഘടനാമൂല്യങ്ങൾ വെല്ലുവിളിയിൽ, റിപ്പബ്ലിക്കിനെ സംരക്ഷിക്കാൻ അണിനിരക്കൂ’ എന്ന പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു ബേബി.

ഇതിനെതിരെ ശബ്‌ദമുയർത്താനായത്‌ സിപിഐ എമ്മിനു മാത്രമാണ്‌. എ കെ ജി  തെളിച്ച പാതയിലൂടെ ഹേബിയസ്‌ കോർപസ്‌ ഹർജി നൽകിയാണ്‌ പാർടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക്‌ മുഹമ്മദ്‌ യൂസഫ്‌ തരിഗാമിയെ കാണാനായത്‌.  കശ്‌മീരിലെ ജനാധിപത്യഹത്യക്കെതിരെ വേണ്ടത്ര പ്രതികരിക്കാൻ സമൂഹത്തിനായിട്ടില്ല. ഇതിനെതിരെ പ്രതികരിച്ചത്‌ രണ്ട്‌ ഐഎഎസുകാരാണ്‌. അവരെ സല്യൂട്ട്‌ ചെയ്യണം.

സംഘപരിവാർ രാഷ്ടീയനേട്ടത്തിനായി എല്ലാ ചട്ടങ്ങളും  ഇല്ലാതാക്കുകയാണ്. ഹിറ്റ്‌ലർ ജർമനിയെ മെരുക്കിയെടുത്തതുപോലെയാണ്‌ മോഡിയുടെയും നീക്കം. ഇന്ത്യയിലെ ജനങ്ങളെയും ഭൂമിശാസ്‌ത്രത്തെയും തന്നിഷ്ടപ്രകാരം പുതുക്കിനിശ്‌ചയിക്കുകയാണ്‌. ഇനി മണ്ഡല പുനർനിർണയത്തിനും  തീരുമാനിച്ചിട്ടുണ്ട്‌. നെതന്യാഹുവും സംഘവും വെസ്‌റ്റ്‌ ബാങ്കിലും ഗാസാ മുനമ്പിലും ഇസ്രയേലുകാരെ താമസിപ്പിച്ച്‌ പലസ്‌തീൻ പ്രദേശം തങ്ങളുടേതാക്കി മാറ്റിയതുപോലെയൊരു അജൻഡ ആർഎസ്‌എസും തയ്യാറാക്കിയിട്ടുണ്ട്‌. ഇതിനായി ആർഎസ്‌എസുമായി ബന്ധം പുലർത്തുന്ന,  വിരമിച്ച സൈനിക–-അർധ സൈനികരെയും നിയോഗിച്ചു. 

കശ്‌മീരിൽ ഭരണം സ്ഥാപിക്കാൻ കഴിയുമെന്ന്‌ തോന്നിയാൽ ചിലപ്പോൾ സംസ്ഥാനപദവി തിരിച്ചുകൊടുത്തേക്കും. പ്രത്യേക അവകാശം നൽകിയതുമുതൽ ഇതുവരെ 42 തവണയാണ്‌ കേന്ദ്രം അവകാശങ്ങൾ ഘട്ടങ്ങളായി  വെട്ടിക്കുറച്ചത്‌. ഇപ്പോൾ പൂർണമായും ഇല്ലാതാക്കി. നാഗാലാൻഡിലും ത്രിപുരയിലുമൊക്കെയായി വടക്കു–-കിഴക്കൻ സംസ്ഥാനങ്ങൾക്കൊക്കെ പ്രത്യേക ഭരണഘടനയുണ്ട്‌. 37 ശതമാനം മാത്രം ജനങ്ങളുടെ പിന്തുണ നേടി രാജ്യത്ത്‌ അധികാരത്തിലെത്തിയവരാണ്‌ ഇങ്ങനെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത്‌. എൻ എൻ കൃഷ്‌ണദാസ്‌ അധ്യക്ഷനായി. 


പ്രധാന വാർത്തകൾ
 Top