05 August Wednesday

മുത്തൂറ്റ്‌ സമരം : അടുത്ത ചർച്ചയിൽ എംഡി പങ്കെടുക്കണമെന്ന്‌ നിർദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020


കൊച്ചി
മുത്തൂറ്റ്‌ ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട്‌ 16ന്‌ നടക്കുന്ന ചർച്ചയിൽ എംഡി പങ്കെടുക്കണമെന്ന്‌ നിർദേശം. ചൊവ്വാഴ്‌ച എറണാകുളത്ത്‌ നടന്ന ചർച്ചയിലാണ്‌ എംഡിയെ പങ്കെടുപ്പിക്കണമെന്ന് അഡീഷണൽ ലേബർ കമീഷണർ ഇ കെ സുനിലും ഹൈക്കോടതി നിരീക്ഷകൻ അഡ്വ. ലിജി വടക്കേടവും‌ നിർദേശിച്ചത്‌. മുത്തൂറ്റ് മാനേജ്മെന്റ് അകാരണമായും നിയമവിരുദ്ധമായും പിരിച്ചുവിട്ട 164 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നിർദേശപ്രകാരമാണ്‌ ചൊവ്വാഴ്‌ച ചർച്ച നടന്നത്‌. തീരുമാനമെടുക്കാൻ അധികാരമുള്ളവർ ചർച്ചയിൽ വരണമെന്ന കോടതിവിധി മാനിക്കാതെ മാനേജ്മെന്റ് ഉദ്യോഗസ്ഥരാണ്‌ ചൊവ്വാഴ്‌ചയും എത്തിയത്‌‌. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ അധികാരമില്ലെന്ന് ഇവർ പറഞ്ഞു. അധികാരമുള്ള എംഡിതന്നെ ചർച്ചയിൽ പങ്കെടുക്കണമെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

പുറത്താക്കപ്പെട്ട തൊഴിലാളികൾ ഏഴ്‌ മാസമായി പ്രശ്നപരിഹാരത്തിനായി കാത്തിരിക്കുകയാണ്. പ്രവർത്തിക്കുന്ന മറ്റു ബ്രാഞ്ചുകളിലേക്ക് ഇവരെ പോസ്റ്റ് ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.

ചർച്ചയിൽ സിഐടിയു ഭാരവാഹികളായ കെ ചന്ദ്രൻപിള്ള, കെ എൻ ഗോപിനാഥ്, എം സ്വരാജ് എംഎൽഎ, സി കെ മണിശങ്കർ, യൂണിയൻ നേതാക്കളായ സി സി രതീഷ്, നിഷ കെ ജയൻ, ശരത് ബാബു, നിജ രൂപേഷ് എന്നിവരും മാനേജ്മെന്റിനുവേണ്ടി സി വി ജോൺ, തോമസ് വി ജോൺ, ബാബു ജോൺ മലയിൽ, പ്രഭ ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top