19 August Monday

പിരിച്ച കോടികളെവിടെ? ഹസ്സൻ വിശദീകരിക്കണമെന്ന‌് നേതൃത്വം

പ്രത്യേക ലേഖകൻUpdated: Monday Jul 8, 2019



കെപിസിസിയുടെ ആയിരം വീട‌് പദ്ധതിയുടെ പേരിൽ വിദേശത്ത‌് നിന്നടക്കം പിരിച്ച കോടികളുടെ കണക്കിൽ വൻ തിരിമറി. എത്ര വീട‌് നിർമിച്ചുവെന്നത‌് സംബന്ധിച്ചോ പിരിച്ച തുകയുടെ കണക്കോ വെളിപ്പെടുത്താൻ കോൺഗ്രസ‌് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അഞ്ച‌് മാസം കഴിഞ്ഞിട്ടും കെപിസിസിയുടെ കണക്കിൽ മാറ്റമില്ല.

ആയിരം വീട‌് പോയിട്ട‌് അഞ്ഞൂറ‌് എണ്ണം നിർമിക്കാൻ കഴിയുമെന്ന‌് ഉറപ്പില്ലെന്നാണ‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞത‌്. ഇതിനിടെ എംഎൽഎമാർ വിവിധ പദ്ധതി പ്രകാരം അനുവദിച്ച വീടുകളും കെപിസിസിയുടെ അക്കൗണ്ടിൽപ്പെടുത്തി തലയൂരാനും നീക്കം തുടങ്ങി. ഒരു വീടിന‌് അഞ്ച‌് ലക്ഷം രൂപ വീതം ചെലവിട്ട‌് ആയിരം വീട‌് നിർമിച്ച‌് നൽകുമെന്നാണ‌് 2018 ആഗസ‌്ത‌് 21ന‌് മുൻ കെപിസിസി പ്രസിഡന്റ‌് എം എം ഹസൻ പ്രഖ്യാപിച്ചത‌്. ഒരു മണ്ഡലം കമ്മിറ്റി അഞ്ച‌് ലക്ഷം രൂപ നിരക്കിൽ പിരിച്ചു നൽകണമെന്നാണ‌് നിർദേശിച്ചത‌്.

മണ്ഡലം കമ്മിറ്റികൾ സ്വന്തം നിലയ്ക്ക‌് നടത്തിയ പിരിവിന‌് പുറമെ കെപിസിസി നേരിട്ടും വൻതുക സമാഹരിച്ചു. അമ്പത‌് കോടിയിലധികം രൂപ പദ്ധതിക്കായി സമാഹരിച്ചതായാണ‌് വിവരം. എന്നാൽ വർഷം ഒന്ന‌് ആകാറായിട്ടും ഇത‌് സംബന്ധിച്ച‌് കെപിസിസി യോഗത്തിൽ പോലും കണക്ക‌് വ്യക്തമാക്കിയിട്ടില്ല. ആയിരം വീട‌് പദ്ധതി തട്ടിപ്പ‌് സംബന്ധിച്ച‌് വിവാദം പുകയുന്നതിനിടെ വിശദാംശം വെളിപ്പെടുത്താൻ എം എം ഹസന‌് കോൺഗ്രസ‌് നേതൃത്വം നിർദേശം നൽകി. 3.43 കോടി രൂപ മാത്രമെ പിരിഞ്ഞുകിട്ടിയുള്ളുവെന്നാണ‌് അഞ്ച‌് മാസം മുമ്പ‌് കെപിസിസി വെളിപ്പെടുത്തിയത‌്. പദ്ധതി പ്രകാരം 42 വീടുകൾ കൈമാറിയെന്നും 278 വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും കെപിസിസി മീഡിയ സെൽ അംഗമായ അഡ്വ. ബി ആർ എം ഷഫീർ ഫെയ‌്സ‌്ബുക്കിൽ കുറിപ്പിട്ടു.

എ‌റണാകുളം ജില്ലയിലെ നാല‌് കോൺഗ്രസ‌് എംഎൽഎമാർ ചില സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും എംഎൽഎ ഫണ്ട‌് ഉപയോഗിച്ചും നിർമിച്ച 27 വീടുകൾ കെപിസിസിയുടെ ആയിരം വീട‌് പദ്ധതിയിൽപ്പെടുത്തി.  ആലപ്പുഴ ജില്ലയിൽ രമേശ‌് ചെന്നിത്തലയുടെ നേതൃത്വത്തിൽ 47 വീടുകൾ പണിയുന്നതിൽ 30 വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നാണ‌് ഷഫീറിന്റെ അവകാശവാദം.

മുൻ കെപിസിസി പ്രസിഡന്റ‌് എം എം ഹസ്സൻ തന്റെ ഫെയ‌്സ‌്ബുക്ക് പോസ‌്റ്റിൽ പറഞ്ഞ അതേ കണക്കാണ‌് ഷഫീർ  പുതിയ കണക്കായി അവതരിപ്പിച്ചിരിക്കുന്നത‌്. പല പ്രവാസി സംഘടനകളും കോർപറേറ്റ‌് കമ്പനികളുടെയും ഫണ്ട‌് ഉപയോഗിച്ച‌് പണിത വീടുകളും കെപിസിസി സ്വന്തം അക്കൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top