17 October Thursday

നിപായ‌്ക്കെതിരെ ഉരുക്കുകോട്ട

കെ പി വേണുUpdated: Saturday Jun 8, 2019


ജൂൺ ഒന്നിന് വൈകിട്ട് നിപാ രോഗം സംശയിക്കുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ വന്നുതുടങ്ങിയതു മുതൽതന്നെ കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രി അതിന്റെ ചരിത്രദൗത്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകളാരംഭിച്ചിരുന്നു. രണ്ടിന‌് വെളുപ്പിന് ആറാകുമ്പോഴേക്കും മൂന്നു നിലകളിലായി പ്രവർത്തിച്ചിരുന്ന സൂപ്രണ്ട്, ആർഎംഒ ഓഫീസുകളും കാഷ്വാലിറ്റി, വാർഡുകൾ എന്നിവയും ഒഴിപ്പിച്ച‌് വെന്റിലേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി മെഡിക്കൽ കോളേജിൽ നിപാ വാർഡുകൾ തയ്യാറായിരുന്നു. എട്ട് ബെഡ്ഡുകളുള്ള ഐസൊലേഷൻ വാർഡ്, എട്ടു മുറികൾ, താഴെ നിലയിൽ ഐസൊലേഷൻ മുറിയോടുകൂടിയ പനി ക്ലിനിക് എന്നിവയെല്ലാം ഒരുക്കിയത് മൂന്നുമണിക്കൂർ മാത്രമെടുത്താണ‌്. നിപായുടെ രണ്ടാം വരവ‌് മാധ്യമങ്ങളിലൂടെ വാർത്തയായി പ്രചരിച്ചു തുടങ്ങിയിരുന്നു. ആശങ്കയുടെ മണിക്കൂറുകളാണ‌് പിന്നീട‌്.

രോഗം സംശയിക്കുന്ന ആദ്യത്തെയാൾ മൂന്നിനാണ‌് മെഡിക്കൽ കോളേജിലെത്തിയത‌്. ആസ്റ്ററിൽ ചികിത്സയിലുള്ള നിപാ രോഗിയുടെ സുഹൃത്ത്. നിപയുടെ എല്ലാ ലക്ഷണങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നു. നാലിന് ആസ്റ്ററിൽ രോഗിയെ പരിചരിച്ച നാല് നേഴ്സുമാരും പനിയുമായി എത്തി. രോഗിയുമായി ഒരു സമ്പർക്കവുമില്ലാത്ത നാൽപ്പതുകാരൻ അന്നുതന്നെ നിപായുടെ എല്ലാ ബാഹ്യ ലക്ഷണങ്ങളുമായി അഡ‌്മിറ്റായി. അഞ്ചിന്  പന്നിഫാമിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിയും രോഗലക്ഷണവുമായി ചികിത്സയിൽ പ്രവേശിച്ചതോടെ മെഡിക്കൽ കോളേജും പരിസരവും യുദ്ധരംഗത്തെന്നപോലെ ഉണർന്നുകഴിഞ്ഞിരുന്നു.

രോഗികളുടെ എണ്ണം വീണ്ടും കൂടിയാലോ എന്ന കണക്കുകൂട്ടലിൽ ആശുപത്രി ഭരണവിഭാഗത്തിലെ ജീവനക്കാർ താമസിക്കുന്ന മൂന്നുനില കെട്ടിടം ഒഴിപ്പിച്ച് അവിടെ ഓക്സിജൻ സംവിധാനം, വെന്റിലേറ്ററുകൾ, ഐസിയു, ഐസൊലേഷൻ വാർഡുകൾ എന്നിവ സജ്ജീകരിച്ചു. 48 മണിക്കൂറുകൊണ്ട് 30 മുറികളാണ് ഇത്തരത്തിൽ ഒരുക്കിയെടുത്തത്.

കൺട്രോൾ റൂം

മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീതാനായരുടെ നേതൃത്വത്തിലാണ് നിപാ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം പ്രളയകാലത്തെ ആരോഗ്യ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകിയ ഭരണവിഭാഗം കെട്ടിടത്തിലെ മുറികളാണ് കൺട്രോൾ റൂമായി മാറിയത്. നിപായുമായി ബന്ധപ്പെട്ട എന്ത് സഹായത്തിനും തയ്യാറായി 24 മണിക്കൂർ ഹെൽപ് ഡെസ്കും തയ്യാറായി. മെഡിക്കൽ കോളേജിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സൂപ്രണ്ട് ഡോ. പീറ്റർ പി വാഴയിൽ, ആർഎംഒ ഡോ. ഗണേഷ് മോഹൻ എന്നിവരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂമിലാണ് തീരുമാനിക്കുന്നത്.

പ്രധാനമായും വിവിധതലത്തിലുള്ള ജീവനക്കാരുടെ വിന്യാസം, മരുന്നുകളുടെയും സാധനങ്ങളുടെയും സ്റ്റോക്ക് നിലനിർത്തൽ, ദിവസേന വിവിധ തലങ്ങളിലായി നടക്കുന്ന ട്രെയിനിങ്, വ്യത്യസ്ത കേന്ദ്ര–-സംസ്ഥാന സംഘങ്ങളുടെ സന്ദർശനങ്ങൾ തീരുമാനിക്കൽ, ചികിത്സാക്രമം തീരുമാനിക്കൽ, രോഗികളുടെ സ്ഥിതിവിവരം ശേഖരിക്കലും വിവിധ ഏജൻസികൾക്ക് എത്തിക്കലും, ആംബുലൻസ് വിന്യാസം എന്നീ ചുമതലകൾ ഇവിടെ നിർവഹിക്കുന്നു.

പുണെ എൻഐവി  കളമശേരിയിൽ

നിപാ രോഗം സ്ഥിരീകരിക്കാൻ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻഐവി) പരിശോധനാ ഫലം കൂടിയേ തീരൂ. സാമ്പിളുമായി പുണെയിലേക്കും പരിശോധനയ‌്ക്കുശേഷം ഫലം തിരിച്ച് എത്തിക്കുന്നതിനും എടുക്കുന്ന വിലപ്പെട്ട മണിക്കൂറുകൾ (ചിലപ്പോൾ രണ്ടോ മൂന്നോ ദിവസങ്ങൾ) ചികിത്സയിൽ വളരെ നിർണായകമായിരുന്നു. എന്നാൽ, രോഗം സംശയിക്കുന്ന ഒരാൾ മെഡിക്കൽ കോളേജിലെത്തിയാൽ വെറും മൂന്നു മണിക്കൂറുകൊണ്ട് രോഗനിർണയം സാധ്യമാകുന്ന തരത്തിൽ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം ആർടിപിസിആർ എന്ന ഉപകരണവുമായെത്തി. മെഡിക്കൽ കോളേജിലെ മൈക്രോബയോളജിയിൽ ലാബ് സ്ഥാപിച്ചു. ആലപ്പുഴ വൈറോളജിയിലെ ശാസ്ത്രജ്ഞരും എറണാകുളം മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

നിപാ സൂട്ടിൽ നാലു മണിക്കൂർ മാത്രം

ഐസൊലേഷൻ വാർഡുകളിലും പനി ക്ലിനിക്കിലും ഉൾപ്പെടെ നിപാ സംശയിക്കുന്നവരെ പരിചരിക്കുന്നത് ഡോ. വിഭ സന്തോഷ് നേതൃത്വം നൽകുന്ന ടീമാണ്. ഇതോടൊപ്പം നേഴ്സുമാർ, അറ്റൻഡർമാർ, ശുചീകരണ ജീവനക്കാർ, മാലിന്യ മാനേജ്മെന്റ് വിഭാഗം എന്നിവരുമുണ്ട‌്. ഓരോ വിഭാഗത്തിലും ഒരിക്കൽ രണ്ടുപേർ വീതമാണ് ഡ്യൂട്ടിയിലുണ്ടാവുക. നാലു മണിക്കൂറാണ് നിപാ സൂട്ടിൽ ഒരാൾ ഡ്യൂട്ടി ചെയ്യുക. തലമുതൽ ഉടൽ മുഴുവൻ മൂടുന്ന വസ‌്ത്രത്തിനുള്ളിലായാൽ ഭക്ഷണം കഴിക്കലോ വെള്ളം കുടിക്കലോ എന്തിനേറെ മൂത്രമൊഴിക്കാൻ പോലും സാധിക്കില്ല. അടിമുടി വിയർത്ത‌് ആകെ അസ്വസ്ഥമായാണ‌് വസ‌്ത്രത്തിനുള്ളിൽ കഴിയേണ്ടിവരിക. ഉടുപ്പ‌് ധരിക്കാനും രോഗികളെ പരിചരിക്കാനും രോഗിയിൽനിന്ന് സാമ്പിൾ ശേഖരിച്ച് പായ‌്ക്ക് ചെയ്യാനുംമുതൽ ഉടുപ്പ‌് അഴിച്ച‌ുമാറ്റാൻവരെ പ്രത്യേക പരിശീലനം വേണം. നാലു മണിക്കൂറിലേറെ സമയം ഒരാൾക്ക് ഈ സൂട്ട് ധരിച്ച് നിൽക്കാനാകില്ല. ഇവ രണ്ടാമത് ഉപയോഗിക്കാനും സാധ്യമല്ല. ഉപയോഗിച്ചവ അതിനുശേഷം കത്തിച്ചുകളയണം.

വിവിധ സ്ഥലങ്ങളിൽ എളുപ്പം എത്താനായി ഇരുപതോളം ആംബുലൻസ് ജീവനക്കാരെ അഞ്ച് വ്യത്യസ്ത സ്റ്റേഷനുകളിലായി നിർത്തിയിരിക്കുകയാണ്.

രാജ്യമാകെ ഇവിടെ

രാജ്യത്തെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മിക്ക സ്ഥാപനങ്ങളും സഹായവുമായി ഇപ്പോൾ മെഡിക്കൽ കോളേജിലുണ്ട‌്. ആർഒഎച്ച‌്എഫ‌്ഡബ്ല്യുവിലെ ഡോ. രുചി ജെയിൻ, എൻസിഡിസിയിലെ  ഡോ. രഘു, ഡോ. സതീഷ് നാഗരാജൻ, എയിംസിലെ  ഡോ. അനിമേഷ്, ഡോ. വിക്രം, ആലപ്പുഴ എൻഐവിയിലെ ഡോ. അനുകുമാർ ബാലകൃഷ്ണൻ, പുണെ എൻഐവിയിലെ ഡോ. സീമ സഹായി, ഡോ. അനിത ഷെട്ടേ, എൻഎആർഐയിൽനിന്ന് ഡോ. അഭിജിത്ത് തുടങ്ങിയവർ നിപാ ബാധയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ സന്ദർശനത്തിനെത്തിയതാണ്.


പ്രധാന വാർത്തകൾ
 Top