28 May Thursday

കോവിഡ്‌ പ്രതിരോധം : സന്നാഹങ്ങളൊരുക്കി ജില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കൊറോണ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന പൊലീസ് അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാർക്ക് കൃഷിവകുപ്പിന്റെ പഴക്കൂടകൾ മന്ത്രി വി എസ് സുനിൽകുമാർ സമ്മാനിക്കുന്നു


കൊച്ചി
കോവിഡ്–-19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഏത്‌ അടിയന്തര സാഹചര്യവും നേരിടാൻ ജില്ലയ്‌ക്ക്‌ സമഗ്ര പദ്ധതി തയ്യാറായി. രോഗത്തിന്റെ അതിവേഗ വ്യാപനം തടയലാണ്‌ ജില്ലാ ഭരണവും അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രവും ആരോഗ്യവകുപ്പും തയ്യാറാക്കിയ സമഗ്ര പദ്ധതിയുടെ ലക്ഷ്യം. ടേർഷ്യറി കെയർ സെന്ററുകൾ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, കമ്യൂണിറ്റി ലെവൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ഷോർട്ട് സ്‌റ്റേ ഹോംസ്, ഹോം ഐസൊലേഷൻ എന്നിങ്ങനെയാണ് ചികിത്സാ സംവിധാനങ്ങളുടെ ഘടന.

കോവിഡ് ചികിത്സയുടെ ടേർഷ്യറി കെയർ സെന്ററായ എറണാകുളം മെഡിക്കൽ കോളേജിൽ 650 കിടക്കകളും 20 ഐസിയു കിടക്കകളും 25 വെന്റിലേറ്ററുകളുമാണുള്ളത്. പത്ത് സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാണ്‌. ആലുവ ജില്ലാ ആശുപത്രിയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയുമാണ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ.

മെഡിക്കൽ കോളേജും പിവിഎസും സജ്ജം
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിലവിലെ സൗകര്യങ്ങൾക്ക്‌ പുറമെ  ഒരു കോടി രൂപയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഐസിയുവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പദ്ധതിയുണ്ട്‌. 14 വെന്റിലേറ്ററുകളും 70 ഐസിയു കിടക്കകളും 70 ഒറ്റമുറികളുമുള്ള പിവിഎസ് ആശുപത്രിയും പൂർണസജ്ജം. പുറത്തുനിന്ന്‌ വരുന്നവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ 36 ഷോർട്ട് സ്‌റ്റേ ഹോമുകളും വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ പാർപ്പിക്കാൻ 1941 ഒറ്റമുറികളും റെഡി.

പഞ്ചായത്ത്‌, വാർഡുതല ചികിത്സാ സംവിധാനമൊരുങ്ങും
എമർജൻസി റെസ്‌പോൺസ് പ്ലാൻ പ്രകാരം ജില്ലയിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തിന് രോഗബാധ ഉണ്ടായേക്കാമെന്നാണ് ജില്ലാ ഭരണത്തിന്റെ കണക്ക്‌. 70-–-80 ശതമാനം പേർക്ക്‌ കോവിഡ് പ്രാഥമിക ചികിത്സ വേണ്ടിവരും. ഇവർ പഞ്ചായത്ത് തലത്തിലുള്ള പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ സമീപിച്ചാൽ മതിയാകും. പ്രാഥമിക ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം ജില്ലയിലെ മൊത്തം ആരോഗ്യ പരിരക്ഷാ സംവിധാന ക്ഷമതയേക്കാൾ കൂടുതലായിരിക്കുമെന്നതിനാൽ  കേന്ദ്രീകൃതമായ ചികിത്സാ സംവിധാനത്തേക്കാൾ പഞ്ചായത്തുതല, വാർഡുതല ചികിത്സാ സംവിധാനങ്ങൾ ഒരുക്കാനാണ് പദ്ധതി.

വീട്ടിൽ കഴിയുന്നവർക്ക്‌ ടെലി മെഡിസിൻ
എഴുപത്തൊമ്പത്‌ ശതമാനം പേർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുണ്ടാകുക. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന ഇവർക്കായി ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനം പഞ്ചായത്തുതലത്തിൽ ഒരുക്കും. ഡോക്ടർമാരും നേഴ്‌സുമാരുമടങ്ങുന്ന സംഘത്തിന്റെ സേവനം  ലഭ്യമാക്കും. ഡോക്ടർമാരുടെയും മെഡിക്കൽ ഡെലിവറി സംവിധാനത്തിന്റെയും ശൃംഖല ടെലി മെഡിസിൻ സംവിധാനവുമായി ബന്ധപ്പെടുത്തും. വിരമിച്ച ഡോക്ടർമാരെയും സഹകരിപ്പിക്കും. വാർഡ്‌ മെമ്പർമാർ, ആശാവർക്കർമാർ, സാക്ഷരതാപ്രവർത്തകർ എന്നിവർ ഈ സംവിധാനത്തിന്റെ ഭാഗമായുണ്ടാകും.

വാർഡുതല ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ
ജില്ലയിലെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾക്ക് പിന്തുണ നൽകുന്ന താൽക്കാലികമായ പ്രാഥമിക ചികിത്സാ കേന്ദ്രമാണിത്. 70–-80 ശതമാനം രോഗികൾക്ക് ഇവിടെ ചികിത്സ നൽകാനാകും. പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളുകൾ പോലുള്ളവയിലാകും സജ്ജീകരിക്കുക. 25 കിടക്കകളുണ്ടാകും. ഓരോ പഞ്ചായത്തിലും ഒരു ആംബുലൻസും ഒരു ടെസ്റ്റിങ്‌ കേന്ദ്രവുമുണ്ടാകും. കോവിഡ് രോഗലക്ഷണങ്ങളാണ് ഇവിടെ പരിശോധിക്കുക. ഇവിടെ കൈകാര്യം ചെയ്യാനാകാത്ത രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. രണ്ട് പഞ്ചായത്തുകൾക്കുവീതം ഡോക്ടർമാരും നേഴ്‌സുമാരുമടങ്ങുന്ന ഫീൽഡ് റെസ്‌പോൺസ് ഹോം കെയർ ടീമിനെ നിയോഗിക്കും. ഇവർ ചെറിയ രോഗലക്ഷണങ്ങൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.

ഇതര ചികിത്സയ്‌ക്കും സംവിധാനം
കോവിഡ് ഇതര രോഗ ചികിത്സയ്‌ക്കും സംവിധാനം ഒരുക്കും. കൂടാതെ ഓൺലൈൻ ഫുഡ് ഡെലിവറി മാതൃകയിൽ മരുന്നുകളുടെ വിതരണവും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. കമ്യൂണിറ്റി സർവെയ്‌ലൻസ് സംവിധാനത്തിൽ ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സേവനവും പ്രയോജനപ്പെടുത്തും. വാർഡുതലം മുതൽ ജില്ലാതലംവരെ സർവെയ്‌ലൻസ് യൂണിറ്റ് പ്രവർത്തിക്കും.

സാമ്പിൾ എടുക്കാൻ മൊബൈൽ കാബിനെറ്റും
ആദ്യഘട്ടത്തിൽ ആലുവ ജില്ലാ ആശുപത്രി, കരുവേലിപ്പടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്‌ സാമ്പിൾ ശേഖരണ കേന്ദ്രങ്ങൾ. രണ്ടാംഘട്ടത്തിൽ തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, പെരുമ്പാവൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രികളിലും തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കോവിഡ് കെയർ ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിലും സാമ്പിൾ ശേഖരിക്കും. വലിയ രീതിയിൽ വൈറസ് വ്യാപനമുണ്ടായാൽ പഞ്ചായത്ത്/നഗരസഭാ തലത്തിൽ മൊബൈൽ കലക്‌ഷൻ യൂണിറ്റുകൾ സ്ഥാപിക്കും. മൊബൈൽ സാമ്പിൾ കലക്‌ഷൻ ക്യാബിനറ്റുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമാകും ഇത്‌. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) പ്രാദേശികമായി നിർമിക്കാനും പദ്ധതിയുണ്ട്‌.

കൂടുതൽ ആംബുലൻസ്‌ എത്തും
അറുനൂറ്റി അമ്പത്തിനാല്‌ ആംബുലൻസുകളാണ് ജില്ലയിലുള്ളത്. ഇതിൽ 58 എണ്ണം ഇപ്പോൾ സർവീസ്‌ നടത്തുന്നു. കൂടുതൽ വൈറസ് വ്യാപനം കണ്ടെത്തിയാൽ ഓരോ പഞ്ചായത്തിനും രണ്ട് ആംബുലൻസുകൾവീതം നൽകും. വാഹനങ്ങൾ അണുവിമുക്തമാക്കാനുള്ള സ്റ്റേഷൻ ഓരോ പഞ്ചായത്തിലും/താലൂക്കിലും സജ്ജമാക്കും.

ജനസംഖ്യയിൽ പകുതി നഗരത്തിൽ
ജില്ലയിലെ മൊത്തം ജനസംഖ്യ (3.2 ദശലക്ഷം)യുടെ 50 ശതമാനത്തിലധികം  നഗര മേഖലയിലാണ്. ജില്ലയിലെ ആശുപത്രികളുടെ വിവരം ഇങ്ങനെ: മെഡിക്കൽ കോളേജ്‌–-1, ജനറൽ ആശുപത്രികൾ–-2, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി–-1,  താലൂക്ക് ആശുപത്രികൾ–-11, കമ്യൂണിറ്റി ഹെൽത്ത് സെന്റർ–-22,  പിഎച്ച്‌സി/എഫ്എച്ച്‌സികൾ–-76,  സബ്‌സെന്ററുകൾ–-410, അർബൻ പിഎച്ച്‌സികൾ–-15. കിടത്തി ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളും സ്വകാര്യ/ഇഎസ്‌ഐ ആശുപത്രികളുമുണ്ട്‌. ഇതിന്‌ മൊബൈൽ മെഡിക്കൽ യൂണിറ്റ്‌–-3, ആയുർവേദ ആശുപത്രികൾ–-27, ഹോമിയോ ഡിസ്‌പെൻസറികൾ–-41, സിദ്ധ ഡിസ്‌പെൻസറി–-1. സർക്കാർ മേഖലയിൽ കിടക്കകൾ–- 2310, വെന്റിലേറ്റർ–-24 എണ്ണം. സ്വകാര്യ മേഖലയിൽ കിടക്കകൾ–- 6596, വെന്റിലേറ്റർ–- 259.  സർക്കാർ മേഖലയിൽ ഡോക്ടർമാർ–-518, അനസ്‌തെസ്റ്റിസ്റ്റുകൾ–-11, 22 ഫിസിഷ്യൻസ്‌–-22, നേഴ്‌സുമാർ–-834. സേവനമനുഷ്‌ഠിക്കുന്നത്.

അഗതിമന്ദിരങ്ങളിൽ 5269 പേർ
ജില്ലയിൽ 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 3,71,557 ആണ്. ആശാ പ്രവർത്തകർക്ക് ലഭ്യമായ കണക്കുപ്രകാരം വൃദ്ധസദനങ്ങൾ, ഷെൽറ്റർ ഹോമുകൾ, പാലിയേറ്റീവ് കെയർ ഹോമുകൾ തുടങ്ങിയ 229 സ്ഥാപനങ്ങളിലായി 5269 അന്തേവാസികളാണ് രോഗസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത്.

ചേരികളിൽ 60678 പേർ
ജില്ലയിൽ ഭൂപ്രദേശപരമായി രോഗസാധ്യതയുള്ള ജനവിഭാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലാകെ 231 ചേരി പ്രദേശങ്ങളാണുള്ളത്. ഈ മേഖലയിലെ ആകെ ജനസംഖ്യ 60678 ആണ്.

ഒരു വിളിയകലെ സഹായം
വൈദ്യസഹായം അഭ്യർഥിക്കാനും ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യാനും മാനസികപ്രശ്‌നങ്ങളുള്ളവർക്ക് കൗൺസലിങ്‌ നൽകുന്നതിനും ആംബുലൻസ് സേവനങ്ങൾക്കുമായി ഓൺലൈൻ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിട്ടുണ്ട്. കൊറോണ കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ പ്രായമേറിയവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ നവജാതശിശുക്കളുടെ ആരോഗ്യ പരിപാലനവും നിർവഹിക്കുന്നുണ്ട്.


പ്രധാന വാർത്തകൾ
 Top