28 May Thursday

കോവിഡിനെ അഴിക്കുള്ളിലാക്കി സോമൻ

ശ്രീരാജ‌് ഓണക്കൂർUpdated: Wednesday Apr 8, 2020

കൊച്ചി
ലോകത്തെ വിറപ്പിച്ച കോവിഡിനെ അഴിക്കുള്ളിലാക്കിയിരിക്കുകയാണ്‌ പെരുമ്പാവൂർ സ്വദേശി സോമൻ. ചിരട്ടയിൽ തീർത്ത കോവിഡിന്റെ രൂപം പനിച്ചയം പാലച്ചുവട്ടിൽ പി കെ സോമന്റെ വീട്ടിൽ തടവിലാണ്‌. പുറത്തിറങ്ങിയാൽ വെടിവച്ചു കൊല്ലാൻ പൊലീസുകാരൻ തോക്ക് പിടിച്ച്‌ കാവലുണ്ട്. കോവിഡിനെ കാണാൻ ആൾക്കാർ വന്നാൽ കൈകൾ കഴുകാൻ ടാപ്പും സാനിറ്റൈസറും. തൊട്ടടുത്ത്‌ സ്‌റ്റെതസ്‌കോപ്പിലൂടെ ആരോഗ്യപ്രവർത്തകരുടെ കരുതലും കാണാം. ഇതെല്ലാം ചേർന്നതാണ്‌ ‘കോവിഡും പ്രതിരോധവും’ ശിൽപ്പം. കോറോണക്കാലത്തിനുശേഷം  കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്ക്‌ ഈ ശിൽപ്പം സമ്മാനിക്കാൻ കാത്തിരിക്കുകയാണ്‌ സോമൻ.

ചിരട്ടകൊണ്ടുള്ള നിരവധി ശിൽപ്പങ്ങളാണ് സോമന്റെ കരവിരുതിൽ ഒരുങ്ങിയിട്ടുള്ളത്‌. മൂന്നു വർഷംമുമ്പ് കാലിലെ ഞരമ്പിന്റെ രക്തയോട്ടം തടസ്സപ്പെട്ടതോടെ നടക്കാനും ഇരിക്കാനും പ്രയാസമായി. വീട്ടിലിരുന്ന ഈ സമയത്താണ്‌ ചിരട്ടകളിൽ തന്റെ കരവിരുത് പരീക്ഷിച്ചത്. ആദ്യമൊക്കെ പരാജയമായിരുന്നു ഫലം. ഭാര്യ രാജമ്മയുടെയും മക്കളായ സരിതയുടെയും സരിലിന്റെയും പ്രോത്സാഹനം കൂടിയായപ്പോൾ ശാരീരിക ബുദ്ധിമുട്ട് മറന്ന് മനോഹര ശിൽപ്പങ്ങൾ പൂർത്തിയാക്കുകയായിരുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങൾ, ഫ്ളവർവേസുകൾ, ടേബിൾ ലാബുകൾ തുടങ്ങി നിരവധി വസ്തുക്കൾ നിർമിച്ചിട്ടുണ്ട്‌. ചിരട്ടയിൽ തീർത്ത മരണക്കിണറിന്റെ രൂപം ആരെയും അതിശയിപ്പിക്കുന്നതാണ്‌. ഇവ കൈരളി ഹാൻഡി ക്രാഫ്റ്റുകളിലൂടെയും വിവിധ മേളകളിലൂടെയും വിറ്റഴിച്ചാണ് ഉപജീവനം.

അടുത്തിടെ കൊച്ചിയിൽ നടന്ന ഓൾ ഇന്ത്യ റേഡിയോ ലിസനേഴ്‌സ് വെൽഫെയർ അസോസിയേഷൻ സുഹൃത്‌ സംഗമത്തിൽ വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ച ശിൽപ്പങ്ങൾ സോമൻ നിർമിച്ചതാണ്‌. നല്ലൊരു റേഡിയോ ശ്രോതാവുകൂടിയായ ഇദ്ദേഹം ടെലിവിഷൻ അധികം കാണാറില്ല. കോവിഡ്‌ വന്നതോടെ ടെലിവിഷൻ കൂടുതൽ കാണാൻ തുടങ്ങി. ലോകമെങ്ങും ആൾക്കാർ മരിക്കുന്ന വാർത്തയറിഞ്ഞതോടെ ജോലി ചെയ്യാൻ കഴിയാതെ ടെൻഷനിലായി. തുടർന്നാണ്‌ കോവിഡിനെ പൂട്ടാൻ തീരുമാനിച്ച്‌ മൂന്നു ദിവസംകൊണ്ട്‌ ശിൽപ്പം ഒരുക്കിയതെന്നും സോമൻ പറയുന്നു.


പ്രധാന വാർത്തകൾ
 Top