30 May Saturday

ആരോഗ്യപ്രവർത്തകർക്ക്‌ മുഖ്യമന്ത്രിയുടെ അഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സ്വയം സമർപ്പിച്ച എല്ലാ ആരോഗ്യപ്രവർത്തകരെയും അഭിവാദ്യം ചെയ്തായിരുന്നു ലോകാരോഗ്യ ദിനമായ ചൊവ്വാഴ്ചത്തെ (ഏപ്രിൽ 7) മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തുടങ്ങിയത്‌. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നേഴ്‌സുമാർ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

നിപാ പ്രതിരോധ സേവനത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട നേഴ്‌സ്‌ ലിനിയെയും കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ്‌ ബാധയേറ്റ കോട്ടയം മെഡിക്കൽ കോളേജിലെ രേഷ്‌മ മോഹൻദാസിനെയും ഏത്‌ ജില്ലയിലേയും രോഗബാധിതരെ ശുശ്രൂഷിക്കാൻ സന്നദ്ധത അറിയിച്ച  മറ്റൊരു നേഴ്‌സ്‌ പാപ്പാ ഹെൻട്രിയെയും മുഖ്യമന്ത്രി പേരെടുത്ത്‌ പരാമർശിച്ചു. നേഴ്‌സുമാർ നമുക്ക്‌ നൽകുന്ന ഊർജത്തിന്റെയും കരുതലിന്റെയും  ഉദാഹരണങ്ങളാണ്‌ അവർ. ഇതേ കരുതൽ അവർക്ക്‌ തിരിച്ചുനൽകാനുള്ള ചുമതല നമുക്ക്‌ ഓരോരുത്തർക്കുമുണ്ട്‌–-അദ്ദേഹം പറഞ്ഞു.

ഡൽഹിയിലും മുംബൈയിലും കോവിഡ്‌ ബാധിച്ച നേഴ്‌സുമാരെക്കുറിച്ച്‌ നമുക്ക്‌ ഉൽക്കണ്‌ഠയുണ്ട്‌. അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ലോകത്താകെയുള്ള മലയാളി സമൂഹവും മലയാളി സംഘടനകളും അതത്‌ സ്ഥലങ്ങളിൽ അവർക്ക്‌ ഇടപെടാൻ പറ്റുന്ന തരത്തിൽ ഇടപെട്ടുകൊണ്ട്‌ നമ്മുടെ ആരോഗ്യപ്രവർത്തകരെ സഹായിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top