കൊച്ചി
കലയുടെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായ മഹാരാജാസിന്റെ മണ്ണിൽ ഇനി അഞ്ചുനാൾ സർഗപ്രതിഭകളുടെ സംഗമം. മഹാത്മാഗാന്ധി സർവകലാശാല കലോത്സവം -‘അനേക’യ്ക്ക് ബുധനാഴ്‌ച എറണാകുളത്ത് വേദികൾ ഉണരും. 12 വരെ എട്ട് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ അഞ്ച് ജില്ലകളിലെ 209 കോളേജുകളിൽനിന്ന് എണ്ണായിരത്തിലധികം പ്രതിഭകൾ മത്സരിക്കും. മൂന്ന് ട്രാൻസ്ജെൻഡർ വിദ്യാർഥികളും മത്സരാർഥികളായുണ്ട്.
മഹാരാജാസ് മെൻസ് ഹോസ്‌റ്റൽ ഗ്രൗണ്ടിലെ നങ്ങേലി നഗറിൽ ബുധൻ വൈകിട്ട് 5.30ന് നാടകനടി നിലമ്പൂർ ആയിഷ കലോത്സവം ഉദ്‌ഘാടനം ചെയ്യും. എം കെ സാനു, ബെന്യാമിൻ, ജി ആർ ഇന്ദുഗോപൻ, ദീപ നിഷാന്ത് എന്നിവരും ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കും. പകൽ 3.30ന് മറൈൻഡ്രൈവിൽനിന്ന് ആരംഭിക്കുന്ന നിറപ്പകിട്ടാർന്ന ഘോഷയാത്ര ഒന്നാംവേദിയായ മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ എത്തുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഉദ്‌ഘാടനശേഷം തിരുവാതിരകളി, കേരളനടനം എന്നീ മത്സരങ്ങളും നടക്കും.
മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട്, മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായാണ് വേദികൾ. കോവിഡുകാലത്തെ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സജീവമായ ക്യാമ്പസുകളുടെ പ്രതീകമായി ഇത്തവണ മുൻ വർഷത്തേക്കാൾ വിദ്യാർഥി പങ്കാളിത്തമുണ്ടെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ അർജുൻ ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻ വർഷങ്ങളിൽ ആറായിരത്തോളം വിദ്യാർഥികളാണ് കലോത്സവത്തിൽ മത്സരിച്ചതെങ്കിൽ ഇത്തവണ 8000 വിദ്യാർഥികൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ ജിനീഷ രാജൻ, ജനറൽ സെക്രട്ടറി യദുകൃഷ്‌ണൻ, കൊച്ചി നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അയൽപ്പോര് കടുക്കും കിരീടത്തിനായി
പതിവായി എംജി കലോത്സവ കിരീടം ചൂടുന്നവരുടെ നാട്ടിലേക്ക് അഞ്ചുവർഷത്തെ ഇടവേളയ്‌ക്കുശേഷം ‘അനേക’ എത്തുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പ്. 2017നുശേഷം കിരീടത്തിൽ മുത്തമിടാത്ത എറണാകുളം സെന്റ് തേരേസാസ് കോളേജിന് ഇത് തിരിച്ചുവരവിനുള്ള പോരാട്ടമാണ്. തുടർച്ചയായ അഞ്ചാംകിരീടത്തിനുള്ള മത്സരമാകും തേവര സേക്രഡ് ഹാർട്ടിന്. കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനത്തുനിന്ന് കരകയറി കിരീടമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളം മഹാരാജാസ് കോളേജ്.
2018ൽ ഒടുവിൽ എറണാകുളത്തു നടന്ന കലോത്സവത്തിലാണ് സെന്റ് തേരേസാസിന് കിരീടം നഷ്‌ടമായത്. 2017 വരെ തുടർച്ചയായി ഏഴുതവണ കിരീടം ചൂടിയ സെന്റ് തേരേസാസിനെ പിന്തള്ളി ചാമ്പ്യനായത് തേവര സേക്രഡ് ഹാർട്ട് കോളേജ്. സെന്റ് തേരേസാസ് നേടിയതിനേക്കാൾ ഇരട്ടിയോളം പോയിന്റുകളോടെയായിരുന്നു എസ്എച്ചിന്റെ അട്ടിമറി ജയം. മഹാരാജാസും തൃപ്പൂണിത്തുറ ആർഎൽവിയും മൂന്നാംസ്ഥാനം പങ്കിട്ടു.
102 പോയിന്റോടെ അന്ന് ആദ്യ ചാമ്പ്യൻപട്ടം നേടിയ എസ്‌എച്ചിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അതുവരെ മാറിമാറി കിരീടം ചൂടിയിരുന്ന സെന്റ് തേരേസാസിനെയും മഹാരാജാസിനെയും വള്ളപ്പാട് പിന്തള്ളി തുടർച്ചയായ നാലുവർഷവും വിജയപീഠമേറി. 2010ൽ കോട്ടയത്തു നടന്ന കലോത്സവത്തിലാണ് മഹാരാജാസ് അവസാനം കിരീടം ചൂടിയത്. 2013ൽ അഞ്ചാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2019ൽ എസ്‌എച്ച് ചാമ്പ്യനായപ്പോൾ രണ്ടും മൂന്നും സ്ഥാനത്തായിരുന്നു മുൻചാമ്പ്യന്മാരായ മഹാരാജാസും സെന്റ് തേരേസാസും. 2020ൽ തൊടുപുഴയിൽ ഇരു ക്യാമ്പസുകളും കണക്ക് തീർക്കാനിറങ്ങിയെങ്കിലും എസ്‌എച്ചിനെ തൊടാനായില്ല. കോവിഡിനെ തുടർന്ന് 2021ൽ കലോത്സവം മുടങ്ങി. 2022ൽ പത്തനംതിട്ടയിലെ പോരാട്ടവും തുണച്ചില്ല. ആർഎൽവി കോളേജിന് ലഭിച്ച രണ്ടാംസ്ഥാനം അപ്പീലിലൂടെ തിരിച്ചുപിടിച്ച് തൃപ്‌തിപ്പെടേണ്ടിവന്നു മഹാരാജാസിന്.
കൊച്ചി വീണ്ടും കലോത്സവ വേദിയാകുമ്പോൾ എസ്‌എച്ചിന്റെ കിരീടാധിപത്യം അവസാനിപ്പിക്കാനുള്ള മത്സരമാകും മുൻചാമ്പ്യന്മാർ പുറത്തെടുക്കുക. അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ആർട്‌സ് ക്ലബ് സെക്രട്ടറിമാർ പറഞ്ഞു. കലോത്സവ വേദിയിൽ ട്രാൻസ്‌ജെൻഡറുകൾക്ക് അവസരം കിട്ടിയപ്പോൾ ആദ്യമായി അരങ്ങേറിയ ആർഎൽവി കോളേജിലെ തൻവി സുരേഷ് അനേകയിൽ നൃത്ത ഇനത്തിൽ മത്സരിക്കുന്നുണ്ട്. മുൻവർഷത്തെ കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റ് നേടിയത് തൻവിയാണ്. മഹാരാജാസിൽനിന്ന് ലളിതസംഗീതത്തിൽ മഞ്ജമി പ്രമേഷും ഭരതനാട്യത്തിൽ ഋതു മെഹറും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ മത്സരിക്കും. മഹാരാജാസ് കോജേ് ഉൾപ്പെടെ ഏഴു വേദികളിൽ ബുധനാഴ്‌ച തുടങ്ങുന്ന കലോത്സവം 12 വരെ നീളും.
സമര
സ്‌മരണകളുമായി വേദികൾ
ചരിത്രത്തിലെ നാഴികക്കല്ലുകളായ സമര സ്‌മരണകളുണർത്തി എംജി സർവകലാശാല കലോത്സവത്തിന്റെ എട്ടു വേദികൾ. മഹാരാജാസ് കോളേജ് മെൻസ് ഹോസ്‌റ്റൽ ഗ്രൗണ്ടിലെ പ്രധാന വേദിയായ വേദി 1 ‘നങ്ങേലി നഗർ’ എന്നറിയപ്പെടും.
ലോ കോളേജ് ഗ്രൗണ്ടിലെ വേദി 2 ‘തേഭാഗ’. മഹാരാജാസ് കോളേജിലെ വേദി 3 ‘കുടിയരസ്’.
മഹാരാജാസിലെ മലയാളം ഹാൾ വേദി 4 ‘പഞ്ചമി’.
മഹാരാജാസിലെ ജിഎൻആർ ഹാൾ വേദി 5 ‘1921’.
മഹാരാജാസിലെ ആർക്കിയോളജി അക്കാദമിക് ബ്ലോക്ക് വേദി 6 ‘ഗ്വേർണിക്ക’.
മഹാരാജാസ് സുവോളജി ഗ്യാലറി വേദി 7 ‘നീർദർപൻ’.
ലോ കോളേജിലെ ഹെറിട്ടേജ് ബിൽഡിങ് വേദി 8 ‘പൂമാതൈ’.
ഘോഷയാത്രയോടെ
തുടക്കം
എംജി സർവകലാശാല കലോത്സവത്തിനു തുടക്കംകുറിച്ച് മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിൽനിന്ന് ബുധൻ പകൽ 3.30ന് നിറപ്പകിട്ടാർന്ന ഘോഷയാത്ര ആരംഭിക്കും. നഗരത്തിലെ ക്യാമ്പസുകളിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന ഘോഷയാത്രയിൽ കേരളീയ കലാരൂപങ്ങളും അണിനിരക്കും. മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ടിൽ ഘോഷയാത്ര എത്തുന്നതോടെ വൈകിട്ട് 5.30ന് ഉദ്‌ഘാടനസമ്മേളനം ആരംഭിക്കും.
വേദിയിൽ ഇന്ന്
വേദി 1
മഹാരാജാസ് കോളേജ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട്
ഉദ്‌ഘാടനസമ്മേളനം വൈകിട്ട് 5.30ന്.
തിരുവാതിരകളി മത്സരം രാത്രി 8ന്.
വേദി 2
ലോ കോളേജ് ഗ്രൗണ്ട്
സമൂഹഗാനം രാത്രി 8ന്
വേദി 3
മഹാരാജാസ് ഇംഗ്ലീഷ് മെയിൻ ഹാൾ
കേരളനടനം രാത്രി 8ന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..