കൊച്ചി > ആഴക്കടല്‍ മീന്‍പിടിത്തത്തിന് മാനദണ്ഡം മറികടന്ന് തമിഴ്നാടിന് വഴിവിട്ട കേന്ദ്രസഹായം. തീരദേശ സംസ്ഥാനങ്ങള്‍ക്കായി ആഴക്കടല്‍ മീന്‍പിടിത്തപദ്ധതി നടപ്പാക്കാന്‍ നീക്കിവച്ച 401 കോടി രൂപയില്‍ 200 കോടി രൂപയും തമിഴ്നാടിനു മാത്രം നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ മറ്റ് തീരദേശസംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയത്. ഈ പുതിയ പദ്ധതിയില്‍ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കെയാണ് കേന്ദ്രം തമിഴ്നാടിന് ആകെ ഫണ്ടിന്റെ പകുതിയും നല്‍കിയത്. തമിഴ്നാട്ടിലെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യം മുതലാക്കാനാണ് കേന്ദ്ര നീക്കം.
രാജ്യത്തെ അഞ്ച് പ്രമുഖ കേന്ദ്ര ഗവേഷണകേന്ദ്രങ്ങളുടെ പ്രതിനിധികള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് മൂന്നുവര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന പദ്ധതിനിര്‍ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഇതനുസരിച്ച്, കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പുതിയ 270 യാനങ്ങള്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ അനുമതി നല്‍കണം. പരമ്പരാഗത സമൂഹമോ അവരുടെ സഹകരണസംഘമോ ആകണം അവ പ്രവര്‍ത്തിപ്പിക്കേണ്ടത്. തൊഴിലാളികളുടെ പരിശീലനം, യാനങ്ങളുടെ നവീകരണം, വിപണി വിപുലീകരണം തുടങ്ങിയവയ്ക്ക് 708 കോടി രൂപയാണ് മൂന്നുവര്‍ഷത്തിനുള്ളില്‍ ചെലവഴിക്കേണ്ടത്. ബോട്ട് നിര്‍മാണച്ചെലവ് ഒന്നരക്കോടി രൂപയാകുമെന്നും കണക്കാക്കിയിട്ടുണ്ട്.
പദ്ധതിയനുസരിച്ച് തമിഴ്നാടിന് 77ഉം കേരളത്തിന് 37ഉം ട്യൂണ ലോങ്ലൈന്‍ ബോട്ടുകളാണ് അനുവദിച്ചിരുന്നത്. തമിഴ്നാടിന് 30ഉം കേരളത്തിന് 11ഉം പഴ്സീന്‍ ബോട്ടുകളും അനുവദിച്ചിരുന്നു. 2016-17 വര്‍ഷത്തേക്ക് 10 സഹകരണസംഘത്തിനായി 10 ബോട്ടിന് അനുമതിതേടിയുള്ള പ്രോജക്ട് റിപ്പോര്‍ട്ട് കേരളം ഒരുവര്‍ഷംമുമ്പ് സമര്‍പ്പിച്ചതാണ്. 15.75 കോടി ചെലവില്‍ 5.08 കോടി സംസ്ഥാനത്തിന്റെയും 4.37 കോടി കേന്ദ്രത്തിന്റെയും വിഹിതമാണ്. ഏറെ പ്രതീക്ഷനല്‍കിയ റിപ്പോര്‍ട്ടില്‍ പുതിയ ബോട്ടിന് കണക്കാക്കിയിരുന്ന ഒന്നരക്കോടി രൂപ 80 ലക്ഷമായി കേന്ദ്രം ചുരുക്കി. കേന്ദ്ര-സംസ്ഥാന വിഹിതം തുല്യമാക്കി കേരളത്തോട് പുതുക്കിയ നിര്‍ദേശം വാങ്ങിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. തമിഴ്നാടിന് പണം അനുവദിക്കുകയും ചെയ്തു.
ഇരുന്നൂറു കോടി രൂപ ലഭിച്ച തമിഴ്നാട്, യാനങ്ങള്‍ രൂപകല്‍പ്പന നടത്തി, നിര്‍മാണത്തിനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. പ്രതിവര്‍ഷം 500 കോടി രൂപവീതം ആഴക്കടല്‍ മീന്‍പിടിത്തത്തിന് തമിഴ്നാടിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുഷ്മ സ്വരാജ് കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ചിരുന്നു.
തീരക്കടലും കൊള്ളയടിക്കാന്‍ കുത്തകളെ അനുവദിക്കുന്ന മീനാകുമാരി റിപ്പോര്‍ട്ടിനെതിരെ ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്ത്് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതാണ് അയ്യപ്പന്‍ കമ്മിറ്റി.അയ്യപ്പന്‍ കമ്മിറ്റി ശുപാര്‍ശകളുടെയും കേരള, തമിഴ്നാട് ഹൈക്കോടതികളുടെ ഇടപെടലുകളുടെയും പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര ഗവേഷ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..