18 October Friday

സ്കൂള്‍ ഐടി മേള ഇനങ്ങളില്‍ മാറ്റം ; അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് പുതിയ ഇനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019


തിരുവനന്തപുരം
പൊതുവിദ്യാലയങ്ങൾ ഹൈടെക്കായി മാറിയ സാഹചര്യത്തിൽ അനിമേഷൻ നിർമാണവും സ്ക്രാച്ച് പ്രോഗ്രാമിങും ഉൾപ്പെടെ മത്സര ഇനമാക്കി   ഐടി മേളകളുടെ പരിഷ്കരിച്ച മാന്വൽ പുറത്തിറങ്ങി. പ്രൈമറിയിൽ ഐ ടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്, മലയാളം ടൈപ്പിങ് എന്നിങ്ങനെ മത്സര ഇനങ്ങൾക്കും രീതികൾക്കും മാറ്റമില്ല.  ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ നിലവിലുള്ള ഐടി ക്വിസ്, ഡിജിറ്റൽ പെയിന്റിങ്, വെബ്പേജ് നിർമാണം ഇനങ്ങൾ തുടരും. നിലവിലെ പ്രോജക്ട് പ്രസന്റേഷൻ  ഒഴിവാക്കി. പകരം മൾട്ടിമീഡിയാ പ്രസന്റേഷൻ ഇനത്തിൽ പ്രസന്റേഷൻ തയ്യാറാക്കലും അവതരിപ്പിക്കലും എന്നാക്കി പുതുക്കി. മുൻകൂട്ടി നൽകുന്ന തീമിനെ അടിസ്ഥാനമാക്കി  വിഷയം മത്സരത്തിനു മുന്നോടിയായി  നൽകും. മൾട്ടിമീഡിയാ പ്രസന്റേഷൻ തയ്യാറാക്കിയശേഷം അഞ്ചു മിനിറ്റിൽ അവതരിപ്പിക്കണം.

മലയാളം ടൈപ്പിങ് മത്സരം  ടൈപ്പിങ് വേഗം അളക്കൽ എന്നതിനപ്പുറം ടൈപ്പിങും രൂപകല്പനയും എന്നാക്കി. വേഗതയ്ക്കും ലേഔട്ടിനും പകുതി വീതം മാർക്ക്‌ ലഭിക്കും. ഈ വർഷം മുതൽ അനിമേഷൻ തയ്യാറാക്കൽ മത്സരവും ഉണ്ട്‌. ടുപ്പിട്യൂബ്ഡെസ്ക് സോഫ്റ്റ്‍വെയർ ഉപയോഗിച്ച്‌ 20 സെക്കന്റിൽ കുറയാത്ത ചലച്ചിത്രം ഒരു മണിക്കൂറിനുള്ളിൽ കുട്ടികൾ തയ്യാറാക്കണം. വിഷയം 10 മിനിറ്റ് മുമ്പ്  നൽകും. അമേരിക്കയിലെ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ  ‘സ്ക്രാച്ച്’ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ഗെയിമുകളും അനിമേഷനുകളും തയ്യാറാക്കുന്ന പ്രോഗ്രാമുകളാണ്‌  പുതിയ മറ്റൊരു മത്സര ഇനം.  ഹൈസ്കൂൾ വിഭാഗത്തിൽ മത്സര ഇനങ്ങളുടെ എണ്ണം ഒന്നു വർധിച്ച്‌ ഏഴായും ഹയർസെക്കൻഡറി വിഭാഗത്തിൽ അഞ്ചിൽ നിന്നും ഏഴായും മാറി. കൈറ്റ്  തയ്യാറാക്കുന്ന പൊതുചോദ്യങ്ങളുടെ അടിസ്ഥാനത്തി ലായിരിക്കും  സ്കൂൾ, -ഉപജില്ലാ -റവന്യൂ ജില്ലാ തലങ്ങളിൽ ഐടി ക്വിസ്. ഉപജില്ലാതലം തൊട്ട് ഒരേ സമയം ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പുതിയ രീതിയിലായിരിക്കും ഐടി ക്വിസെന്ന്‌ കൈറ്റ്‌ വൈസ്‌ ചെയർമാൻ കെ അൻവർസാദത്ത്‌ പറഞ്ഞു.

ഐസിടി പഠന വിഭവങ്ങൾ സ്വന്തമായി തയ്യാറാക്കുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കാൻ ഐസിടി ടീച്ചിങ് എയിഡ്സ് മത്സരവും  ഐടി മേളകളിൽ തുടങ്ങും. ഇനത്തിലെ മെച്ചപ്പെട്ട ഡിജിറ്റൽ ഉള്ളടക്കം ‘സമഗ്ര’ വിഭവപോർട്ടലിൽ അപ്‍ലോഡു ചെയ്യും.


പ്രധാന വാർത്തകൾ
 Top