23 September Wednesday

“മതരാഷ്ട്രം വിനാശത്തിന്‌; ഇന്ത്യയെ രക്ഷിക്കുക’ ; കാൽലക്ഷം കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ മതേതരജ്വാല

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


“മതരാഷ്ട്രം വിനാശത്തിന്‌; ഇന്ത്യയെ രക്ഷിക്കുക’  മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യദിനത്തിൽ കാൽലക്ഷം കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ മതേതരജ്വാല തെളിക്കും. കോവിഡ് നിയന്ത്രണം പാലിച്ച്‌ ഒരു കേന്ദ്രത്തിൽ പരമാവധി പത്തുപേർമാത്രം പങ്കെടുക്കും. രാജ്യത്തിന്റെ മതനിരപേക്ഷ  ഭരണഘടന ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ്‌ ഇത്തവണ ആഗസ്ത്‌ 15ന്‌ മതേതരജ്വാല തെളിക്കുന്നതെന്ന്‌  സംസ്ഥാന സെക്രട്ടറി‌ എ എ റഹിം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസും ബിജെപിയും മതതീവ്രവാദ സംഘടനകളും ചേർന്നുള്ള അവിശുദ്ധ രാഷ്ട്രീയസഖ്യം എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്‌. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള മോഹമാണ്‌ ഇതിനു പിന്നിൽ. ഇടതുപക്ഷ സർക്കാരിനെ എങ്ങനെയും ഇല്ലാതാക്കാൻ ആർഎസ്എസും ലക്ഷ്യമിടുന്നു.

പിഎസ്‌‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ ആശങ്ക പരിഹരിക്കാൻ ഡിവൈഎഫ്ഐ ഇടപെടും. ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. സ്വർണക്കടത്ത്‌ കേസ് അന്വേഷണം അട്ടിമറിക്കാനാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്‌. സ്വർണമടങ്ങിയ പാഴ്സൽ കൊടുത്തയച്ച ആളെ നാട്ടിലെത്തിക്കാൻ കേന്ദ്രം തയ്യാറാകാത്തതിന്റെ പിന്നിലും ഇതേ ലക്ഷ്യമാണെന്നും റഹിം പറഞ്ഞു.

ഓൺലൈൻ പഠനത്തിനായി ഡിവൈഎഫ്ഐ ആരംഭിച്ച ടിവി ചലഞ്ചിലൂടെ സമാഹരിച്ച് കൈമാറിയത് 11,602 ടെലിവിഷൻ. 163 ടാബ്, 157 മൊബൈൽ ഫോൺ എന്നിവയും വിതരണം ചെയ്തു. ആദിവാസി മേഖലകളിൽ ടിവി വിതരണം ഉറപ്പുവരുത്താൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. വ്യക്തികളും രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളും വലിയ പിന്തുണ നൽകിയതായും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top