14 November Thursday

ലോകത്ത് സ്ത്രീതുല്യത സൃഷ്ടിച്ചത് റഷ്യൻ വിപ്ലവം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019


തൃശൂർ
റഷ്യൻ വിപ്ലവത്തിന് ശേഷമാണ് ലോകത്തെ മറ്റ‌് പ്രമുഖ രാഷ്ട്രങ്ങളിലെല്ലാം സ്ത്രീകൾക്ക് തുല്യതയും വോട്ടവകാശവും കിട്ടിയതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കൊളോണിയലിസമില്ലാതെ  സ്വന്തം കാലിൽനിന്ന‌് തീർത്ത   സാമ്പത്തികമാതൃകയിലും വൻ മുന്നേറ്റമുണ്ടായി.  എന്നാൽ ലെനിന്റെ പിൻമുറക്കാർ ചെയ‌്ത സൈദ്ധാന്തികമായ വലിയ അബദ്ധങ്ങൾ   തകർച്ചയ‌്ക്ക‌് വഴിതുറന്നു. ശരിയാണെന്ന ധാരണയിൽ നിഷ‌്കളങ്കമായി സ്വീകരിച്ച നടപടികൾ അബദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ‘മുകളിൽ നിന്നുള്ള വിപ്ലവം–-- സോവിയറ്റ് തകർച്ചയുടെ അന്തർനാടകങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ബേബി.

അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ ജനാധിപത്യത്തെ നിർവചിക്കുന്ന കാലത്തും അവിടെ സ്ത്രീകൾ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നില്ല. ജർമനി, ഇറ്റലി, ഇംഗ്ലണ്ട‌് തുടങ്ങിയ രാജ്യങ്ങളിലും സ‌്ത്രീകൾക്ക‌് അവകാശങ്ങൾ ലഭിച്ചത‌് റഷ്യൻ വിപ്ലവത്തിനുശേഷമാണ‌്.  

സോവിയറ്റ് യൂണിയനിൽ 83 ശതമാനം സ്ത്രീകളും പ്രതിഫലം കിട്ടുന്ന ജോലി ചെയ്തിരുന്നു.  അമേരിക്കയിൽ ഇത് 55 ശതമാനം മാത്രമായിരുന്നു.  സ്ത്രീകളുടെ ഉന്നമനത്തിന്റേയും അവകാശങ്ങളുടേയും കാര്യത്തിൽ സോവിയറ്റ‌് യൂണിയൻ ലക്ഷ്യം നേടിയെന്നതിന് തെളിവാണിത‌്. വൈദ്യശാസ‌്ത്രതരംഗത്ത‌് റഷ്യൻ വളർച്ച ഏറെ മികവുറ്റതാണ‌്. കുട്ടികളുടെ സംരക്ഷണത്തിലും മാതൃകയായി. 

ബ്രിട്ടന്റേയും അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും വളർച്ചയുടെ അടിസ്ഥാനം കൊളോണിയൻ ചൂഷണമായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ വളർച്ച സ്വന്തം കാലിൽ നിന്നാണ‌്. ഇന്ത്യയിൽ അടിസ്ഥാന വ്യവസായങ്ങൾ വളരുന്നതിന് അടിത്തറ സോവിയറ്റ് യൂണിയനായിരുന്നു. രാജ്യ വളർച്ചയ്ക്ക് അത്താണിയായ പഞ്ചവത്സര പദ്ധതിയും  സോവിയറ്റ് യൂണിയൻ വിഭാവനം ചെയ്തതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാർടിക്കുള്ളിൽ ജനാധിപത്യത്തിൽ സ‌്റ്റാലിന‌് തെറ്റുകൾ സംഭവിച്ചിട്ടുണ്ട‌്. എന്നാൽ   അദ്ദേഹം നടപ്പാക്കിയ വികസനനേട്ടങ്ങൾ മറക്കാനാവില്ല. ഫാസിസത്തെ ചെറുക്കുന്നതിൽ സൃഷ‌്ടിച്ച  പ്രതിരോധമാതൃകകളും സ‌്മരിക്കേണ്ടതാണ‌്.

എന്നാൽ സോഷ്യലിസ‌്റ്റ ജനാധിപത്യ പ്രക്രിയയിൽ പിഴവുണ്ടായതായാണ‌് സിപിഐ എം വിലയിരുത്തിയിട്ടുള്ളത‌്. വികസനപ്രവൃത്തികളിൽ ജനകീയതയും സാംസ‌്കാരികതയും ഉണ്ടായില്ല.  ഫിസിഷ്യനായ ഡോക്ടർ ഓപ്പറേഷൻ നടത്തുന്ന പോലെയുള്ള സ്ഥിതിയാണ‌് ഗോർബച്ചേവിന്റെ കാലത്ത‌് നടപ്പാക്കിയത‌്‌. അപരാജിതരാണെന്ന രീതിയിൽ നടപ്പാക്കിയ  പ്രമാണവാദപരമായ കാര്യങ്ങൾ തകർച്ചക്ക‌് വഴിവച്ചു.   ഇ എം എസ‌് മുമ്പ‌് പറഞ്ഞിട്ടുള്ളതുപോലെ  നാനാ രാജ്യങ്ങളിലുണ്ടായ സോഷ്യലിസ‌്റ്റ‌് പരീക്ഷണങ്ങളിലെ  ശരികൾ സ്വീകരിച്ചും വൈകല്യങ്ങളും തെറ്റുകളും ഒഴിവാക്കിയുമുള്ള സോഷ്യലിസ‌്റ്റ‌്  പ്രക്രിയ ഏറ്റെടുക്കണമെന്നും  ബേബി പറഞ്ഞു. ജയിക്കാൻ മുതലാളിത്തം  എന്തുവഴികളും സ്വീകരിക്കും. അതിന‌് സിദ്ധാന്തമില്ല. എന്നാൽ കമ്യൂണിസം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ‌് നിലനിൽക്കുന്നത‌്.  പലപ്പോഴും സോഷ്യലിസവും കമ്യൂണിസവും കൂട്ടിക്കലർത്തി അബദ്ധങ്ങൾ പ്രചരിപ്പിക്കുകയാണ‌്. സമത്വങ്ങൾ തനിയെ ഉണ്ടാവില്ല. അതിന‌് പോരാട്ടങ്ങൾ തന്നെയാണ‌് വഴിയെന്നും അദ്ദേഹം പറഞ്ഞു.  

ചടങ്ങിൽ  ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിദ്ധീകരണസമിതി ചെയർമാൻ കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷനായി. ഡോ. കെ പി എൻ അമൃത പുസ്തകം ഏറ്റുവാങ്ങി.  ഡോ. കെ പ്രദീപ്കുമാർ വിവർത്തനാനുഭവങ്ങൾ പങ്കുവച്ചു.   പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ എസ് ജയ സ്വാഗതവും  ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ നന്ദിയും പറഞ്ഞു.  ഡേവിഡ് എം കോട്സ്, ഫ്രെഡ‌് വെയർ എന്നിവരാണ‌് ഗ്രന്ഥകർത്താക്കൾ.


പ്രധാന വാർത്തകൾ
 Top