01 December Tuesday

പ്രതിപക്ഷത്തിന്റെ പുകമറ സൃഷ്ടിക്കൽ വിലപ്പോകില്ല: മന്ത്രി തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലൂടെ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷനേതാവ്‌ അടക്കമുള്ളവരുടെ ശ്രമം വിലപ്പോകില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. എംപി ഫണ്ട് വെട്ടിക്കുറച്ചതിനെ വിമർശിക്കാൻപോലും ഇവർക്കാകുന്നില്ല. തരാനുള്ളതെല്ലാമായി എന്നുപറഞ്ഞ്‌ കേന്ദ്രത്തെ വെള്ളപൂശാനാണ്‌ ശ്രമം.

സർക്കാരിന്റെ വരുമാനം ഇല്ലാതാകുന്ന അവസ്ഥ സംസ്ഥാനത്ത്‌ ആദ്യമാണ്‌. പ്രളയകാലത്തും വരുമാനത്തിന്റെ മൂന്നിലൊന്നാണ് കുറഞ്ഞത്. അടച്ചുപൂട്ടലിൽനിന്ന്‌ സാമ്പത്തികരംഗം കരകയറുന്നതുവരെ പകുതിയിൽ താഴെ വരുമാനം പ്രതിക്ഷിച്ചാൽ മതി. സർക്കാർ ചെലവ്‌ കുതിച്ചുയരുന്നു. മരുന്നും മറ്റുമായി 400 കോടി രൂപയാണ് ബജറ്റ്‌ വകയിരുത്തൽ. 600 കോടി ധനകാര്യവർഷത്തിന്റെ ആദ്യആഴ്‌ചയിൽ നൽകി. 15 കിലോവീതം സൗജന്യ അരി വിതരണത്തിന്‌ 150 കോടി വേണം. ഭക്ഷ്യക്കിറ്റിന് 650 കോടിയും. പെൻഷനില്ലാത്ത ക്ഷേമനിധി തൊഴിലാളികളെ സഹായിക്കാൻ 500 കോടിവേണം, സാധാരണക്കാർ, കച്ചവടക്കാർ, ക്ഷേത്ര കലാകാരൻമാർ, നാടകക്കാർ തുടങ്ങിയവർക്കായി 150 കോടിയും. കുടുംബശ്രീക്ക്‌ വായ്‌പയ്‌ക്കുള്ള 2000 കോടിയുടെ പലിശ ബാധ്യത 500 കോടിയാണ്‌. ക്ഷേമ പെൻഷന്‌ 4600 കോടി നീക്കിവച്ചു. സ്കോളർഷിപ്പുകൾ, സ്റ്റൈപെൻഡുകൾ, ക്ഷേമനിധി കുടിശ്ശിക സഹായങ്ങൾ, തദ്ദേശഭരണ സ്ഥാപന ബില്ലുകൾ, റബർ സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം നൽകുന്നു.

രാജസ്ഥാൻ, മഹാരാഷ്ട്ര കോൺഗ്രസ്‌ സർക്കാരുകൾ ശമ്പളം പാതി വെട്ടിക്കുറച്ചു. കേരളം അതിന്‌ തയ്യാറായില്ല. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ നയാപൈസ നൽകിയിട്ടില്ല. ഇതിനെതിരെ കോൺഗ്രസ്‌ സർക്കാരുകളുമൊക്കെച്ചേർന്ന്‌ കേന്ദ്രസർക്കാരിനെതിരെ നീങ്ങുകയാണ്‌. സംസ്ഥാനത്തിന്‌ ലഭിച്ച 1594 കോടി രൂപ ധന കമീഷന്റെ തീർപ്പിലുള്ളതാണ്‌. നികുതിവിഹിതം 22 ശതമാനം കുറയുമെന്നതിനാലാണ്‌ സഹായം. ഇതിൽ 150 കോടി പൊതുദുരിതാശ്വാസ സഹായത്തിന്റെ ഭാഗവും.

ജിഎസ്ടി നഷ്ടപരിഹാരം 3000 കോടി കിട്ടാനുണ്ട്. ഏപ്രിലിലെ നഷ്ടപരിഹാര കുടിശ്ശിക വിഹിതത്തിന്‌ ഉറപ്പുമില്ല. ഇതിൽ പ്രതിപക്ഷ നേതാക്കൾക്ക്‌ മിണ്ടാട്ടമില്ല. സംസ്ഥാന സർക്കാരുകളാകെ ഉയർത്തുന്ന കടമെടുപ്പ്‌ പരിധി പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിനെ വെള്ളപൂശുകയും ചെയ്യുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top