26 May Tuesday

വേനൽമഴ കനിഞ്ഞില്ലെങ്കിൽ 4 ജില്ല വരളും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020


തിരുവനന്തപുരം
വേനൽമഴ കനിഞ്ഞില്ലെങ്കിൽ  വടക്കൻ ജില്ലകളിൽ ജലക്ഷാമം ഉണ്ടാകും.  കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്  കഷ്ടത്തിലാവുക. ഡിസംബർമുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ഈ പ്രദേശങ്ങളിൽ മഴ ലഭ്യതയിൽ വൻ കുറവുണ്ടായി. മാർച്ച് മുതൽ ഏപ്രിൽ അഞ്ച് വരെ മഴയിൽ 75 ശതമാനത്തിൽ അധികമാണ്  കുറവ്. ഈ ജില്ലകളിലെ ഉയർന്ന സ്ഥലങ്ങളിൽ ഇതിനകം ജലക്ഷാമം നേരിട്ടുതുടങ്ങി.  ഭൂഗർഭ ജലവിതാനത്തിലും ഇടിവുണ്ടായി.

കിണറുകളിൽ സ്വാഭാവികമായി ഉണ്ടാകേണ്ട ജലവിതാനത്തിൽ അരമീറ്റർമുതൽ ഒന്നരമീറ്റർവരെ താഴ്ചയുണ്ടായി. നവംബറിന് ശേഷം മഴ ലഭിച്ചില്ല. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സ്വഭാവിക മഴദിനങ്ങളും ഉണ്ടായില്ല. മാർച്ചിൽ ലഭിക്കേണ്ട 50 മില്ലിമീറ്റർ മഴയും ഈ മേഖലയിൽ ലഭിച്ചില്ല. ഏപ്രിൽ, മെയ് മാസങ്ങളിലായി 350 മില്ലിമീറ്റർ മഴ ലഭിക്കണം. ഇല്ലെങ്കിൽ സ്ഥിതി ദുഷ്കരമാകും. ഈ നാലുജില്ലകളുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റുജില്ലകളിൽ ഇക്കാലയളവിൽ മഴലഭ്യതയിൽ ഇത്രയും കുറവുണ്ടായിട്ടില്ല.

ജലക്ഷാമം നേരിട്ടാലും വരൾച്ചബാധിതമായി പ്രഖ്യാപിക്കാൻ കഴിയാത്ത സാഹചര്യവും നിലനിൽക്കുന്നു. 3000 മില്ലിമീറ്ററാണ് സംസ്ഥാനത്ത് ലഭിക്കേണ്ട ശരാശരി മഴ. നവംബറോടെ ഇത് ലഭിച്ചുകഴിഞ്ഞു. കേന്ദ്രമാനദണ്ഡപ്രകാരം ലഭിക്കേണ്ട മഴയിൽ 50 ശതമാനത്തിൽ താഴെ കുറവുണ്ടായാലേ വരൾച്ച ബാധിതമായി പ്രഖ്യാപിക്കാനാകൂ. ഇനി ലഭ്യമാകുന്ന മഴവെള്ളം സംഭരിച്ചും കിണർ റീചാർജിങ്‌ അടക്കമുള്ള ജലപരിപോഷണ നടപടികൾ ശക്തമാക്കിയും ജല ഉപയോഗം നിയന്ത്രിച്ചും പ്രതിസന്ധി ഒഴിവാക്കാമെന്ന് കേന്ദ്ര ജലവിഭവ വിനിയോഗ കേന്ദ്രം മുൻ ശാസ്ത്രജ്ഞൻ വി പി ദിനേശ് പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top