21 February Thursday
ഇന്ത്യയില്‍ ആദ്യം

പശ്ചിമഘട്ടത്തില്‍ പുതിയ ഇനം മരഞണ്ടിനെ കണ്ടെത്തി

ദിലീപ് മലയാലപ്പുഴUpdated: Friday Apr 7, 2017


തിരുവനന്തപുരം > പശ്ചിമഘട്ടത്തില്‍ പുതിയ ഇനത്തില്‍പെട്ട മരഞണ്ടിനെ ഗവേഷകര്‍ കണ്ടെത്തി. കാണി മരഞണ്ട് എന്ന  പേരിലുള്ള ഇവയെ  തിരുവനന്തപുരം കോട്ടൂര്‍ വനമേഖലയിലാണ് കണ്ടെത്തിയിരിക്കുന്നത്.   ശാസ്ത്രനാമം പൂര്‍ണമായും മലയാളത്തിലുള്ള ഏകജീവി എന്ന പ്രത്യേകതയുമുണ്ട്.

പുതിയ മരഞണ്ടിന്റെ ജനുസ്സിന്  കാണികളോടുള്ള ആദര സൂചകമായി ‘കാണി’ എന്നും സ്പീഷീസിന് മലയാളം പേരായ മരഞണ്ട്’ എന്നും ഗവേഷകര്‍  നാമകരണംചെയ്യുകയായിരുന്നു. കുറുകെ അണ്ഡാകൃതിയിലുള്ള പുറന്തോടും വളരെനീണ്ട കാലുകളുമാണ് കാണി മരഞണ്ടിനെ മറ്റു മരഞ്ഞണ്ടുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. നീണ്ട കാലുകളും ആദ്യകാലിലെ അഗ്രഭാഗം വളഞ്ഞ ഉറച്ചമുള്ളുകളും അനായാസമായി മരം കയറാന്‍ ഇവയ്ക്ക് സഹായകമാകുന്നു. ശരീരത്തിന് നീലകലര്‍ന്ന കറുപ്പ് നിറമാണ്. അടിവശത്തും പാര്‍ശ്വങ്ങളിലും ഓറഞ്ചുകലര്‍ന്ന മഞ്ഞനിറവുമുണ്ട്.

കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. എ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ മരഞണ്ടിനെ കണ്ടെത്തിയത്. ഡോ. ബിജുകുമാര്‍, ഗവേഷകന്‍ സ്മൃതിരാജ്, സിംഗപ്പൂര്‍ സര്‍വകലാശാലയിലെ ലീ കോങ് ചിയാന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം മേധാവി ഡോ. പീറ്റര്‍യുങ് എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേര്‍ണല്‍ ഓഫ് ക്രസ്റ്റേഷ്യന്‍  ബയോളജിയിയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.

പൂര്‍ണമായും മരത്തില്‍ കഴിയുന്ന ഞണ്ടുകളെ പറ്റി വിവരം നല്‍കിയത് കോട്ടൂര്‍ വനമേഖലയിലെ ആദിവാസിസമൂഹത്തിലെ രാജന്‍ കാണിയും മാത്തന്‍ കാണിയുമാണ്.

ഒരുവര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ കോട്ടൂരിലെ ചെറുമാങ്കലില്‍ ആദ്യഞണ്ടിനെ കണ്ടെത്തി.  പിന്നീട് നിരവധി മരഞണ്ടുകളുടെ സാന്നിധ്യം വലിയ മരങ്ങളിലെ വെള്ളം നിറഞ്ഞ പൊത്തുകളില്‍ കണ്ടെത്താനായി. ശ്രീലങ്ക, ബോര്‍ണിയോ, മഡഗാസ്കര്‍ എന്നീ രാജ്യങ്ങളിലാണ് നിലവില്‍ പൂര്‍ണമായും മരത്തില്‍ ജീവിക്കുന്ന ഞണ്ടുകളുള്ളത്. കേരളത്തില്‍നിന്ന് കണ്ടെത്തിയ മരഞണ്ട് ഇവയില്‍നിന്ന് വ്യത്യസ്തമായതിനാലാണ് പുതിയ ജനുസ്സില്‍ ഇവയെ പെടുത്തിയത്. ജീവികളെ ശാസ്ത്രീയമായി നാമകരണം ചെയ്യുമ്പോള്‍ ജനുസ്സിനും സ്പീഷീസിനും വെവ്വേറെ പേര് നല്‍കുന്നതാണ് രീതി.

വന്‍ മരങ്ങളിലെ വെള്ളംനിറഞ്ഞ പൊത്തുകളില്‍  കഴിയുന്ന ഇവ പ്രജനനം നടത്തുന്നതും അവിടെയാണ്. താന്നി, മരുത്, വയണ, ഏഴിലംപാല എന്നീ മരങ്ങളിലെ പൊത്തുകളിലാണ്  സാധാരണയായി കാണുന്നത്.

പ്രധാന വാർത്തകൾ
 Top