20 February Wednesday

ആകാശവാണി പ്രാദേശിക പരിശീലനകേന്ദ്രങ്ങൾ പൂട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019


തിരുവനന്തപുരം
സ്വകാര്യ നിലയങ്ങളുമായുള്ള കിടമത്സരത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഓൾ ഇന്ത്യാ റേഡിയോക്ക‌് പ്രസാർ ഭാരതി കൂച്ചുവിലങ്ങിടുന്നു. ആകാശവാണിയിലെയും ദൂരദർശനിലെയും ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും അവർക്ക‌് തൊഴിൽപരിശീലനം നൽകുന്നതിലും പ്രധാന പങ്ക‌് വഹിക്കുന്ന പ്രാദേശിക പരിശീലനകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനമായി. ചെലവ‌് ചുരുക്കൽ നടപടികളുടെ ഭാഗമെന്ന വ്യാജേനയാണ‌് ആറ‌് പ്രാദേശിക പരിശീലനകേന്ദ്രങ്ങൾ പൂട്ടുന്നത‌്.

ആകാശവാണിയിലെയും ദൂരദർശനിലെയും പുതിയ ജീവനക്കാരെ തെരഞ്ഞെടുക്കാനും പരിശീലനം നൽകാനുമായി  1948ലാണ‌് ഡൽഹി കേന്ദ്രമാക്കി നാഷണൽ അക്കാദമി ഓഫ‌് ബ്രോഡ‌്കാസ്റ്റിങ‌് ആൻഡ‌് മൾട്ടി മീഡിയ തുടങ്ങിയത‌്. പുതിയ ജീവനക്കാരുടെ പരിശീലനത്തോടൊപ്പം നിലവിലുള്ള ജീവനക്കാർക്ക‌് വിവിധ വിഷയങ്ങളിൽ വിദഗ‌്ധ പരിശീലനം, റിഫ്രഷർ കോഴ‌്സുകൾ എന്നിവയും നൽകിവരുന്നു. ഉദ്യോഗക്കയറ്റത്തിനായുള്ള പരിശീലനവും ജീവനക്കാർക്ക‌് ആഭ്യന്തരമായി വിവിധ മത്സരപ്പരീക്ഷകളും എൻഎബിഎം നടത്തിവരുന്നു.

ഒരു വർഷം 120ൽപ്പരം പരിശീലന പരിപാടികൾ നടത്തുന്നു എന്നതിനാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ കാലക്രമത്തിൽ ആറ‌് പ്രാദേശിക പരിശീലനകേന്ദ്രം (റീജ്യണൽ അക്കാദമി ഓഫ‌് ബ്രോഡ‌്കാസ്റ്റിങ‌് ആൻഡ‌് മൾട്ടിമീഡിയ) ആരംഭിച്ചിരുന്നു. അഹമ്മദാബാദ‌്, ലഖ‌്നൗ, ഹൈദരാബാദ‌്, ഭുവനേശ്വർ, ഷില്ലോങ‌്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ‌് പ്രാദേശിക പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചത‌്. അവതരണം, ശബ്ദക്രമീകരണം,  നാടകാവതരണം,  സംഗീത, ആരോഗ്യ പരിപാടികൾ തുടങ്ങിയ പരമ്പരാഗത വിഷയങ്ങൾക്ക‌ു പുറമെ  ലിംഗസമത്വം, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം, ദുരന്ത റിപ്പോർട്ടിങ‌് തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകുന്നു. തെരഞ്ഞെടുപ്പ‌്  ബ്രോഡ‌്കാസ്റ്റിങ‌്, സ്പോർട‌്സ‌് കമന്ററി തുടങ്ങിയ കോഴ‌്സുകളും സമയോചിതമായി നൽകുന്നു. പുതിയ കാലഘട്ടത്തിന‌് അനുസൃതമായി പരിപാടികൾ തയ്യാറാക്കാനും നവീന സാങ്കേതികവിദ്യ ജീവനക്കാർക്ക‌് പരിചയപ്പെടുത്തുന്നതിലും പ്രാദേശിക പരിശീലനകേന്ദ്രങ്ങൾ വലിയ പങ്ക‌് വഹിക്കുന്നു.
പ്രാദേശിക കേന്ദ്രങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായുള്ള പ്രസാർ ഭാരതിയുടെ അറിയിപ്പ‌് അടുത്തിടെയാണ‌് അധികൃതർക്ക‌് ലഭിക്കുന്നത‌്.  ഭാവിയിൽ എല്ലാ പരിശീലന പരിപാടികളും ഡൽഹിയിൽകേന്ദ്രീകരിക്കും.


പ്രധാന വാർത്തകൾ
 Top