19 November Tuesday

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ : നിലപാട്‌ വ്യക്തമാക്കാതെ ആർഎസ്‌എസ്‌

ഇ എസ്‌ സുഭാഷ്‌Updated: Wednesday Nov 6, 2019


പുതിയ സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനാകാതെ ബിജെപി കേന്ദ്രനേതൃത്വം വലയുന്നു. നിരവധി പേരുകൾ ഉയർന്നെങ്കിലും സമവായത്തിൽ എത്താനായിട്ടില്ല. ആർഎസ്‌എസ്‌ നിലപാടാണ്‌ കേന്ദ്രനേതൃത്വത്തിന്‌ തലവേദനയാകുന്നത്‌. കാലങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രനേതൃത്വം കേരളത്തിലെ ആർഎസ്‌എസിനെ അവഗണിക്കുകയാണെന്ന പരാതി ശക്തമാണ്‌. കേന്ദ്രനേതൃത്വം ആരെ തീരുമാനിച്ചാലും കുഴപ്പമില്ലെന്ന നിലപാടാണ്‌ ആർഎസ്‌എസ്‌ സംസ്ഥാന നേതൃത്വത്തിന്‌. ആർഎസ്‌എസിനെക്കൊണ്ട്‌ കെ സുരേന്ദ്രനെ പ്രസിഡന്റായി അംഗീകരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌. ഇതിനായി സുരേന്ദ്രൻ ആർഎസ്‌എസ്‌ നേതാക്കളെ കണ്ടേക്കും. എം ടി രമേശ്‌ പ്രസിഡന്റാകണമെന്ന ആവശ്യം  പി കെ കൃഷ്‌ണദാസ്‌ പക്ഷം ഉന്നയിക്കുന്നുണ്ട്‌.  ശോഭ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്ന്‌ ബി ഗോപാലകൃഷ്‌ണനെപോലുള്ളവരും ആവശ്യപ്പെടുന്നു.

കെ സുരേന്ദ്രനും  എം ടി രമേശും തമ്മിലുള്ള തർക്കംമൂലമാണ്‌ വി മുരളീധരൻ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞപ്പോൾ  ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിയത്‌. അന്ന്‌ ആർഎസ്‌എസ്‌ എം ടി രമേശിനെയാണ്‌ പിന്തുണച്ചത്‌. കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കണമെന്ന ആർഎസ്‌എസ്‌  നിർദേശം  കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല.
വട്ടിയൂർക്കാവിൽ കുമ്മനത്തെ സ്ഥാനാർഥിയാക്കാനുള്ള നീക്കവും തടഞ്ഞു. രണ്ടും ആർഎസ്‌എസിന്‌ നാണക്കേടുണ്ടാക്കിയിരുന്നു. വി മുരളീധരനെ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയും ആക്കിയത്‌ ആർഎസ്‌എസിനോട്‌ ആലോചിക്കാതെയാണ്‌. ഇനിയും നാണക്കേടിനില്ല എന്നാണ്‌ ഇവരുടെ നിലപാട്‌. സുരേന്ദ്രനെ പ്രസിഡന്റാക്കിയാൽ എതിർഗ്രൂപ്പ്‌ പിണങ്ങും. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ സുരേഷ്‌ ഗോപി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉയർന്നെങ്കിലും പൊതുസ്വീകാര്യത ലഭിച്ചില്ല.

സ്വദേശി ശാസ്‌ത്ര പ്രസ്ഥാനത്തിലൂടെ വന്ന പന്തളം സ്വദേശി ജയകുമാറിനെ സംഘടനാ സെക്രട്ടറിയാക്കാനുളള നീക്കവും നടക്കുന്നുണ്ട്‌. ഇപ്പോഴത്തെ സെക്രട്ടറി എം ഗണേശനെ ദക്ഷിണേന്ത്യയുടെ ചുമതല നൽകി ഒഴിവാക്കിയേക്കും.

ജയകുമാറിനെ വി മുരളീധരൻപക്ഷം എതിർക്കുന്നുണ്ട്‌. കേരളത്തിന്റെ ചുമതലയുള്ള സംഘടനാസെക്രട്ടറി ബി എൽ സന്തോഷിന്റെ നിലപാട്‌ ഇക്കാര്യത്തിൽ നിർണായകമാണ്‌. മുരളീധരനെ അനുകൂലിക്കുന്നയാളാണ്‌ സന്തോഷ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top