13 December Friday

മാവോയിസ്‌റ്റ്‌ വേട്ട: ആദ്യ വെടിവയ്‌പ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019


കൽപ്പറ്റ
സംസ്ഥാനത്ത്‌  മാവോയിസ്‌റ്റുകൾക്കുനേരെ തണ്ടർബോൾട്ട്‌ ആദ്യമായി വെടിയുതിർത്തത്‌ രമേശ്‌ ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ. 2014 ഡിസംബർ ഏഴിന്‌ വയനാട്ടിലെ കുഞ്ഞോം ചപ്പ വനമേഖലയിലായിരുന്നു മാവോയിസ്റ്റ്‌–-തണ്ടർബോൾട്ട്‌ ഏറ്റുമുട്ടൽ. എട്ടംഗ മാവോയിസ്റ്റ് സംഘത്തിനുനേരെയാണ്‌ വെടിയുതിര്‍ത്തത്. വനത്തിൽ പട്രോളിങ് നടത്തുകയായിരുന്ന 12 അംഗ തണ്ടർബോൾട്ട്‌ സംഘത്തിനുനേരെ മാവോയിസ്‌റ്റുകൾ മൂന്നുതവണ വെടിവച്ചെന്നും തിരിച്ച്‌ സേനയുടെ വെടിവെപ്പിൽ ഇവർ ഉൾവനത്തിലേക്ക്‌ രക്ഷപ്പെട്ടുവെന്നുമാണ്‌ പൊലീസും ആഭ്യന്തരമന്ത്രിയും അന്ന്‌ പറഞ്ഞത്‌. പ്രത്യാക്രമണം നടത്തിയതുകൊണ്ട് മാത്രമാണ് സേനാംഗങ്ങളുടെ ജീവൻ രക്ഷിക്കാനായതെന്ന് ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും വ്യക്തമാക്കി. വൈകിട്ട്‌ അഞ്ചിനും ആറിനും ഇടയിലായിരുന്നു ഏറ്റുമുട്ടൽ. മാവോയിസ്‌റ്റുകൾ ഉൾവലിഞ്ഞശേഷവും പൊലീസ്‌ വെടിവെപ്പ്‌ തുടർന്നു.
മാവോയിസ്‌റ്റുകൾ ഉപയോഗിച്ച എകെ 47 തോക്കിന്റെ കെയ്സ്,  നാല് വെടിയുണ്ട, വസ്ത്രം, തൊപ്പി എന്നിവ  വനത്തിൽനിന്ന് ലഭിച്ചതായും പൊലീസ്‌ വെളിപ്പെടുത്തി.

മാവോയിസ്റ്റ് ഭീഷണി നേരിടാൻ കർണാടക, തമിഴ്നാട് സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും സ്ഥലം സന്ദർശിച്ച്‌ ചെന്നിത്തല പറഞ്ഞിരുന്നു. മാവോയിസ്റ്റ് പ്രശ്നം ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ സർവകക്ഷിയോഗവും ചേർന്നു. മാവോയിസ്‌റ്റുകൾ പൊലീസിനുനേരെ വെടിയുതിർത്തുവെന്നാണ്‌ മുഖ്യധാരാമാധ്യമങ്ങളെല്ലാം അന്ന്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

മാനന്തവാടി–-കുറ്റ്യാടി  നിരവിൽപുഴ റൂട്ടിൽ കുഞ്ഞോത്തുനിന്നും നാലുകിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ചാലാണ് ചപ്പയിൽ എത്തുക.  ഇവിടെ കുറിച്യ കോളനിക്ക്‌ സമീപമുള്ള വനത്തിലായിരുന്നു വെടിവെപ്പ്‌. പിന്നീടും വയനാട്ടിൽ പലതവണ മാവോയിസ്‌റ്റ്‌ അക്രമണങ്ങളുണ്ടായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top