22 October Tuesday

സ്‌കൂളുകളുടെ ആസ്‌ബെസ്‌റ്റോസ് മേല്‍ക്കൂര മാറ്റണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019


കൊച്ചി
സ്‌കൂളുകളുടെ ആസ്ബെസ്റ്റോസ് മേൽക്കൂരകൾ സമയബന്ധിതമായി മാറ്റാൻ സർക്കാർ നിർദേശം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തൃശൂർ ജില്ലയിലെ കയ്പമംഗലം കൂരിക്കുഴി എഎംയുപി സ്കൂളിലെ ആസ്ബെസ്റ്റോസ്‌ മേൽക്കൂര മാറ്റാൻ എഇഒ അടക്കമുള്ളവർ നിർദേശിച്ചതിനെതിരെ സ്കൂൾ മാനേജർ വി സി പ്രവീൺ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നിർദേശം. ഹർജി ഒരുമാസം കഴിഞ്ഞ്‌ പരിഗണിക്കാൻ മാറ്റി.

2016 ഏപ്രിലിലെ സ്റ്റാഫ് ഫിക്സേഷൻ ഉത്തരവുകളിലാണ് സ്കൂളിലെ അഞ്ച് ക്ലാസ് മുറികൾക്ക് ആസ്ബെസ്റ്റോസ് മേൽക്കൂരയാണെന്നും ഇതു മാറ്റണമെന്നും എഇഒ നിർദേശിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയപ്പോൾ ആസ്ബെസ്റ്റോസ് നിരോധമില്ലെങ്കിലും മേൽക്കൂര മാറ്റാനായിരുന്നു നിർദേശം. ഇതിനായി മൂന്നു വർഷത്തെ സമയംതേടി സർക്കാരിനെ സമീപിച്ചപ്പോൾ ഡിപിഐയെ സമീപിക്കാനായിരുന്നു മറുപടി. അടുത്ത അധ്യയനവർഷം തന്നെ മേൽക്കൂര മാറ്റണമെന്ന് ഡിപിഐയും നിർദേശിച്ചു. ഇതിനെതിരെ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ആസ്ബെസ്റ്റോസ് മേൽക്കൂരയുള്ള നിരവധി സ്കൂളുകളുടെ പട്ടികയും ഹർജിക്കാരൻ ഹാജരാക്കി. തന്റെ സ്കൂളിനോട്‌ സർക്കാർ കാട്ടുന്ന വിവേചനമാണിതെന്നും ഹർജിക്കാരൻ ആരോപിച്ചു.

ആസ്ബെസ്റ്റോസ് മേൽക്കൂരകൾ കുട്ടികൾക്ക് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്ന മനുഷ്യാവകാശ കമീഷൻ, ബാലാവകാശ കമീഷൻ, ലോകരോഗ്യ സംഘടന എന്നിവരുടെ നിർദേശമുള്ളതിനാലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇങ്ങനെ പറഞ്ഞതെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ സ്കൂളുകൾക്ക് ആസ്ബെസ്റ്റോസ് മേൽക്കൂരകൾ പാടില്ലെന്ന് നിർദേശിച്ചിട്ടുമില്ല. സ്കൂളുകളിൽ ആസ്ബെസ്റ്റോസ് മേൽക്കൂരകൾ നിരോധിക്കാൻ എന്തുകൊണ്ട്‌ നടപടിയെടുത്തില്ല, എല്ലാ സ്കൂളുകളിലെയും ആസ്ബെസ്റ്റോസ് മേൽക്കൂര നീക്കാൻ എന്തുകൊണ്ട് നിർദേശിച്ചില്ല തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സത്യവാങ്മൂലം നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചു.


പ്രധാന വാർത്തകൾ
 Top