03 August Monday

15 കോടിയുടെ സ്വർണവേട്ട : നയതന്ത്ര ബാഗിൽ കടത്തിയത്‌ 15 തവണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ്‌ ചെയ്ത സരിത്തിനെ കൊച്ചി കസ്റ്റംസ്‌ കമീഷണർ ഓഫീസിൽ നിന്ന്‌ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു. ഫോട്ടോ : മനുവിശ്വനാഥ്‌


യുഎഇ കോൺസുലേറ്റിന്റെ പേരുപയോഗിച്ച്‌ ഡിപ്ലോമാറ്റിക്‌ ബാഗേജിൽ സ്വർണം കടത്തിയത്‌  15 തവണയെന്ന്‌ പ്രതി പി ആർ സരിത്തിന്റെ മൊഴി. എറണാകുളം കസ്‌റ്റംസ്‌ പ്രിവന്റീവ്‌ ഓഫീസിൽ നടത്തിയ ചോദ്യംചെയ്യലിലാണ്‌ യുഎഇ കോൺസുലേറ്റ്‌ മുൻ പിആർഒയും തിരുവല്ലം സ്വദേശിയുമായ സരിത്തിന്റെ  വെളിപ്പെടുത്തൽ. കഴിഞ്ഞദിവസമാണ്‌ ദുബായിൽനിന്ന്‌ തിരുവനന്തപുരത്തെത്തിയ വിമാനത്തിൽ നിന്ന്‌ 15 കോടിയുടെ സ്വർണം പിടികൂടിയത്‌.

ചോദ്യംചെയ്യലിനുശേഷം ഇയാളുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. പിടിച്ചെടുത്ത സ്വർണം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കിയശേഷം കസ്‌റ്റംസിന്റെ ലോക്കറിലേക്ക്‌ മാറ്റി. നയതന്ത്ര പരിരക്ഷയുള്ള ബാഗിൽ കഴിഞ്ഞ വർഷം 12 തവണയും ഈ വർഷം മൂന്നു തവണയും സ്വർണം കടത്തിയതായാണ്‌ ഇയാൾ പറയുന്നത്‌. സരിത്തിനെ കൂടാതെ  കോൺസുലേറ്റിലെ നാല്‌ ഡ്രൈവർമാരെയും ചോദ്യം ചെയ്‌തു.  വിമാനത്താവളത്തിൽ പോയി ബാഗുകൾ സ്വീകരിച്ചിരുന്നതായും ബാഗ്‌ പ്രതിക്ക്‌ കൈമാറിയതായും ഡ്രൈവർമാർ സമ്മതിച്ചിട്ടുണ്ട്‌. സരിത്ത്‌ നിലവിൽ കോൺസുലേറ്റ്‌ ജനറലിന്റെ സഹായിയായാണ്‌ ജോലിചെയ്യുന്നത്‌.

സ്വർണക്കടത്തുകാരുമായുള്ള സരിത്തിന്റെ ബന്ധത്തെക്കുറിച്ച്‌ കസ്‌റ്റംസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‌ നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.
സ്വർണക്കടത്തിൽ സരിത്തിന്‌ ഒപ്പമുള്ള  ആസൂത്രകയെന്ന്‌ കരുതുന്ന സ്വപ്‌ന സുരേഷ്‌  ഐടി വകുപ്പിന്‌ കീഴിലുള്ള സ്ഥാപനത്തിലെ  താൽക്കാലിക ജീവനക്കാരിയായിരുന്നു. സംഭവത്തെ തുടർന്ന്‌ ഇവരെ പുറത്താക്കി. 2015 ൽ തിരുവനന്തപുരത്ത്‌  എയർ ഇന്ത്യ സാറ്റ്‌സിലും 2016 ൽ യുഎഇ കോൺസുലേറ്റിലും ഇവർ ജോലിചെയ്‌തിരുന്നു. ഏറെ നാൾ  ഗൾഫിലായിരുന്ന  സ്വപ്‌നയും സരിത്തും  സ്വർണക്കടത്തിൽ സജീവമായിരുന്നു എന്നാണ്‌ കസ്റ്റംസ്‌ നിഗമനം. സ്വർണക്കടത്ത്‌ പിടികൂടിയതിനെ തുടർന്ന്‌ ഒളിവിൽ പോയ സ്വപ്‌നയെ കണ്ടെത്താൻ ഊർജിത അന്വേഷണം നടക്കുന്നുണ്ട്‌.

സ്വപ്‌ന വ്യാജപരാതി കേസിൽ പ്രതി
എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ കള്ള പരാതി നൽകിയ കേസിൽ സ്വപ്‌നക്കെതിരെ നേരത്തെ ക്രൈം ബ്രാഞ്ച്‌ അന്വേഷണം നടത്തുന്നുണ്ട്‌. എയർഇന്ത്യ ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന്‌ വനിതാ ജീവനക്കാരുടെ പേരിൽ കള്ള പരാതി നൽകിയെന്നാണ്‌ കേസ്‌. ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണത്തിൽ പരാതി തയ്യാറാക്കിയതും അതിൽ പലരുടെയും പേരിൽ ആൾമാറാട്ടം നടത്തി ഒപ്പിട്ടതും ഇവരാണെന്ന്‌ കണ്ടെത്തിയിരുന്നു.

സ്വപ്‌നയ്‌ക്ക്‌ പങ്കില്ലെന്ന്‌ സരിത്‌
ചോദ്യങ്ങൾക്ക്‌ സരിത്‌ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന്‌ കസ്‌റ്റംസ്‌ അധികൃതർ വ്യക്തമാക്കി. സ്വപ്‌ന സുരേഷുമായി പരിചയമുണ്ടെങ്കിലും അവർക്ക്‌ സ്വർണക്കടത്തിൽ പങ്കില്ലെന്ന്‌ ഇയാൾ മൊഴി നൽകി. കോൺസുലേറ്റിലെ ചില ജീവനക്കാർക്ക്‌ കടത്തുമായി ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയതായാണ്‌ സൂചന. സരിത്തിനെ ചോദ്യംചെയ്യൽ രാത്രി വൈകിയും നീണ്ടു. തിരുവനന്തപുരം യുഎഇ കോൺസലറുടെ പേരിൽ ഭക്ഷണസാധനമെന്ന നിലയിലാണ്‌ ബാഗേജ്‌ എത്തിയത്‌. കോൺസുലേറ്റിന്റെ പേരിൽ എത്തുന്ന ബാഗേജുകൾ കൈപ്പറ്റിയിരുന്നത്‌ സരിത്തായിരുന്നുവെന്നാണ്‌ സൂചന.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top