18 June Tuesday

സിമന്റ് വില നിയന്ത്രിക്കും: വ്യവസായ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 6, 2019


തിരുവനന്തപുരം
സിമന്റ് വിലവർധന നിയന്ത്രിക്കാൻ സർക്കാരിനുകീഴിലെ പൊതുമേഖലാ സിമന്റ് കമ്പനികളെ ഉപയോഗിച്ച് ശക്തമായി ഇടപെടുമെന്ന്  മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ പറഞ്ഞു.  മലബാർ സിമന്റ്‌സ് പരമാവധി ചില്ലറവില 420 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. സഹകരണ മേഖലയെ കൂടുതൽ ഫലപ്രദമായി  ഉപയോഗിച്ച് മലബാർ സിമന്റ്‌സ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കും.  എൻ ഷംസുദ്ദീന്റെ ഉപക്ഷേപത്തിന‌് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിൽ വിൽക്കുന്ന സിമന്റിന്റെ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിലെ കമ്പനികൾ ഉൽപ്പാദിപ്പിക്കുന്നതാണ്. ഡീലർമാർ മലബാർ സിമന്റ്സിന്റെ ഉൽപ്പന്നങ്ങൾ കൂടുതലായി വിൽക്കുകയാണെങ്കിൽ മറ്റു സിമന്റ് കമ്പനികൾ വില കുറയ്ക്കാൻ നിർബന്ധിതരാകും.
വില കുറയ്ക്കണമെന്ന ആവശ്യവുമായി കമ്പനികളുമായി ചർച്ച നടത്തും.  സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽമാത്രമേ വിലനിയന്ത്രിക്കാനായി സർക്കാരിന്  ഇടപെടാൻ കഴിയൂ. ഇതരസംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിച്ച് ഇവിടെ വിൽപ്പന നടത്തുന്ന സിമന്റ് കമ്പനികളോട് വിലകുറയ‌്ക്കാൻ നിർബന്ധിക്കാൻ നിയമപ്രകാരം സർക്കാരിന് കഴിയില്ല.

സംസ്ഥാനത്ത‌് ട്രാവൻകൂർ സിമന്റ്സും മലബാർ സിമന്റ്സും മാത്രമാണ് സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം മലബാർ സിമന്റ്സ് മൂന്ന‌് മാസത്തോളം ഉൽപ്പാദനക്കുറവ് നേരിട്ടതിനാൽ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. വ്യവസായവകുപ്പ് നടപ്പാക്കിയ പരിഷ്‌കാരങ്ങൾവഴി കമ്പനിക്ക‌് പുതിയ വിപണി കണ്ടെത്താനും കമ്പനിയെ ലാഭത്തിലാക്കാനും കഴിഞ്ഞു. നിലവിൽ തകർച്ചയെ അതിജീവിച്ച് ഉൽപ്പാദനം കാര്യക്ഷമമാക്കുകയും പ്ലാന്റുകൾ നവീകരിക്കുകയും ചെയ്ത കമ്പനി വിപണിയിലേക്ക്  ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിച്ചു. വാളയാർ പ്ലാന്റിന്റെ നവീകരണത്തിന് പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top