15 November Friday

കോഴിക്കോട്‌ ജൻഡർ പാർക്കിൽ യുഎൻ വിമെൻ ദക്ഷിണമേഖലാ കേന്ദ്രം

പി ആർ ചന്തുകിരൺUpdated: Friday Oct 4, 2019


ന്യൂഡൽഹി
സ്‌ത്രീശാക്തീകരണം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ സ്ഥാപിച്ച  കോഴിക്കോട്‌ ജൻഡർ പാർക്കിൽ യുഎൻ വിമെനിന്റെ ദക്ഷിണ മേഖലാ കേന്ദ്രം ആരംഭിക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ളതാണ്‌ കേന്ദ്രം. ലിംഗസമത്വവും സ്‌ത്രീശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്രസംഘടനയുടെ വിഭാഗമാണ്‌ യുഎൻ വിമെൻ. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയും യുഎൻ വിമെനിന്റെ  ഇന്ത്യൻ ഉപപ്രതിനിധി നിഷ്‌ത സത്യവും  ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ്‌ ധാരണ.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചയ്‌ക്കുശേഷം ധാരണപത്രം ഒപ്പുവയ്‌ക്കുമെന്ന്‌ ശൈലജ പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ പദ്ധതിരേഖ സംസ്ഥാനം സമർപ്പിക്കും. കേരളഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

യുഎൻ വിമെനിന്റെ ക്ഷണപ്രകാരമാണ്‌ മന്ത്രിയുൾപ്പെട്ട സംഘം കൂടിക്കാഴ്‌ച നടത്തിയത്‌. ജൻഡർ പാർക്കിന്റെ പ്രവർത്തനം സംഘം വിശദീകരിച്ചു. ഇതോടെയാണ്‌ ദക്ഷിണമേഖലാ കേന്ദ്രം ആരംഭിക്കുന്നതിന്‌ യുഎൻ വിമെൻ താൽപ്പര്യം അറിയിച്ചത്‌. ലോകവ്യാപകമായി സ്‌ത്രീകളുടെ അഭ്യുന്നതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകീകരിക്കുന്നത്‌ യുഎൻ വിമെൻ ആണ്‌.

ജൻഡർ പാർക്കിനെ സ്‌ത്രീശാക്തീകരണ സന്ദേശം ഉൾക്കൊള്ളുന്ന മാതൃകാ സ്ഥാപനമാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്‌ മന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ജൻഡർ മ്യൂസിയവും ലൈബ്രറിയും സജ്ജമാക്കും. രാജ്യത്തെ ആദ്യത്തെ ‘അന്താരാഷ്‌ട്ര വിമെൻ ട്രേഡ്‌ സെന്റർ’ ഇവിടെ തുടങ്ങും. ഗവേഷണകേന്ദ്രം, വനിതാ സംരംഭക പ്രോത്സാഹന കേന്ദ്രം എന്നിവയുണ്ടാകും. അന്താരാഷ്‌ട്ര സർവകലാശാലകളുമായി ചേർന്ന്‌ ഫെലോഷിപ് നടപ്പാക്കും. ബ്രിട്ടനിലെ മൊൺമൗത്ത്‌ സർവകലാശാലയുമായി  ആലോചന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ലിംഗനീതി പ്രോത്സാഹിപ്പിക്കുന്നതിന് യുഎൻ വിമെൻ ആരംഭിക്കുന്ന 16 ഡേയ്‌സ് ഓഫ് ആക്ടിവിസം എഗെൻസ്റ്റ് ജെൻഡർ ബേസ്ഡ് വയലൻസ് എന്ന ക്യാമ്പയിൻ കേരളത്തിൽനിന്ന് ആരംഭിക്കാൻ അധികൃതർ താൽപ്പര്യം പ്രകടിപ്പിച്ചു. ജൻഡർ പാർക്കിന്റെ ഭാഗമായി ജെൻഡർ ഡാറ്റാ സെന്റർ തുടങ്ങാനും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

കൂടിക്കാഴ്‌ചയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത്, ജെൻഡർ പാർക്ക് സിഇഒ പി ടി എം സുനീഷ്, യോഗിത ദക്ഷിണ, യുഎൻ വിമെൻ പ്രതിനിധികളായ  അഞ്ജു പാണ്ഡെ, സാനിയ സേത്ത്, ഇഷിത കൗർ, ജീവൻ എന്നിവരും പങ്കെടുത്തു. വെള്ളിമാടുകുന്നിൽ 2016ലാണ്‌ ജൻഡർ പാർക്ക്‌ ആരംഭിച്ചത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top