18 October Friday

അവസാന നീക്കവും പാളി; രണ്ടില കിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019


സ്വന്തം ലേഖകൻ
‘രണ്ടില' തർക്കം പരിഹരിക്കാൻ   പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള യുഡിഎഫ‌് നേതാക്കൾ നടത്തിയ അവസാന നീക്കവും ഫലം കണ്ടില്ല.  ആർക്കും രണ്ടില ചിഹ്‌നം അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ വരണാധികാരിക്ക്‌ പി ജെ ജോസഫ്‌ കത്ത്‌ നൽകിയതോടെ രണ്ടില കിട്ടില്ലെന്ന്‌ ഉറപ്പായി. ഇതിനുപിന്നാലെ  ജോസഫ‌് വിഭാഗം കർഷക നേതാവ്‌ വിമതനായി പത്രിക നൽകിയത്‌ യുഡിഎഫിനെ ഞെട്ടിച്ചു. കർഷകയൂണിയൻ സംസ്ഥാന  സെക്രട്ടറി ജോസഫ‌് കണ്ടത്തിലാണ‌് പത്രിക നൽകിയത‌്. വ്യാഴാഴ‌്ചയാണ‌് പത്രികാ സൂക്ഷ‌്മപരിശോധന. 

കേരള കോൺഗ്രസ‌് എം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ഇക്കാരണത്താൽ ‘രണ്ടില’ ചിഹ‌്നം ആർക്കും അനുവദിക്കരുതെന്നും ആവശ്യപ്പെട്ട‌് ജോസഫിന്റെ പിഎ സുധീഷ‌് കൈമളാണ്‌ കോട്ടയം കലക്ടറേറ്റിൽ എത്തി വരണാധികാരിക്ക‌് കത്ത‌് നൽകിയത്‌. ജോസ‌് കെ മാണിയെ ചെയർമാനാക്കിയത‌് തടഞ്ഞ കോടതി ഉത്തരവും തെരഞ്ഞെടുപ്പു കമീഷന‌് നൽകിയ കത്തും ഇതോടൊപ്പം നൽകി. ജോസ‌് ടോമിന‌് ‘രണ്ടില’ ആവശ്യപ്പെട്ട‌് ജോസ‌് കെ മാണി വിഭാഗം ചുമതലപ്പെടുത്തിയ സ‌്റ്റീഫൻ ജോർജ‌് വരണാധികാരിയെ സമീപിച്ച സാഹചര്യത്തിലാണ‌് ജോസഫ‌് വിഭാഗം കത്ത‌് നൽകിയത‌്.  ചിഹ‌്നപ്രശ‌്നത്തിൽ യുഡിഎഫ് നേതൃത്വത്തിന്റെ അഭ്യർഥനയ്‌ക്കുമുന്നിൽ പാറപോലെ ഉറച്ചുനിന്ന പി ജെ ജോസഫ് ഒരു കാരണവശാലും ജോസ് കെ മാണിയുടെ നോമിനിയായ ജോസ് ടോമിന് ‘രണ്ടില' നൽകില്ലെന്ന നിലപാട‌് ബുധനാഴ‌്ച രാവിലെ തൊടുപുഴയിലാണ‌് ആവർത്തിച്ചത‌്. പത്രിക സമർപ്പിക്കുന്നതിന‌് മുൻപ‌് യുഡിഎഫ‌് നേതാക്കൾ ഇടപെട്ട‌് ‘രണ്ടില’ ലഭ്യമാക്കുമെന്ന വിശ്വാസത്തിലായിരുന്നു ജോസ‌് പക്ഷം. എന്നാൽ, ജോസഫ‌് തുറന്നടിച്ചതോടെ ജോസ‌് കെ മാണി പക്ഷത്തിന്റെ പ്രതീക്ഷയറ്റു.  .

ജോസ‌് ടോം സ്വതന്ത്രനായും പത്രിക നൽകി
സ്വന്തം ലേഖകൻ
യുഡിഎഫ‌് സ്ഥാനാർഥി ജോസ‌് ടോം പുലിക്കുന്നേൽ നൽകിയത‌് രണ്ട‌് സെറ്റ‌് വീതം പത്രികകൾ. കേരള കോൺഗ്രസ‌് എം സ്ഥാനാർഥിയായും സ്വതന്ത്രനായുമാണ‌് പത്രികകൾ നൽകിയത‌്. രണ്ടില ചിഹ‌്നം ലഭിക്കാൻ കേരള കോൺഗ്രസ‌് വർക്കിങ‌് ചെയർമാൻ പി ജെ ജോസഫിന്റെ അനുമതിയില്ലാത്തതിനാലാണ‌് വെവ്വേറെ പത്രിക കൊടുക്കേണ്ടിവന്നത‌്.

ഓട്ടോറിക്ഷ, ഫുട‌്ബോൾ, കൈതച്ചക്ക എന്നിവയാണ‌് സ്വതന്ത്രചിഹ‌്നം ആവശ്യപ്പെട്ടത‌്. അതേസമയം കേരള കോൺഗ്രസ‌് എമ്മിന്റെ പത്രികയിൽ രണ്ടിലയും ആവശ്യപ്പെട്ടിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top