15 August Monday

കരകവിഞ്ഞില്ല; ആശങ്കകളെ 
കടലിലേക്കൊഴുക്കി പെരിയാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


കൊച്ചി
പെരുമഴക്കാലത്തെല്ലാം ജില്ലയിലെ പ്രദേശങ്ങളിൽ കരകവിഞ്ഞൊഴുകിയിരുന്ന പെരിയാർ ഇക്കുറി വാർത്തകളിൽപ്പോലുമില്ല. പ്രളയഭീതി പരത്തി മൂവാറ്റുപുഴയാറിലും ചാലക്കുടിയാറിലും അനുനിമിഷം വെള്ളമുയർന്നപ്പോൾ പെരിയാർ മഴക്കലിയെ കടലിലേക്കൊഴുക്കി ജില്ലയിലെ ജനജീവിതം സുരക്ഷിതമാക്കി. പെരിയാറിന്റെ കൈവഴികളിലൂടെയുള്ള വെള്ളമൊഴുക്ക്‌ സുഗമമാക്കി ചെറുകിട ജലസേചന വകുപ്പ്‌ നടപ്പാക്കിയ ഓപ്പറേഷൻ വാഹിനിയുടെ വിജയമാണ്‌ പെരിയാറിനെ കരകവിയാതെ കടലിലേക്കൊഴുക്കിയതെന്നാണ്‌ വിലയിരുത്തൽ.

ആലങ്ങാട്‌, പാറക്കടവ്‌, ഇടപ്പള്ളി, പറവൂർ, കൂവപ്പടി ബ്ലോക്കുപഞ്ചായത്തുകളിലെ മുഴുവൻ പഞ്ചായത്തുകളിലും ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി തോടുകൾ ശുചീകരിച്ചു. യന്ത്രസഹായത്തോടെ 3,62,966 മീറ്റർ ക്യൂബ് എക്കലും ചെളിയും അതിന്റെ ഭാഗമായി നീക്കി. അതോടെ നീരൊഴുക്ക്‌ സുഗമമായി. ജില്ലയുടെ മറ്റിടങ്ങളിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനാണ്‌ ജലസേചനവകുപ്പിന്റെ നീക്കം.

ജൂലൈയിൽ ലഭിച്ച മഴയേക്കാൾ 52 ശതമാനം അധികം കഴിഞ്ഞ അഞ്ചുദിവസംമാത്രം ജില്ലയിൽ ലഭിച്ചതായാണ്‌ കണക്ക്‌. ഇതിന്റെ ഭാഗമായി പെരിയാറിൽ ഉയർന്നത്‌ 407.4 മില്ലിമീറ്റർ വെള്ളം. മൂവാറ്റുപുഴയാറിൽ 466 മില്ലിമീറ്ററും. ചാലക്കുടിയാറിൽ ജലനിരപ്പ്‌ അപകടകരമായി ഉയർന്നു. മൂവാറ്റുപുഴയാറിന്റെ തീരങ്ങളും വെള്ളപ്പൊക്കഭീതിയിലായി. പെരിയാറിലൂടെ ജില്ലയിലേക്ക്‌ ഈ വെള്ളം മുഴുവൻ ഒഴുകിയെത്തിയിട്ടും മുൻ വർഷങ്ങളിലേപ്പോലെ തീരങ്ങൾ മുങ്ങിയില്ല. മുൻകാലങ്ങളിലെ അനുഭവംമൂലം മഴ കനത്തപ്പോൾ തീരവാസികൾ കിടപ്പാടം ഒഴിയാൻ തയ്യാറെടുത്തെങ്കിലും പെരിയാർ ചതിച്ചില്ല. പതിവിലും ഉയർന്ന ജലനിരപ്പ്‌ അടിക്കടി താഴുന്ന പ്രവണതയും കാണിച്ചു.

വെള്ളി രാവിലെ ഒമ്പതിന്‌ പെരിയാറിന്റെ ആലുവ മാർത്താണ്ഡവർമ ഭാഗത്തെ ജലനിരപ്പ്‌ 2.965 മീറ്ററായിരുന്നത്‌ മഴ തുടർന്നിട്ടും ഒരുമണിക്കൂറിനുള്ളിൽ 2.305 മീറ്ററായി താഴ്‌ന്നു. എന്നാൽ, മംഗലപ്പുഴയിൽ ചേരുന്ന പെരിയാറിന്റെ ഭാഗമായ കാലടിയിൽ വെള്ളിയാഴ്‌ചയും ഭയാനകമായി ജലനിരപ്പുയർന്നു. ഇതിന്റെ പ്രതിഫലനം വെള്ളി പകൽമുഴുവൻ ചാലക്കുടിപ്പുഴയോരത്തെയും പ്രളയഭീതിയിലാഴ്‌ത്തി. പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പ്രദേശങ്ങൾ കനത്ത ജാഗ്രതയിലായി. പെരിയാർ തീരത്തുൾപ്പെട്ട വടക്കേക്കര, ചിറ്റാറ്റുകര, മാല്യങ്കര, ഏഴിക്കര, ഏലൂർ, മഞ്ഞുമ്മൽ, പാതാളം, കളമശേരി പ്രദേശങ്ങൾ ഭീതിയിലായിരുന്നെങ്കിലും മുൻവർഷങ്ങളിലെ അനുഭവം ആവർത്തിച്ചില്ല. വടുതല കായലിലെ ബണ്ട്‌ നീക്കിയിരുന്നെങ്കിൽ കാലടി, മംഗലപ്പുഴ ഭാഗങ്ങളിൽ ജലനിരപ്പ്‌ ഉയരില്ലായിരുന്നെന്നും വിലയിരുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top