21 September Saturday

എത്ര പ്രമുഖരായാലും ശിക്ഷിക്കപ്പെടണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019


മാധ്യമപ്രവർത്തകൻ ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റവാളികൾ എത്ര ഉന്നതരായാലും  ശിക്ഷിക്കപ്പെടണം. ഉന്നതർക്ക്‌ എന്തും ചെയ്യാം എന്ന സ്ഥിതി ഉണ്ടായിക്കൂടാ. ഇത്തരം സംഭവങ്ങളിൽ പൊലീസ്‌ സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോയെന്ന്‌ പരിശോധിക്കണം. കോന്നിയിൽ മാധ്യമങ്ങളൊട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുമായി ബന്ധപ്പെട്ട്‌ പലരുടെയും മുഖംമൂടി വലിച്ചുകീറപ്പെട്ടുവെന്നത്‌ സംഭവത്തിന്റെ മറ്റൊരു വശമാണ്‌.  സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങൾ ഇവരെ പ്രകീർത്തിച്ചിരുന്നു. ന്യൂഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ നിയമിച്ചത്‌ സർക്കാരിന്റെ കാര്യങ്ങൾ കാര്യക്ഷമമായി നടത്താനാണ്‌. ഇതുസംബന്ധിച്ച്‌ നല്ല പ്രതികരണമാണ്‌ ഉണ്ടായത്‌. സംസ്ഥാനത്തിനു കിട്ടേണ്ട പല പദ്ധതികളും നേടിയെടുക്കാൻ കേരളഹൗസിലെ ഉദ്യോഗസ്ഥരുടെ ഇടപെടൽകൊണ്ടു മാത്രം കഴിയില്ല.

യുഡിഎഫിന്റെ കാലത്ത്‌ ഒരാളെ നിയമിക്കാൻ ആലോചിച്ചെങ്കിലും തർക്കംമൂലം നടന്നില്ല. എന്നിട്ട്‌ എൽഡിഎഫിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണ്‌. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനത്തുനിന്നും ഡൽഹിയിൽ ഇത്തരത്തിൽ ആളുകളെ നിയമിച്ചിട്ടുണ്ട്‌. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത്തരത്തിൽ നിയമിച്ചിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top