15 December Sunday

കേരളത്തിലെ ജയിലിൽ നടന്ന ആദ്യ കൊലപാതകം; പ്രതികൾ ക്രിമിനലുകളായ ആർഎസ‌്എസ‌് തടവുകാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019


സഹതടവുകാരനെ രാഷ്ട്രീയ വിരോധത്താൽ കൊലപ്പെടുത്തുകയെന്ന കേട്ടുകേൾവിയില്ലാത്ത ക്രൂരതയ‌്ക്കാണ‌് 2004ൽ  കണ്ണൂർ സെൻട്രൽ ജയിൽ സാക്ഷ്യം വഹിച്ചത‌്. കൊടുംക്രിമിനലുകളായ ആർഎസ‌്എസുകാരാണ‌് 2004 ഏപ്രിൽ ആറിന് പകൽ മൂന്നിന‌്  സിപിഐ എം പ്രവർത്തകനായ കെ പി രവീന്ദ്രനെ തലക്കടിച്ച‌് കൊന്നത‌്.

ജയിലിലെ എട്ടാം ബ്ലോക്കിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ച ആയുധങ്ങൾ ഉപയോഗിച്ച് പ്രതികൾ കാന്റീൻ ഉൾപ്പെടുന്ന ഏഴാം ബ്ലോക്കിന് മുന്നിൽ രവീന്ദ്രനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ തടവുകാരനായ രാജുവിനും പരിക്കേറ്റു. ജയിൽ ഉദ്യോഗസ്ഥരും തടവുകാരുമായിരുന്നു കേസിലെ പ്രധാന സാക്ഷികൾ. 28 സാക്ഷികളെ വിസ്തരിച്ചു.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും റിമാൻഡ് തടവുകാരുമായ 31 പേരാണ് പ്രതികൾ. 21പേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു. പന്ത്രണ്ടാം പ്രതി കണ്ണൂർ താവക്കരയിലെ കുണ്ടത്തിൽ ഹൗസിൽ രാകേഷ് വിചാരണയ‌്ക്ക് ഹാജരായില്ല. ആർഎസ്എസ്സിന്റെ കൊലയാളി സംഘാംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടവരെല്ലാം. കേരളത്തിലെ ജയിലിൽ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസിലാണ് 15വർഷത്തിനുശേഷം വിധി പ്രസ്താവിച്ചത്. പിഴയടച്ചില്ലെങ്കിൽ മുഴുവൻ പ്രതികളും ആറു മാസംകൂടി തടവ് അനുഭവിക്കണം. പിഴയടക്കുന്ന തുക  രവീന്ദ്രന്റെ അനന്തരാവകാശികൾക്ക‌് നൽകണമെന്നും കോടതി നിർദേശിച്ചു. 

നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവർ അത് പൂർത്തിയാക്കിയശേഷം ഈ കേസിലെ ജീവപര്യന്തവും അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യുട്ടർ അഡ്വ. എം കെ ദിനേശൻ ഹാജരായി. രവീന്ദ്രന്റെ മകൻ കെ പി രജീഷും വിധി കേൾക്കാനെത്തി. വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അഞ്ചാം പ്രതി പേട്ട ദിനേശൻ, എട്ടാം പ്രതി തരശിയിൽ സുനി എന്നിവരെ വിയ്യൂരിലേക്ക് കൊണ്ടുപോയി. മറ്റു ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top