12 July Sunday

അക്രമികൾ മർദിച്ചു, സിഗരറ്റുകൊണ്ട് പൊള്ളിച്ചു "കേസ്‌ കൊടുക്കാതിരിക്കാനും ഭീഷണി'

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


തിരുവനന്തപുരം 
കേസ് കൊടുക്കരുതെന്ന് പറഞ്ഞ് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതി. ഭർത്താവിന്റെ സുഹൃത്തുക്കൾ മകനെയും തന്നെയും ക്രൂരമായി മർദിച്ചെന്നും കത്തിച്ച സിഗരറ്റുകൊണ്ട്‌ ദേഹമാകെ പൊള്ളിച്ചെന്നും യുവതി മാധ്യമങ്ങളോട്‌ പറഞ്ഞു. "പ്രതികളെ മുമ്പുകണ്ട് പരിചയമില്ല. ഭർത്താവ് അവരുടെ പേരുകൾ പറയുന്നത് കേട്ടിട്ടുണ്ട്, കണ്ടാൽ തിരിച്ചറിയും.

വ്യാഴാഴ്‌ച വൈകിട്ട് മൂന്നോടെ മകനെയുംകൂട്ടി ബീച്ചിലേക്ക് പോകാമെന്നു പറഞ്ഞാണ്‌ ഭർത്താവ്‌ ഇറങ്ങിയത്‌. ബീച്ചിലെത്തിയശേഷം കൂട്ടുകാരന്റെ വീട്ടിലേക്കെന്നുപറഞ്ഞ് അടുത്തവീട്ടിലേക്ക് പോയി. അവിടെ വച്ച് ഭർത്താവ് മദ്യപിച്ചു. തന്നെയും ബലമായി മദ്യം കുടിപ്പിച്ചു. ഇതിനിടെ കൂട്ടുകാരിൽനിന്ന്‌ ഭർത്താവ്‌ പണം കൈപ്പറ്റുന്നത്‌ കണ്ടു. അതിനുശേഷം ഭർത്താവും സുഹൃത്തുക്കളും പുറത്തുപോയി. ആ വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീയാണ് രക്ഷപ്പെടാൻ പറഞ്ഞത്‌. ഇതിനിടെ ഒരാൾ വെള്ളമെടുക്കാനെന്നു പറഞ്ഞു തിരിച്ചുവന്നു. ഞാനിറങ്ങിയപ്പോൾ ഭർത്താവിനൊപ്പം പോയ വേറൊരാൾ വന്ന് ചേട്ടനവിടെ റോഡിൽ അടിയുണ്ടാക്കുകയാണെന്ന് പറഞ്ഞു. നടക്കുന്നതിനിടെ നാലുപേർ ഓട്ടോയിൽ വന്ന് എന്നെയും മോനെയും വലിച്ചുകയറ്റി കാടിന്റെ ഇടഭാഗത്ത് കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചു. മോനെയും അടിച്ചു. മോനെ അടുത്തവീട്ടിലാക്കി തിരികെ വരാമെന്നുറപ്പുകൊടുത്താണ്‌ അവിടെനിന്ന്‌ ഓടിരക്ഷപെട്ടത്‌.–-യുവതി പറഞ്ഞു.

നിലവിളിച്ച്‌‌ കാറിനുമുന്നിൽ ചാടി
കഠിനംകുളത്ത് പീഡനത്തിന് ഇരയായ യുവതി നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നിൽ ചാടി സഹായം അഭ്യർഥിച്ചതെന്ന് യുവതിയെ രക്ഷിച്ച കാറിലുണ്ടായിരുന്ന ഷാബു പറഞ്ഞു. കാറിൽ കയറിയ യുവതി പേടിച്ച് കരഞ്ഞുകൊണ്ടാണ് പീഡനം നേരിട്ട വിവരം അറിയിച്ചതെന്ന്‌ യുവാക്കൾ മാധ്യമങ്ങളോട്‌ പറഞ്ഞു. യുവതിയുടെ മുഖത്ത് പാടുകൾ ഉണ്ടായിരുന്നു. പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാത്രി എട്ടോടെ പുത്തൻതോപ്പിന് അടുത്തുവച്ചാണ് യുവതി കാറിന് മുന്നിൽ ചാടി സഹായം അഭ്യർഥിച്ചത്. ആറ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. ഒരാൾ യുവതിയുടെ മകനെ ഉപദ്രവിച്ചുവെന്നും പറഞ്ഞു. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ വീട്ടിൽ എത്തിച്ച ശേഷമാണ്‌ പൊലീസിനെ അറിയിച്ചതെന്നും അവരെത്തി കേസ് രജിസ്റ്റർ ചെയ്തെന്നും യുവാക്കൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top