03 June Wednesday

ട്രെയിൻ ഓടുമെന്ന്‌ ഉറപ്പില്ല; റിസർവേഷൻ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020


കണ്ണൂർ
സർവീസ് പുനരാരംഭിക്കുമെന്ന് ഉറപ്പില്ലാഞ്ഞിട്ടും 15മുതൽ ട്രെയിനുകളിൽ റിസർവേഷൻ പൂർത്തിയായി. ട്രെയിനുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് നടത്താൻ സജ്ജമാക്കണമെന്ന് റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ലോക്ക്‌ ഡൗൺ കഴിഞ്ഞാലുടൻ സർവീസ്‌ ആരംഭിക്കുന്നതിനാണിതെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ യാത്രക്കാർ റിസർവേഷൻ ഉറപ്പാക്കുന്നത്‌.

  ഭൂരിഭാഗം ട്രെയിനുകളിലും 15മുതലുള്ള ദിവസങ്ങളിലെ മിക്കവാറും ഭാഗത്തേക്കുള്ള റിസർവേഷൻ പൂർത്തിയായി. പല ട്രെയിനുകളിലും വെയ്റ്റിങ്‌ ലിസ്റ്റാണ്.  ദില്ലിയിലേക്കുള്ള മംഗള എക്സ്പ്രസ്, രാജധാനി,  മുബൈയിലേക്കുള്ള നേത്രാവതി, ബംഗളൂരുവിലേക്കുള്ള ദിവസ ട്രെയിൻ എന്നിവയിലെല്ലാം ഏപ്രിലിൽ ചുരുക്കം ചില ദിവസങ്ങളിലേ റിസർവേഷൻ ബാക്കിയുള്ളു. മംഗളൂരു ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും മാവേലിയിൽ റിസർവേഷൻ പൂർത്തിയായി. മലബാർ, തിരുവനന്തപുരം എക്സ്പ്രസ് എന്നിവയിൽ ചുരുക്കം ബർത്തുകളേ ബാക്കിയുള്ളൂ.

ഏപ്രിലിൽ വെക്കേഷനും  ഉത്സവ സീസണുമായതിനാൽ പൊതുവെ തിരക്ക് കൂടാറുണ്ട്‌. അവധിക്കാലത്ത്  സ്പെഷ്യൽ ട്രെയിനുകളും അനുവദിക്കാറുണ്ട്. 14ന് ലോക്ക് ഡൗൺ അവസാനിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. പലരും നേരത്തേതന്നെ ടിക്കറ്റ് ബുക്ക്ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നിർദേശിക്കുന്നതുവരെ സർവീസ് നടത്തില്ലെന്ന്‌ റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top