17 January Sunday

ഈ സ്ഥാനാർഥിക്കറിയാം നാടിന്റെ ജീവിതം

വർഗീസ് പുതുശേരിUpdated: Friday Dec 4, 2020


അങ്കമാലി
പുലർച്ചെ മൂന്നിനാണ്‌ രജനി ശിവദാസിന്റെ ദിവസം ആരംഭിക്കുന്നത്‌. ഭർത്താവ്‌ ശിവദാസനൊപ്പം തൊഴുത്തിലെത്തി പശുക്കളെ കറക്കും. 17 പശുക്കളെയും കറന്ന്‌ പാലുമായി കടകളിലും വീടുകളിലും എത്തിക്കും. ഇതാണ്‌ ജീവിതമാർഗം.  ഇപ്പോൾ മറ്റൊരു ദൗത്യംകൂടി നിർവഹിക്കുന്നതിന്റെ തിരക്കിലാണ്‌ രജനി. ചെത്തിക്കോട്, എയർപോർട്ട്‌ പ്രദേശങ്ങളിലെ വീടുകളിലും ചായക്കടകളിലും പാൽ വിതരണം ചെയ്യുന്നതിനൊപ്പം നാട്ടുകാരോട്‌ വോട്ടും അഭ്യർഥിക്കണം. അങ്കമാലി നഗരസഭയിലെ നായത്തോട് എയർപോർട്ട് 15–--ാംവാർഡ്‌ എൽഡിഎഫ് സ്ഥാനാർഥിയാണ്‌ രജനി.

ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ ഓർക്കാപ്പുറത്താണ്‌ മത്സരിക്കാനുള്ള നിയോഗമെത്തിയത്.  ലാബ് ടെക്നീഷ്യൻ പാസായി ജോലി ചെയ്യുന്ന സമയത്താണ് 28 വർഷംമുമ്പ്‌ വിവാഹിതയായി നായത്തോട്ടെത്തിയത്‌. പുരോഗമനപ്രസ്ഥാനങ്ങളോട് എന്നും ആഭിമുഖ്യം പുലർത്തിയിരുന്ന രജനി, കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൻകൂടിയാണ്‌. അതിജീവനത്തിനായി ഏഴുവർഷംമുമ്പാണ്‌ രണ്ടു പശുക്കളെ വാങ്ങിയത്‌. ആദ്യകാലത്ത്‌ തൊട്ടടുത്ത വീടുകളിലായിരുന്നു പാൽ നൽകിയിരുന്നത്‌. ആവശ്യക്കാർ കൂടിയതോടെ തൊഴുത്തിലെ പശുക്കളുടെ എണ്ണവും കൂടി. ഇപ്പോൾ നൂറുലിറ്ററോളം പാലാണ്‌ ദിവസവും വിതരണം ചെയ്യുന്നത്‌. സഹായത്തിന്‌ ഭർത്താവും മക്കളായ  ശരണ്യയും, ശാരികയും ഒപ്പമുണ്ട്‌.  എയർപോർട്ടിലെ തുറസായ സ്ഥലങ്ങളിൽനിന്ന് പശുക്കൾക്കുള്ള പുല്ലുമുറിക്കുന്നതും രജനിതന്നെ.

‘കഴിഞ്ഞവർഷം എൽഡിഎഫിന്റെ പ്രതിനിധിയായിരുന്ന ടി വൈ ഏല്യാസ് വാർഡിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു. അതുകൊണ്ടുതന്നെ ഏത് വീട്ടിലും വോട്ട് ചോദിച്ച് ധൈര്യത്തോടെ കയറിച്ചെല്ലാം. എല്ലാവരും സ്വന്തം ആളെന്ന നിലയിലാണ്‌ സ്വീകരിക്കുന്നത്‌‌’–- രജനി പറയുന്നു. പ്രചാരണപരിപാടികൾ കഴിഞ്ഞ് വീട്ടിലെത്തി പശുക്കൾക്ക് പുല്ലും വയ്‌ക്കോലും നൽകി കിടക്കുമ്പോഴേക്കും രാത്രി ഏറെ വൈകും. എത്ര വൈകി ഉറങ്ങിയാലും പുലർച്ചെ തന്റെ ജോലി തുടങ്ങണം. വീണ്ടും അടുത്തദിവസത്തിന്റെ തിരക്കിലേക്ക്...‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top