24 October Thursday

പിഎസ്‌സി നിയമനം കൃത്യമായി നടക്കും: ചെയർമാൻ

വിജേഷ്‌ ചൂടൽUpdated: Wednesday Sep 4, 2019



പിഎസ്‌സി പരീക്ഷകളുടെ റാങ്ക്‌ലിസ്‌റ്റുകൾ ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടിട്ടില്ല. നിയമനം നിർത്തിവയ്‌ക്കാൻ പിഎസ്‌സി തീരുമാനിച്ചിട്ടുമില്ല. പിഎസ്‌സിയോ ജീവനക്കാരോ ഏതെങ്കിലും തരത്തിൽ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ മുഴുവൻ നിയമനങ്ങളും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നുവെന്ന പ്രചാരണത്തിന്‌ അടിസ്ഥാനമില്ല. ചോദ്യപേപ്പർ പരീക്ഷാഹാളിൽ എത്തിക്കുന്നതുവരെയുള്ള ഉത്തരവാദിത്തമാണ്‌ പിഎസ്‌സിക്കുള്ളത്‌. പരീക്ഷാനടത്തിപ്പ്‌ അതതിടങ്ങളിലെ അധ്യാപകരുടെ ചുമതലയാണ്‌. മൂന്നുവർഷത്തിനിടെ 1.12 ലക്ഷത്തിലേറെ പേർക്ക്‌ നിയമനം നൽകിയ റിക്രൂട്ടിങ്‌ സ്ഥാപനത്തെ ചില ഉദ്യോഗാർഥികളുടെ തട്ടിപ്പിനെ കരുവാക്കി തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്‌ പൊളിയുന്നത്‌.

മൂന്നുവർഷത്തെ റാങ്ക്‌ലിസ്‌റ്റുകൾ ക്രൈംബ്രാഞ്ച്‌ ആവശ്യപ്പെട്ടെന്നും കേസ്‌ കഴിയുംവരെ നിയമനം നിർത്തിവയ്‌ക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചെന്നുമാണ്‌ ചില മാധ്യമങ്ങളിലെ വാർത്ത. എന്നാൽ, ക്രൈംബ്രാഞ്ച്‌ ഇത്തരത്തിൽ ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്ന്‌ പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ ദേശാഭിമാനിയോട്‌ പറഞ്ഞു. ഇക്കാര്യം പിഎസ്‌സി യോഗം ചർച്ച ചെയ്‌തിട്ടുമില്ല. നിയമനവും പരീക്ഷകളും കൃത്യമായി നടക്കുകയാണ്‌. ഏതാനും ഉദ്യോഗാർഥികൾ ക്രമക്കേട്‌ നടത്തിയതിന്റെ പേരിൽ പൊലീസ്‌ കോൺസ്‌റ്റബിൾ റാങ്ക്‌ലിസ്‌റ്റ്‌ റദ്ദാക്കാൻ ആലോചിച്ചിട്ടില്ലെന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയിൽനിന്നുണ്ടായ പരാമർശം യുക്തിസഹമല്ല. പിഎസ്‌സി കക്ഷിയല്ലാത്ത കേസിൽ നോട്ടീസ്‌ നൽകുകയോ അഭിപ്രായം തേടുകയോ ചെയ്യാതെയാണ്‌ കോടതി നടപടി. പിഎസ്‌സിയുടെ ഉത്തരക്കടലാസ്‌ പ്രതിയുടെ വീട്ടിൽനിന്ന്‌ കണ്ടെത്തിയെന്നാണ്‌ വിധിയിലെ പരാമർശം. ഇത്‌ തെറ്റാണ്‌. പരാമർശം നീക്കാൻ നിയമപരമായ മാർഗങ്ങൾ തേടും. ചെയ്യാത്ത തെറ്റിനാണ്‌ പിഎസ്‌സിയെ ചില കേന്ദ്രങ്ങൾ വേട്ടയാടുന്നത്‌. ഉദ്യോഗാർഥികൾ നടത്തിയ ക്രമക്കേടിനെ പിഎസ്‌സി തട്ടിപ്പെന്ന വാക്കുപയോഗിച്ച്‌  അവതരിപ്പിക്കുന്നത്‌ ഗൂഢാലോചനയാണ്‌. ഒന്നരക്കോടിയോളം അപേക്ഷകരെയും അവരുടെ കുടുംബങ്ങളെയുമാകെ ആശങ്കയിലാക്കാനാണ്‌ നീക്കം. ഈ ഭീതിദമായ പ്രചാരണം പിഎസ്‌സിയെ  സഹായിക്കുന്ന ഇൻവിജിലേറ്റർമാരും ചോദ്യകർത്താക്കളും ഉൾപ്പെടെയുള്ള വലിയ വിഭാഗത്തെ സംശയനിഴലിലാക്കും. കെഎഎസ്‌ ഉൾപ്പെടെയുള്ള പരീക്ഷകൾ മികച്ച രീതിയിൽ നടത്താനുള്ള തയ്യാറെടുപ്പിനെ തടസ്സപ്പെടുത്താനുള്ള ഗൂഢനീക്കമാണിത്‌.  ക്രൈംബ്രാഞ്ചിൽ പിഎസ്‌സി പരാതിക്കാർ മാത്രമാണ്‌. പിഎസ്‌സിക്കെതിരെയല്ല അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top