20 November Wednesday

പൊലീസ് നായകള്‍ക്കായി തൃശൂരിൽ അഭ്യാസ പാര്‍ക്ക്

സി എ പ്രേമചന്ദ്രൻUpdated: Sunday Aug 4, 2019


പൊലീസ് നായകൾക്കും ഇനി കളിച്ചുല്ലസിക്കാം, ചാടി മറിയാം,  കൊച്ചു തുരങ്കത്തിലൂടെ കടക്കാം,  കുന്നിൻ ചരിവുപോലെ കയറിയിറങ്ങാം. പൊലീസ് നായകളുടെ പരിശീലനത്തിന് കരുത്തേകാൻ തൃശൂരിൽ സാഹസിക അഭ്യാസ പാർക്ക് സ്ഥാപിക്കും.

വൈവിധ്യമാർന്ന കളിയുപകരണങ്ങളും സാഹസിക ഉപകരണങ്ങളും വഴി നായകളുടെ ആരോഗ്യശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്താദ്യമായി പൊലീസ് അക്കാദമിയിലെ ഡോഗ് ട്രെയിനിങ് സ്കൂളിലാണ്  പാർക്ക് നിർമിക്കുന്നത്.

തുരങ്കം, ഗോളം, സീസോ, റിങ്‌ തുടങ്ങി  വൈവിധ്യമാർന്ന അഭ്യാസങ്ങൾക്കുള്ള 13  ഉപകരണങ്ങളാണ് ആറ്‌ ലക്ഷം രൂപ ചെലവിൽ  സ്ഥാപിക്കുക. ഇത് സംബന്ധിച്ച് പഠനം നടത്തിയതായും രാജ്യത്തെ മികച്ച പാർക്ക് സ്ഥാപിക്കാനാണ്‌ ശ്രമമെന്നും അക്കാദമി ഔട്ട്ഡോർ വിഭാഗം അസി. ഡയറക്ടർ റെജി ജേക്കബ് പറഞ്ഞു.

പൊലീസ് അക്കാദമിയിലെ ഡോഗ് ട്രെയിനിങ് സ്കൂളിൽ ലാബ്രഡോർ വിഭാഗത്തിലെ എട്ട്‌ നായകളാണുള്ളത്. ഇവർക്ക് മയക്കുമരുന്ന് മണത്തറിയാനുള്ള പരിശീലനമാണ് നൽകുന്നത്. യുപിയിൽ ഈയിടെ നടന്ന ദേശീയ പൊലീസ് ഡ്യൂട്ടിമീറ്റിൽ നാർക്കോട്ടിക് വിഭാഗത്തിൽ  അക്കാദമി പരിശീലിപ്പിച്ച കാസർകോട് ജില്ലയിലെ ബഡി സ്വർണം നേടിയത് അക്കാദമിയിലെ പരിശീലന മികവ് തെളിയിക്കുന്നു.

ദുരന്തങ്ങളിൽ ‘മണത്ത്‌’ സഹായിക്കും
ദുരന്തങ്ങളിൽ മനുഷ്യൻ മണ്ണിനടിയിൽപെട്ടാൽ മണത്തു കണ്ടുപിടിക്കാനും നായകളെ പരിശീലിപ്പിക്കുന്നുണ്ട്‌. ദുരന്തനിവാരണ സേനകൾക്ക് സഹായമാവുന്ന പരിശീലന പദ്ധതിയും കേരള പൊലീസ് അക്കാദമിയിൽ ഒരുങ്ങുന്നു. സർച്ച് ആൻഡ്‌ റസ്ക്യൂ ഡോഗ്, കാടവർ ഡോഗ് എന്നീ വിഭാഗങ്ങളെ ഡോഗ് ട്രെയിനിങ് സ്കൂൾ വഴി പരിശീലിപ്പിക്കാനാണ് നിർദേശം. മണ്ണിനടിയിലും ജീവനുള്ളവരുടെയും മരിച്ചവരുടെയും ശരീരത്തിൽനിന്ന് പുറത്തുവരുന്ന ഗന്ധം, നേരിയ ശബ്ദം, ശ്വാസം എന്നിവ  നായ്ക്കൾക്ക് തിരിച്ചറിയാം. മനുഷ്യരുടെ നഖം, പല്ല്, എന്നിവ വഴി മണം പിടിപ്പിച്ചും ശാസ്ത്രീയ പരിശീലനം വഴിയുമാണ് നായ്ക്കളെ ഇതിന് പ്രാപ്തരാക്കുന്നത്.  ആദ്യഘട്ടത്തിൽ അഞ്ച് നായകൾക്ക് പരിശീലനം നൽകും.


പ്രധാന വാർത്തകൾ
 Top