23 May Thursday

എസ്‌‌സി- എസ്ടി നിയമം: ഭരണഘടനയുടെ ഒമ്പതാം പട്ടികയിലാക്കാണം - സിപിഐ എം

എം പ്രശാന്ത്Updated: Saturday Aug 4, 2018

‌ന്യൂഡൽഹി > പട്ടികജാതി‐വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽനിയമം ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. നിയമം ദുർബലപ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന ഭേദ​ഗതിബിൽ നടപ്പുസമ്മേളനത്തിൽ പാസാക്കണം. ഭാവിയിലെ കോടതി ഇടപെടലിൽനിന്ന് സംരക്ഷിക്കാനാണ‌് നിയമത്തെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തണമെന്ന‌് ആവശ്യപ്പെടുന്നതെന്ന‌് രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗതീരുമാനങ്ങൾ വിശദീകരിച്ച‌് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യവ്യാപക പ്രതിഷേധങ്ങളെതുടർന്നാണ് വൈകിയെങ്കിലും ഭേദഗതിബിൽ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതമായതെന്നും യെച്ചൂരി പറഞ്ഞു.

എസ്സി‐എസ്ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കുമ്പോൾ അന്വേഷണശേഷമേ അറസ്റ്റ‌് പാടുള്ളൂ എന്നതടക്കം പല പുതിയ വ്യവസ്ഥകളും  സുപ്രീംകോടതി അടുത്തിടെ കൊണ്ടുവന്നു. ഇതിനെതിരെ ദളിത് സംഘടനകളും ഇടതുപക്ഷ പാർടികളും മറ്റും ശക്തമായി രംഗത്തുവന്നിട്ടും കോടതിവിധി മറികടക്കാൻ നടപടികളിലേക്ക് കടക്കാൻ കേന്ദ്രം തയ്യാറായില്ല. മോഡിസർക്കാരിന്റെ ദളിത്വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടിന് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭാരത് ബന്ദ് സംഘടിപ്പിച്ചു. ബന്ദിനിടെ മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ദളിത് സംഘടനാ പ്രവർത്തകരെ സംഘപരിവാർ  വ്യാപകമായി ആക്രമിച്ചു.

  ദളിത് സംഘടനകൾ ആഗസ്ത് ഒമ്പതി‌ന‌് വീണ്ടും ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതോടെയാണ് വൈകിയെങ്കിലും ഭേദഗതി ബിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറായത്. എൻഡിഎയിലെ ഘടകകക്ഷികളടക്കം മോഡിസർക്കാരിന്റെ ദളിത് വിരുദ്ധ നിലപാടിനെതിരെ രംഗത്തുവന്നു. ബിൽ കൊണ്ടുവന്നെങ്കിലും ഭേദഗതിനിയമം ഭരണഘടനയുടെ ഒമ്പതാംപട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ സർക്കാർ മൗനംപാലിക്കുകയാണ്. നിയമനിർമാണസഭകൾ കൊണ്ടുവരുന്ന നിയമങ്ങളെ ജുഡീഷ്യറിയുടെ ഇടപെടലുകളിൽനിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഒമ്പതാംപട്ടിക. വിവാദ ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധനാഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഒമ്പതാംപട്ടികയുടെ സംരക്ഷണമില്ലെങ്കിൽ വീണ്ടും കോടതി ഇടപെടലിന് സാഹചര്യമൊരുങ്ങും.

ഏപ്രിൽ രണ്ടിന്റെ ബന്ദുമായി ബന്ധപ്പെട്ട് തടങ്കലിലായ എല്ലാവരെയും വിട്ടയക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബന്ദ് ദിനത്തിൽ അക്രമം നടത്തിയവർ സ്വതന്ത്രരായി വിഹരിക്കുകയാണ്. ദളിത് ജനവിഭാഗങ്ങൾക്കെതിരായി അക്രമം സംഘടിപ്പിച്ചവർക്ക് ശിക്ഷ ഉറപ്പാക്കണം.
രാജ്യത്തെ കർഷകരും കർഷകത്തൊഴിലാളികളും ആഗസ്ത് ഒമ്പതിന് പ്രഖ്യാപിച്ച ജയിൽ നിറയ്ക്കൽ സമരത്തിന് പൊളിറ്റ്ബ്യൂറോ പിന്തുണ പ്രഖ്യാപിച്ചു. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ എഴുതിത്തള്ളുക, കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടി അധികമായി മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വനാവകാശനിയമം ഉറപ്പാക്കുക, കർഷകത്തൊഴിലാളികൾക്ക് 5000 രൂപ കുറഞ്ഞ പെൻഷൻ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

തൊഴിലാളികളും കർഷകരും  കർഷകത്തൊഴിലാളികളും സെപ്തംബർ അഞ്ചിന് ഡൽഹിയിൽ നിശ്ചയിച്ച മഹാറാലിക്കും പിബി പിന്തുണ അറിയിച്ചു. ചങ്ങാത്ത മുതലാളിത്തത്തിലൂടെ വൻകിട കോർപറേറ്റുകൾ കൊള്ളലാഭം നേടുമ്പോൾ കർഷകരും തൊഴിലാളികളും കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു. കോർപറേറ്റ് അനുകൂല ഭരണനയത്തിനെതിരായ പ്രതിഷേധംകൂടിയായി സെപ്തംബർ അഞ്ചിന്റെ റാലി മാറുമെന്നും യെച്ചൂരി പറഞ്ഞു. 

പ്രധാന വാർത്തകൾ
 Top