05 August Wednesday

സംസ്ഥാനത്ത്‌ ഭക്ഷ്യക്ഷാമമില്ല: മന്ത്രി തിലോത്തമന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


കൊച്ചി
സംസ്ഥാനത്ത്‌ ഭക്ഷ്യക്ഷാമമില്ലെന്ന്‌ മന്ത്രി പി തിലോത്തമൻ. മൂന്നുമാaസത്തേക്ക്‌ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സംഭരിച്ചിട്ടുണ്ട്‌. ആറുമാസത്തേക്ക്  പൊതുവിതരണത്തിനാവശ്യമായ അരിയും കരുതിയിട്ടുണ്ട്‌. കോവിഡ്‌–-19 ഉൾപ്പെടെ ഏത്‌ പ്രതികൂല സാഹചര്യവും നേരിടാൻ വകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നവീകരിച്ച എട്ട് സപ്ലൈകോ വിൽപ്പനശാലകൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓൺലൈൻ കച്ചവടത്തിന്‌ എറണാകുളം നഗരത്തിലൊരുക്കിയ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കും. വാതിൽപ്പടി വിതരണ സംവിധാനത്തിനാണ് ഇനി കൂടുതൽ അവസരം. സർക്കാർ ഭരണത്തിലെത്തുമ്പോൾ 38 പഞ്ചായത്തുകളിൽ വിൽപ്പനകേന്ദ്രങ്ങളില്ലായിരുന്നു. നാലുവർഷത്തിനുള്ളിൽ 25 വിൽപ്പനശാലകൾ ആരംഭിച്ചു. അവശേഷിക്കുന്ന 13 പഞ്ചായത്തുകളിൽ ഉടൻ തുടങ്ങും. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സാധാരണയേക്കാൾ ഇരട്ടി സാധനങ്ങൾ വിതരണം ചെയ്തു.

പൊതുവിതരണ ഉൽപ്പന്നങ്ങളിൽ സബ്സിഡിയുള്ളവയ്ക്ക് വില കൂട്ടിയിട്ടില്ല. 17 വിഭവങ്ങളടങ്ങിയ  അതിജീവനകിറ്റ് നൽകി. സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിങ്ങനെ പൊതുവിതരണത്തിന്‌ 1500 ഔട്ട്‌ലെറ്റുകളുണ്ട്. പുതിയ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു. എറണാകുളം സപ്ലൈകോ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സപ്ലൈകോ  ചെയർമാൻ ആൻഡ്‌ മാനേജിങ്‌ ഡയറക്ടർ ഡോ. ബി അശോക് അധ്യക്ഷനായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top