15 July Wednesday

ഓൺലൈൻ പഠനം : വിജ്ഞാനവലയിൽ കണ്ണിചേർന്ന്‌ ആദിവാസി ഊരുകളും

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

ചേലാട്‌ ബ്ലോക്ക്‌ റിസോഴ്‌സ്‌ സെന്ററിൽ തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്‌മുറി


കൊച്ചി
കുട്ടമ്പുഴയിൽനിന്ന്‌ ബ്ലാവന കടത്തിറങ്ങി മീങ്കുളം, വാര്യംകുടി, തേര തുടങ്ങിയ ആദിവാസി ഊരുകളിലേക്ക്‌ എത്തിപ്പെടാൻ 4500 രൂപയോളം ജീപ്പുവാടക നൽകണം. കാട്ടുപാത പിന്നിട്ട്‌ ഒരുവിധം അവിടേക്കെത്തിയാൽ അന്നുതന്നെ മടക്കയാത്ര അസാധ്യം. വൈദ്യുതിപോലുമെത്താത്ത ഉൾക്കാട്ടിലെ എട്ടോളം ആദിവാസിക്കുടികളിലുള്ളത്‌ നൂറിലേറെ കുടുംബങ്ങൾ. അതിൽ വിവിധ ക്ലാസുകളിലായി പഠിക്കുന്ന അമ്പതിലേറെ വിദ്യാർഥികൾ. ലോക്ക്‌ഡൗൺ കാലത്ത്‌ ഇവർക്ക്‌ പഠനസൗകര്യമൊരുക്കൽ അസാധ്യമെന്ന് പറഞ്ഞ്‌‌ പലരും എഴുതിത്തള്ളിയതാണ്‌. എന്നാൽ, തദ്ദേശസ്ഥാപനങ്ങളും വിദ്യാഭ്യാസവകുപ്പും ജനപ്രതിനിധികളും കൈകോർത്തപ്പോൾ തടസ്സങ്ങളെല്ലാം നീങ്ങി. അങ്ങനെ നാടിനൊപ്പം ഓൺലൈൻ പഠനത്തിൽ കണ്ണിചേരുകയാണ്‌ കുട്ടമ്പുഴ പഞ്ചായത്തിലെ 14 ആദിവാസി ഊരുകളും.

സംസ്ഥാനത്ത്‌ ഓൺലൈൻ പഠനത്തിന്‌ ഫസ്‌റ്റ്‌ ബെൽ മുഴങ്ങുന്നതിന്‌ വളരെ മുമ്പേ ആദിവാസി ഊരുകളെയും കണ്ണിചേർക്കാൻ ശ്രമം തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി പഞ്ചായത്തിലെ 12 സ്‌കൂളുകളിലും അഞ്ചു ബദൽ സ്‌കൂളുകളിലും പഠിക്കുന്ന ആദിവാസിവിദ്യാർഥികളിൽ ടിവി, കേബിൾ, ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്തവരുടെ വിവരം ശേഖരിച്ചു.  അഞ്ചുകുടി, എളംബ്ലാശേരി, പിണവൂർകുടി, മാമലക്കണ്ടം, വെള്ളാരംകുത്ത്‌, മണികണ്‌ഠൻചാൽ, ആനന്ദംകുടി തുടങ്ങിയ ഊരുകളിലെ 211 കുടുംബങ്ങളിലായി 123 കുട്ടികളുള്ളതായി കണ്ടെത്തി. ഇതിൽ 30 പേർക്ക്‌ ടിവിയോ ഫോൺസൗകര്യമോ ഉണ്ട്‌.  എത്തിപ്പെടാൻ പ്രയാസമുള്ള വാരിയംകുടി,  മാപ്പിളക്കുടി, മാങ്കുളംകുടി, കുഞ്ചിപ്പാറ, തേര, തലവച്ചപാറ തുടങ്ങിയ ഊരുകളിലെ 113 കുടുംബങ്ങളിലെ 55 വിദ്യാർഥികളിൽ ഏതാനുംപേർക്ക്‌ ടെലിവിഷനുണ്ടെങ്കിലും കേബിളോ ഇന്റർനെറ്റോ ഇല്ല.  ഈ പരിമിതികളെ മറികടന്ന്‌ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന്‌ സൗകര്യമൊരുക്കാനുള്ള കൂടിയാലോചനകളാണ്‌ പിന്നീട്‌ നടന്നത്‌.

പൊതുവിദ്യാഭ്യാസവകുപ്പ്, എസ്‌എസ്‌എ, പട്ടികവർഗ വികസനവകുപ്പ് അധികൃതർ, എസ്ടി പ്രൊമോട്ടർമാർ, പ്രഥമാധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ യോഗം ചേർന്ന്‌ സ്‌കൂൾതല ഓൺലൈൻ പഠന ഫീഡ്ബാക്കുകൾ ശേഖരിച്ചു. ക്ലാസ്‌തല വാട്സാപ് കൂട്ടായ്മ രൂപീകരിച്ചു. തുടർന്ന്‌ പഞ്ചായത്ത് വിദ്യാഭ്യാസസമിതി ചേർന്ന്, എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയിലെ കുടികളിലുള്ള കുട്ടികൾക്കായി എട്ട്‌ അയൽപക്ക പഠനകേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചു. ഒരാഴ്‌ചക്കാലം വിക്‌ടേഴ്‌സ്‌ ചാനൽ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ റെക്കോഡ്‌ ചെയ്‌ത്‌ അവിടെ‌ എത്തിച്ച്‌ പഠനകേന്ദ്രത്തിൽ കുട്ടികൾക്കായി പ്രദർശിപ്പിക്കും‌. ആ പ്രദേശത്തെ തെരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് ഇത്‌ നടപ്പാക്കുന്നത്‌. പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായി ഒരുക്കുന്ന അയൽപക്ക പഠനകേന്ദ്രങ്ങളിലേക്കുള്ള ലാപ്‌ടോപ്, പ്രൊജക്ടർ, പരിശീലന സാമഗ്രികൾ എന്നിവ ബിആർസിയാണ്‌ നൽകിയത്‌. ശനിയാഴ്‌ചമുതൽ ഈ ക്ലാസുകൾ തുടങ്ങുമെന്ന്‌ ബിആർസി കോ–-ഓർഡിനേറ്റർ പി ജ്യോതിഷ്‌ അറിയിച്ചു.

എളംബ്ലാശേരി, അഞ്ചുകുടി, മാമലക്കണ്ടം, മേട്ട്‌നാപ്പാറ തുടങ്ങിയ പ്രദേശങ്ങളിലുള്ള, പഞ്ചായത്തിന്റെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ്‌ ബാക്കിയുള്ള കുടികളിലെ കുട്ടികൾക്ക്‌ പഠനസൗകര്യം ഒരുക്കിയിട്ടുള്ളത്‌. എസ്ഇഎസ്ടി വകുപ്പ്‌ സമൂഹപഠനമുറി, താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിലെ മൂന്നു പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിൽ ഇതിന്റെ ഭാഗമായി സൗകര്യങ്ങളൊരുക്കി. കോതമംഗലത്ത്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ഉച്ചഭക്ഷണം ഉൾപ്പെടെ സൗകര്യങ്ങളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ റഷീദ സലിം പറഞ്ഞു. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി ആന്റണി ജോൺ എംഎൽഎ രംഗത്തുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top