20 August Tuesday

വിലങ്ങുമായി രക്ഷപ്പെട്ട കോൺഗ്രസ‌് പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019


​ഗുരുവായൂർ
ഗുരുവായൂരിൽ യൂത്ത് കോൺ​ഗ്രസുകാർ പൊലീസ്  ജീപ്പ്  തടയുന്നതിനിടെ വിലങ്ങുമായി ഓടിരക്ഷപ്പെട്ട  കോൺഗ്രസ് പ്രവർത്തകൻ അറസ‌്റ്റിൽ. കവർച്ചക്കേസിലേയും  കോൺഗ്രസ് നേതാവ് ഹനീഫവധക്കേസിലേയും പ്രധാന പ്രതിയാണ‌് ഇയാൾ.

തിരുവത്ര കൊപ്പരവീട്ടിൽ ഫസലുദ്ദീനെയാണ‌്  ഗുരുവായൂർ പൊലീസ് പരപ്പനങ്ങാടിയിൽനിന്ന‌് അറസ്റ്റ് ചെയ‌്ത‌ത‌്. നെടുമ്പാശേരി എയർപോർട്ടിൽനിന്നും വരുന്ന പ്രവാസികളുടെ വാഹനങ്ങൾ തടഞ്ഞ്   സ്വർണവും പണവും കവർന്നതിന്  ഇയാളെ മാർച്ച് 12ന് ചാലക്കുടി പൊലീസ് ഗുരുവായൂരിൽനിന്നും പിടികൂടിയിരുന്നു. ​ഗുരുവായൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ മുതുവട്ടൂർ ഗുരുവായൂർ റോഡിൽ ചാവക്കാട് ഹയർസെക്കൻഡറി സ്കൂളിന് പിന്നിൽവച്ച്  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ  അൽത്താഫ്, മിത‌്‌ലജ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘമാളുകൾ ജീപ്പ് തടഞ്ഞ‌് ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കം നടക്കുന്നതിനിടെ കൈയിൽ വിലങ്ങുമായി ഫസലുദ്ദീൻ ഓടിരക്ഷപ്പെടുകയായിരുന്നു.  രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ കേസെടുത്തിരുന്നു.  ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ‌് ഫസലുദ്ദീൻ പിടിയിലായത്. ഹനീഫയുടെ  കൊലപാതകം അടക്കം 20ഓളം കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സിഐ സി പ്രേമാനന്ദകൃഷ്ണൻ, എസ്ഐ  കെ എൻ  മനോജ്, സീനിയർ സിപിഒ ടി ആർ ഷൈൻ, സിപിഒമാരായ പി ടി പ്രിയേഷ്, സി എസ് മിഥുൻ, മനോജ്, നിഥിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ‌് ചെയ്തു.
 


പ്രധാന വാർത്തകൾ
 Top