23 April Friday

എളംകുളം വളവിൽ വീണ്ടും അപകടം: യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021


കൊച്ചി
വൈറ്റില–-കടവന്ത്ര റോഡിൽ എളംകുളം വളവിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൊടുപുഴ കരിങ്കുന്നം മൊടക്കൽ സനിൽ സത്യനാണ്‌ (21)  മരിച്ചത്. പരിക്കേറ്റ തൊടുപുഴ വഴിത്തല സ്വദേശി സനൽ സജി (21) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ്. ഒരാഴ്ചമുമ്പ് ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചിരുന്നു. എട്ടുമാസത്തിനിടെ പത്താമത്തെയാളാണ്‌ ഇവിടെ അപകടത്തിൽ മരിക്കുന്നത്‌.

ബുധനാഴ്ച രാവിലെ 6.10ഓടെ ബൈക്ക് റോഡരികിലെ കാനയുടെ സ്ലാബിൽ ഇടിച്ച്‌ മറിഞ്ഞായിരുന്നു അപകടം. മൂന്നുപേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. സനിൽ സത്യൻ സംഭവസ്ഥലത്തുതന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. സനൽ സജിയാണ് ബൈക്ക് ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന മനു പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എളംകുളത്തെ നെറ്റ്‌വർക്ക് അക്കാദമി വിദ്യാർഥികളാണ് ഇവർ. എളംകുളത്തെ ഹോസ്റ്റലിലാണ് മൂവരും താമസിച്ചിരുന്നത്. വേഗംകൂടി നിയന്ത്രണം വിട്ടതാണ്‌ അപകടകാരണമെന്ന്‌‌ പ്രാഥമിക നിഗമനം. മൃതദേഹം  എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ.  
എളംകുളം കുടുംബി കോളനി ചാത്തേടത്ത് വേണുവിന്റെ മകൻ വിശാൽ (25), സുരേന്ദ്രന്റെ മകൻ സുമേഷ് (24) എന്നിവരാണ് ഫെബ്രുവരി 25-ന് മരിച്ചത്.

അപകടങ്ങൾ തുടർക്കഥ
എളംകുളം മെട്രോ സ്റ്റേഷനുസമീപം വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. എട്ടുമാസത്തിനിടെ 10 ജീവനുകളാണ് സഹോദരൻ അയ്യപ്പൻ റോഡിലെ മെട്രോ 825–--ാംനമ്പർ തൂണിനുസമീപം പൊലിഞ്ഞത്‌. രാത്രികളിലുണ്ടാകുന്ന അപകടത്തിന്‌ അമിത വേഗത്തിനും അശ്രദ്ധയ്‌ക്കുമൊപ്പം റോഡിന്റെ ചരിവും കാരണമാകുന്നുണ്ടെന്ന പരാതിയെ തുടർന്ന്‌ റോഡുഘടനയിൽ മാറ്റംവരുത്താൻ വിദഗ്‌ധ പഠനം നടത്തും. ഇതിനായി നാറ്റ്പാക്‌, റോഡ് സേഫ്ടി അതോറിറ്റി എന്നിവയ്‌ക്ക് പൊലീസ്‌ കത്തു നൽകി.

അപകടങ്ങൾ പതിവായതിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഷാജി മാധവനും കെഎംആർഎൽ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. റോഡുനിർമാണത്തിൽ പാകപ്പിഴകൾ ഇല്ലെന്നായിരുന്നു ഇവരുടെ പ്രാഥമിക നിഗമനം. ആർടിഒ ഉദ്യോഗസ്ഥരും പരിശോധന നടത്തി. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ പോകുന്ന ബൈക്കുകൾ അപകടത്തിൽപ്പെടുന്നില്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.

അതേസമയം, എട്ടുമാസത്തിനുള്ളിലാണ്‌ ഇവിടെ 10 അപകടമരണവും നടന്നത്‌. നാലുമാസത്തിനിടയിൽ ആറുപേർ മരിച്ചു. അപകടങ്ങളെ തുടർന്ന് പൊലീസ് വലിയ മുൻകരുതലെടുത്തിരുന്നു. രാത്രി കടവന്ത്ര ജങ്ഷനുസമീപം ട്രാഫിക്‌ പൊലീസും കൺട്രോൾ റൂം ഉദ്യോഗസ്ഥരും നിൽക്കുകയും ചെയ്തു. എസ്എ റോഡിലൂടെ വൈറ്റിലയിലേക്ക്‌ പോകുന്നവർക്ക് അപകടവളവിനെക്കുറിച്ച് ബോധവൽക്കരണം നടത്തി. പൊലീസ് സംഘം അപകടവളവിനുസമീപത്തുനിന്ന് ചുവന്ന ലൈറ്റ് തെളിച്ച് അപകടപ്രദേശമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.  അപകടത്തൂണിനുസമീപം റിഫ്ലക്ടർ സ്റ്റഡുകൾ പിടിപ്പിച്ചു. തൂണുകളിൽ കറുപ്പും മഞ്ഞയും വരകളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അപകടങ്ങൾ കുറയുന്നില്ല. തുടർന്നാണ്‌ വിശദപഠനത്തിന്‌ ട്രാഫിക്‌ പൊലീസ്‌ മറ്റ്‌ ഏജൻസികൾക്ക്‌ കത്തയച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top