06 December Friday

പട്ടിണിമൂലം മക്കൾ മണ്ണ്‌ തിന്നിട്ടില്ല: ശ്രീദേവി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

ശ്രീദേവിക്ക്‌ തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിയമന ഉത്തരവ്‌ കൈമാറുന്നു


പട്ടിണിയെ തുടർന്ന്‌ കുട്ടികൾ മണ്ണ്‌ തിന്നുവെന്ന്‌ പറയുന്നത്‌ ശരിയല്ലെന്ന്‌ ശ്രീദേവി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഒരു കുട്ടിക്ക്‌ മണ്ണ്‌ തിന്നുന്ന ശീലമുണ്ട്‌. അതാണ്‌ ചിലർ തെറ്റിദ്ധരിച്ചതെന്നും ശ്രീദേവി പറഞ്ഞു.

താനും സഹോദരനും ബിജെപിക്കാരായതിനാൽ കമ്യൂണിസ്‌റ്റുകാർ കള്ളക്കഥയുണ്ടാക്കുകയാണെന്ന്‌ ഭർത്താവ്‌ കുഞ്ഞുമോൻ ആരോപിച്ചു.

പട്ടിണിയെ തുടർന്ന്‌ കുട്ടികൾ മണ്ണ്‌ തിന്നുന്നുവെന്ന വാർത്ത വ്യാജമാണെന്ന്‌ സ്ഥലം സന്ദർശിച്ച ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ പി സുരേഷ്‌ പറഞ്ഞു.


ശ്രീദേവിക്ക്‌ നഗരസഭയിൽ ജോലി
തിരുവനന്തപുരം
കൈതമുക്ക്‌ റെയിൽവേ പുറമ്പോക്കിലെ ശ്രീദേവിയുടേയും പറക്കമുറ്റാത്ത ആറ്‌ മക്കളുടേയും ദുരിത ജീവിതത്തിന്‌ അറുതി.  ശ്രീദേവിക്ക്‌ നഗരശുചീകരണ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നൽകി. നിയമന ഉത്തരവ്‌ മേയർ  കെ ശ്രീകുമാർ പൂജപ്പുര മഹിളാ മന്ദിരത്തിൽ നേരിട്ടെത്തി  കൈമാറി.
കരിമഠം, കരമന തുടങ്ങിയ സ്ഥലങ്ങളിൽ നഗരസഭ നിർമിക്കുന്ന ഫ്‌ളാറ്റകളിലൊന്നിൽ ഇവർക്ക്‌ വീട്‌ നൽകും. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ നഗരസഭ ഏറ്റെടുക്കും. കൈതമുക്ക്‌ റെയിൽവേ പുറമ്പോക്കിൽ കഴിയുന്ന മറ്റ്‌ 12 കുടുംബങ്ങളെക്കൂടി പുനരധിവസിപ്പിക്കാനും നഗരസഭ അടിയന്തിര നടപടി സ്വീകരിക്കുമെന്ന്‌ മേയർ വ്യക്തമാക്കി.

സിപിഐ എം–-ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ വിഷയത്തിൽ ആദ്യം ഇടപെട്ടത്‌. അവർ വിവരം അറിയിച്ചതിനെ തുടർന്ന്‌ നാല്‌ കുട്ടികളെ ശിശുക്ഷേമ സമിതിയിലേക്കും ശ്രീദേവിയേയും ഇളയ കുട്ടികളേയും മഹിളാമന്ദിരത്തിലേക്കും മാറ്റുകയായിരുന്നു. ഈ സംഭവത്തെയാണ്‌ മാധ്യമങ്ങൾ ‘കുട്ടികൾ പട്ടിണി മാറ്റാൻ മണ്ണ്‌ തിന്നുന്നു’വെന്ന സർക്കാർ വിരുദ്ധ വാർത്തയാക്കിയത്‌.
 


പ്രധാന വാർത്തകൾ
 Top